| Saturday, 25th February 2023, 8:21 am

ശമ്പളം കൂട്ടിത്തരാമെങ്കില്‍ പി.എസ്.ജിയില്‍ തുടരാമെന്ന് മെസി; എംബാപ്പെയുടെ നേര്‍ പകുതി മൂല്യം പോലും മെസിക്കില്ലെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ ക്ലബ്ബ് ഫുട്‌ബോളിലെ ഭാവി അനിശ്ചിതത്വത്തിലാണ്.

2021ലാണ് ബാഴ്‌സലോണയില്‍ നിന്നും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് മെസി കൂടുമാറ്റം നടത്തുന്നത്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക.

ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും താരം തന്റെ തീരുമാനം അറിയിക്കാത്തതിന്റെ ആശങ്കയിലാണ് പി.എസ്.ജി.

ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ബാഴ്‌സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് താരത്തിന്റെ പിതാവും സഹോദരനും രംഗത്തെത്തിയിരുന്നു. ബാഴ്‌സ പ്രസിഡന്റിനോടുള്ള അടങ്ങാത്ത അമര്‍ഷവും മെസിയുടെ സഹോദരന്‍ പ്രകടിപ്പിച്ചിരുന്നു. താരം ഇനി ബാഴ്‌സയിലേക്ക് തിരിച്ചുപോകില്ലെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

എന്നാല്‍ മെസിയെ സൈന്‍ ചെയ്യിക്കാന്‍ ഇന്റര്‍ മിയാമി രംഗത്തുണ്ടെന്നും താരം പി.എസ്.ജി വിട്ട് പുതിയ ക്ലബ്ബിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഭ്യൂഹങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കെ മെസി പി.എസ്.ജിയില്‍ തന്നെ തുടരുമെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഖത്തറില്‍ ലോകചാമ്പ്യന്‍ഷിപ്പ് നേടിയതിന് ശേഷം മെസി തന്റെ മൂല്യം ഉയര്‍ത്തിയിട്ടുണ്ടെന്നും വേതനത്തില്‍ വര്‍ധനവുണ്ടാക്കിയാല്‍ പി.എസ്.ജിയില്‍ തുടരാമെന്ന് അദ്ദേഹം സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

30 മില്യണ്‍ യൂറോയാണ് പി.എസ്.ജിയില്‍ മെസിയുടെ മൂല്യമെന്ന് നേരത്തെ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു. എട്ട് മില്യണ്‍ യൂറോ അധികരിപ്പിക്കാന്‍ മെസി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെക്ക് പി.എസ്.ജിയില്‍ 72 മില്യണ്‍ യൂറോയാണ് ലഭിക്കുന്നത്.

അങ്ങനെ വരുമ്പോള്‍ മെസിക്ക് 38 മില്യണ്‍ യൂറോ കൊടുത്താല്‍ പോലും എംബാപ്പെക്ക് ലഭിക്കുന്നതിന്റെ പകുതി മാത്രമേ വരൂ എന്നും എംബാപ്പെക്ക് ലഭിക്കുന്ന പരിഗണന പി.എസ്.ജി മെസിക്ക് നല്‍കുന്നില്ലെന്നുമാണ് ആരാകരുടെ വിലയിരുത്തല്‍.

അതേസമയം, ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടം മോഹിച്ചാണ് പി.എസ്.ജി സൂപ്പര്‍താരങ്ങളായ മെസി, എംബാപ്പെ, നെയ്മര്‍ ത്രയത്തെ ക്ലബ്ബിലെത്തിച്ചത്. താരങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലാത്തതിനാല്‍ രണ്ട് പേരെ മാത്രം നിലനിര്‍ത്തി കൊണ്ടുള്ള പദ്ധതികളാണ് പി.എസ്.ജി ആസൂത്രണം ചെയ്യുന്നത്.

മെസിയെയും എംബാപ്പെയെയും നിലനിര്‍ത്തി നെയമറെ വരുന്ന സമ്മര്‍ ട്രാന്‍സഫറില്‍ റിലീസ് ചെയ്യാനാണ് പി.എസ്.ജിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlights: Messi asks for high salary to continue with psg

We use cookies to give you the best possible experience. Learn more