മെസി-റൊണാള്‍ഡോ പോരാട്ടം റിയാദില്‍; മാച്ച് ഡീറ്റൈല്‍സ് പുറത്ത്
Football
മെസി-റൊണാള്‍ഡോ പോരാട്ടം റിയാദില്‍; മാച്ച് ഡീറ്റൈല്‍സ് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd January 2023, 1:59 pm

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിലേക്ക് ചേക്കേറിയതിന് പിന്നാലെ അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്കെതിരെ പന്ത് തട്ടുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ചരിത്രപരമായ സൗഹൃദ പോരാട്ടം ജനുവരി 19ന് റിയാദില്‍ നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

റിയാദിലെ മര്‍സൂല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ‘റിയാദ് സീസണ്‍’ സൗഹൃദ ടൂര്‍ണമെന്റിലാണ് പി.എസ്.ജിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറും കളിക്കുക. സൗദിയിലെ രണ്ട് പ്രമുഖ ക്ലബുകളായ അല്‍-നസറിന്റെയും അല്‍-ഹിലാലിന്റെയും ഏറ്റവും മുന്‍നിര താരങ്ങള്‍ അടങ്ങുന്ന ടീമായിരിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്നില്‍ അണിനിരക്കുക.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് അല്‍ നസറുമായി സൈനിങ് നടത്തിയത്. ഇതോടെ താരം ഏത് ക്ലബ്ബില്‍ തുടരുമെന്ന ആരാധകരുടെ കാത്തിരിപ്പിന് വിരാമമിടുകയായിരുന്നു. രണ്ട് വര്‍ഷത്തേക്കാണ് റൊണാള്‍ഡോ ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ഇതാദ്യമായാണ് യൂറോപ്പിന് പുറത്തേക്ക് റോണോ കാല്‍വെപ്പ് നടത്തുന്നത്.

താരം അല്‍ നസറിലെത്തിയതോടെ ക്ലബിന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളുടെ റീച്ചും വര്‍ധിച്ചിട്ടുണ്ട്. റൊണാള്‍ഡോ ടീമിലെത്തുന്നതിന് മുമ്പ് എട്ട് ലക്ഷം പേര്‍ മാത്രമായിരുന്നു ക്ലബ്ബിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നത്.

എന്നാല്‍ റൊണാള്‍ഡോ ടീമില്‍ സൈന്‍ ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ മില്യണ്‍ ആളുകളാണ് അല്‍ നസറിനെ പിന്തുടരുന്നത്. ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ഭീമമായ വര്‍ധനവ് ഇപ്പോഴും തുടരുകയാണ്.

അതേസമയം അല്‍ നസറില്‍ സൈന്‍ ചെയ്തതോടെ റൊണാള്‍ഡോയുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീണിരിക്കുകയാണ്. സ്പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം അസാധ്യ പ്രകടനമാണ് കരിയറില്‍ കാഴ്ചവെച്ചത്.

അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയ റൊണാള്‍ഡോ 140 ഗോളുകള്‍ അക്കൗണ്ടിലാക്കി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും നേടി. ക്ലബ്ബ് ഫുട്ബോളിലും അന്താരാഷ്ട്ര ഫുട്ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പേരും റൊണാള്‍ഡോക്ക് സ്വന്തം.

പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

Content Highlights: Messi and Ronaldo will compete at Riyadh on January 19