ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ആരാണ്? മെസിയോ അതോ റൊണാള്‍ഡോയോ? കാലങ്ങളായി തുടരുന്ന ഈ ഫാന്‍ ഡിബേറ്റിന് ഇനിയും അവസാനമായിട്ടില്ല. ഫുട്‌ബോള്‍ കളിക്കാരും പരിശീലകരും ആരാധകരും പതിവായി നേരിടുന്ന ചോദ്യമാണ് മെസിയാണോ റോണോയാണോ ഗോട്ട് എന്ന്.
ഈ ചോദ്യത്തിന് ഫുട്ബോള്‍ ഇതിഹാസങ്ങളും സൂപ്പര്‍ പരിശീലകരും താരങ്ങളും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. മെസിയോ റോണാള്‍ഡോയോ എന്ന ചോദ്യത്തിന് പെലെ പോര്‍ച്ചുഗല്‍ നായകന്റെ പേര് പറഞ്ഞുപ്പോള്‍ അര്‍ജന്റൈന്‍ നായകനൊപ്പമായിരുന്നു മറഡോണ.
ഈ ചോദ്യം മെസിക്കും റൊണാള്‍ഡോക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന ചോദ്യത്തിന് ‘രണ്ട് പേരും’ എന്നായിരുന്നു റയല്‍ ലെജന്‍ഡിന്റെ മറുപടി.
മെസി മഹാനായ താരമാണെന്നും ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെടാന്‍ പോകുന്ന പേരാണ് മെസിയുടേതെന്നും റൊണാള്‍ഡോ പറഞ്ഞിരുന്നു.
മെസിയല്ലാതെ ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണെന്ന ചോദ്യമായിരുന്നു ആല്‍ബിസെലസ്റ്റ് നായകന് നേരിടേണ്ടി വന്നത്. സ്വയം തെരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്നും ചോദ്യകര്‍ത്താവ് പറഞ്ഞിരുന്നു.
ഈ ചോദ്യത്തിനുത്തരമായി ‘ഒരുപാട് മികച്ച താരങ്ങള്‍ ഫുട്‌ബോളില്‍ ഉണ്ട്. ഉദാഹരണത്തിന് നെയ്മര്‍, എംബാപ്പെ. ഹസാര്‍ഡ്, സുവാരസ്, അഗ്വേറോ…’ മെസി പറഞ്ഞു.
‘താങ്കള്‍ ഒരുപാട് താരങ്ങളുടെ പേര് പറഞ്ഞു, എന്നാല്‍ ഒരാളുടെ പേര് പറയാന്‍ വിട്ടുപോയി. ഏഴാം നമ്പറില്‍ കളിക്കുന്ന ഒരാള്‍…’ എന്ന് ചോദ്യകര്‍ത്താവ് ഓര്‍മിപ്പിച്ചപ്പോള്‍ ഉടന്‍ തന്നെ ക്രിസ്റ്റ്യാനോ എന്ന് മെസി പറയുകയായിരുന്നു.
അദ്ദേഹം തന്നെപ്പോലെ മികച്ച താരമായതിനാലാണ് ഇവരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്താതതിരുന്നത് എന്ന കാര്യവും മെസി വ്യക്തമാക്കി. കയ്യടികളോടെയാണ് മെസിയുടെ വാക്കുകള്‍ ചോദ്യകര്‍ത്താക്കള്‍ സ്വീകരിച്ചത്.
മറ്റേത് താരങ്ങളെക്കാളും എത്രയോ മുകളിലാണ് മെസിയും റൊണാള്‍ഡോയും എന്നായിരുന്നു ഈ ചോദ്യത്തിന് ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗൂസന്റെ മറുപടി. ഇരു താരങ്ങളെയും തമ്മില്‍ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു പെപ് ഗ്വാര്‍ഡിയോള മുമ്പ് പറഞ്ഞത്.
Content Highlight: Messi and Ronaldo’s response on GOAT debate