ഫ്രഞ്ച് ഫുട്ബോളിലെ ടോപ്പ് ഡിവിഷൻ ലീഗായ ലീഗ് വണ്ണിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിക്കാതെ പതറുകയാണ് പി. എസ്.ജി.
കഴിഞ്ഞ അഞ്ച് ലീഗ് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമേ പി.എസ്.ജിക്ക് വിജയിക്കാൻ സാധിച്ചിരുന്നുള്ളൂ. വലിയ സ്‌ക്വാഡ് ഡെപ്ത്ത് ഉണ്ടായിട്ടും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിക്കാതിരിക്കുന്ന ക്ലബ്ബിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നുമുള്ള രോഷം ശക്തമാണ്.
നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണെങ്കിലും വ്യക്തമായ ഒരു ആധിപത്യം പോയിന്റ് നിലയിൽ സൃഷ്‌ടിക്കാൻ ക്ലബ്ബിന് സാധിച്ചിട്ടില്ല.
എന്നാലിപ്പോൾ പ്രതിരോധ നിരയിലെ പ്രശ്നങ്ങളും താരങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയിലും പതറുന്ന പി.എസ്.ജിക്ക് തലവേദന സൃഷ്‌ടിക്കുന്ന മറ്റൊരു സംഭവം കൂടി ക്ലബ്ബിൽ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരികയാണ്.
മാഴ്സക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടക്കുന്ന പരിശീലന സെഷനുകളിലൊന്നിൽ മെസിയും ക്ലബ്ബിന്റെ യുവതാരമായ വിറ്റീനയും തമ്മിൽ വാക്കുതർക്കമുണ്ടായി എന്ന വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. എൽ എക്യുപ്പെയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പരിശീലന സെക്ഷനിടെ പോർച്ചുഗീസ് യുവ താരമായ വിറ്റിന മെസിയെ ചാലഞ്ച് ചെയ്തെന്നും അത് മെസിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതിനെതുടർന്ന് ഇരുവരും തമ്മിൽ ചെറിയ വാക്ക്തർക്കമുണ്ടായെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
എന്നാൽ മാഴ്സക്കെതിരെയുള്ള നിർണായക മത്സരത്തിന് മുമ്പ് താരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ടീമിന് നല്ലതല്ല എന്ന അഭിപ്രായങ്ങൾ ഉയർന്ന് വരുന്നുണ്ട്.
ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്നും 16 ഗോളുകളും 14 അസിസ്റ്റുകളുമായി മികച്ച പ്രകടനമാണ് മെസി പി.എസ്.ജിക്കായി നടത്തിയിരിക്കുന്നത്. ലോകകപ്പിന് ശേഷം നിറം മങ്ങിയ മെസി ലോസ്ക്ക് ലില്ലിക്കെതിരെയുള്ള മത്സരത്തിൽ ഗോൾ നേടി തിരിച്ചു വന്നിരുന്നു.
23 വയസുള്ള വിനിറ്റൊയെയും പി.എസ്.ജി തങ്ങളുടെ ഭാവി താരമായാണ് കാണുന്നത്. ക്ലബ്ബിനായി 33 മത്സരങ്ങളിൽ ജേഴ്സിയണിയാനും താരത്തിന് സാധിച്ചിട്ടുണ്ട്.
അതേസമയം ജൂണിൽ പി.എസ്.ജിയുമായി കരാർ അവസാനിക്കുന്ന മെസി ക്ലബ്ബ് വിടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു.
നിലവിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളോടെ 57 പോയിന്റുമായി ടേബിളിൽ ഒന്നാം സ്ഥാനത്താണ് പി.എസ്. ജി.
ഫെബ്രുവരി 27നാണ് ചിര വൈരികളായ മാഴ്സക്കെതിരെയുള്ള ക്ലബ്ബിന്റെ ഡെർബി മത്സരം.
Content Highlights:Messi and Vitinha had a heated moment in training after clash reports