എല്ലാത്തിനും മാപ്പ്; പി.എസ്.ജിയോട് ക്ഷമ ചോദിച്ച് മെസി
Sports News
എല്ലാത്തിനും മാപ്പ്; പി.എസ്.ജിയോട് ക്ഷമ ചോദിച്ച് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th May 2023, 10:32 pm

കായികലോകത്തെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു ലയണല്‍ മെസിയുടെ സൗദി സന്ദര്‍ശനവും അതിന് പിന്നാലെ പി.എസ്.ജി മാനേജ്‌മെന്റ് കൈക്കൊണ്ട കടുത്ത തീരുമാനങ്ങളും.

ടീമിന്റെ അനുവാദമില്ലാതെ പുറത്തുപോയതിന് മെസിയെ ക്ലബ്ബ് സസ്പെന്റ് ചെയിതിരുന്നു. താരത്തെ രണ്ടാഴ്ചത്തേക്ക് മത്സരങ്ങളില്‍ നിന്ന് വിലക്കുകയും അത്രയും ദിവസത്തെ വേതനം റദ്ദാക്കുകയും ചെയ്തിരുന്നു.

ലീഗ് വണ്ണില്‍ ലോറിയന്റിനെതിരായ മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസിയുടെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം. സൗദി അറേബ്യന്‍ ടൂറിസത്തിന്റെ അംബാസഡറായ മെസി പി.എസ്.ജിയോട് അനുവാദം ചോദിച്ചിരുന്നെങ്കിലും താരത്തിന് അനുമതി ലഭിച്ചിരുന്നില്ലെന്നും തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം മെസി സൗദിയിലേക്ക് പോവുകയുമായിരുന്നെന്ന് സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെയാണ് വിവാദ സംഭവം നടന്നതെന്നും സസ്പെന്‍ഷന്‍ കാലാവധി അവസാനിക്കുന്നത് വരെ ക്ലബ്ബില്‍ പരിശീലനം നടത്തുന്നതില്‍ നിന്ന് താരത്തെ വിലക്കിയിട്ടിട്ടുണ്ടെന്നും ടാന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് പിന്നാലെ പി.എസ്.ജി ആരാധകര്‍ പരസ്യമായി രംഗത്തെത്തുകയും താരത്തോട് ക്ലബ്ബ് വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഈ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ ഖേദപ്രകടനവുമായി എത്തിയിരിക്കുകയാണ് ലയണല്‍ മെസി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്.

ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തിലായിരുന്നു തന്റെ യാത്രയെന്നും ഇത് തന്റെ സഹതാരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നുവെന്നും മെസി പറഞ്ഞു.

‘ഞാന്‍ എന്റെ ടീം അംഗങ്ങളോട് ക്ഷമ ചോദിക്കുന്നു. ക്ലബ്ബിന്റെ തീരുമാനമറിയാന്‍ കാത്തിയിരിക്കുകായണ്. എപ്പോഴത്തേയും പോലെ മത്സരശേഷം ഒരു ദിവസം അവധി ലഭിക്കുമെന്ന് കരുതി, അതുണ്ടായില്ല. എന്നാല്‍ ഈ യാത്ര നേരത്തെ തീരുമാനിച്ചതിനാല്‍ അത് മാറ്റിവെക്കാന്‍ സാധിക്കാതെ പോയി,’ വീഡിയോയില്‍ മെസി പറഞ്ഞു.

മെസി മാപ്പ് പറഞ്ഞതോടെ മഞ്ഞുരുകുമോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

Content Highlight: Messi apologize to PSG