| Monday, 11th June 2018, 10:01 pm

മെസ്സിയും ക്രിസ്റ്റ്യാനോയും അവസാന ലോകകപ്പിനിറങ്ങുമ്പോള്‍

കമാൽ വരദൂർ

കാല്‍പ്പന്തിലെ സൗന്ദര്യമുഖത്തെ പല വീക്ഷണ കോണുകളില്‍ നിന്നും അളക്കപ്പെട്ടിട്ടുണ്ട്. അതില്‍ അംഗീകാരം ലഭിച്ചത് ഗോളുകള്‍ക്കാണ്. ഗോളുകളാണ് കളിയിലെ സൗന്ദര്യമെന്ന് പറയുന്നവരാണല്ലോ താരങ്ങളെ വാഴ്ത്തുന്നത്. പെലെ നാല് ലോകകപ്പ് കളിച്ചു. പതിനേഴാം വയസ്സില്‍ ആദ്യ ലോകകപ്പില്‍ അദ്ദേഹം പങ്കെടുക്കുന്നു.

സുന്ദരമായ ഗോളുകള്‍ നേടുന്നതോടെ പെലെയിലെ മികവ് ഗോളിന്റെ ദിശാ കോണിലാണ് സൗന്ദര്യവല്‍ക്കരിക്കപ്പെട്ടത്. 1958 ലെ ലോകകപ്പ് ദര്‍ശിച്ചവര്‍ പെലെയെ രണ്ട് ദിശയില്‍ കണ്ടു. ഒന്ന്, ഒരു ടീനേജര്‍. രണ്ട് സുന്ദരമായ ഗോള്‍വേട്ടക്കാരന്‍. 58 ല്‍ സ്വീഡനിലായിരുന്നു ലോകകപ്പ്. പെലെ പങ്കെടുത്തത് കാലിലെ പരുക്കുമായി. വേദനയുള്ള കാലുമായി ഒരു ടീനേജര്‍ ലോകകപ്പ് വേദിയില്‍ പന്ത് തട്ടുമ്പോള്‍ ക്യാമറയും വാര്‍ത്തകളും ആ താരത്തിനൊപ്പം പോയത് സ്വാഭാവികം.

ലോകകപ്പിന്റെ സെമിയില്‍ ഫ്രാന്‍സിനെ പോലെ ശക്തരായ പ്രതിയോഗികള്‍ക്കെതിരെ പരുക്കോടെ കളിച്ചിട്ടും ഹാട്രിക് നേടുക എന്ന വലിയ വാര്‍ത്തയിലൂടെ ലോകം പെലെയിലെ താരത്തെ ശ്രദ്ധിച്ചു. അടുത്ത രണ്ട് ലോകകപ്പിലും അദ്ദേഹത്തിന് പരുക്ക് കാരണം ശക്തമായ ഇടപെടലിന് കഴിഞ്ഞില്ലെങ്കിലും പെലെ കളിക്കുമ്പോള്‍ അതായിരുന്നു വാര്‍ത്ത. കളിക്കാതിരുന്നപ്പോഴും വാര്‍ത്തകളില്‍ അദ്ദേഹം നിറഞ്ഞു. 1970 ലെ മെക്സിക്കന്‍ ലോകകപ്പിലെ പെലെ പ്രായത്തിലും വിസ്മയമായിരുന്നു.

പെലെ ഗോളുകളിലാണ് ചര്‍ച്ച ചെയ്യപ്പെട്ടതെങ്കില്‍ 1.65 മീറ്റര്‍ മാത്രം ഉയരമുള്ള ഡിയാഗോ മറഡോണ ലോകത്തോളം വളര്‍ന്നതിലെ അടിത്തറ അദ്ദേഹത്തിന്റെ സമീപനത്തിലായിരുന്നു. മൈതാനത്തെ അളക്കുന്ന ഗെയിമായിരുന്നു പ്രധാന സവിശേഷത. പാസുകള്‍, പന്തിലെ നിയന്ത്രണം, ഡ്രിബ്ളിംഗ് ശക്തി, വേഗതയും, റിഫള്കഷനുമെല്ലാമായപ്പോള്‍ അദ്ദേഹം ഫുട്ബോളിലെ ടോട്ടല്‍ രൂപമായി.

ഒരു താരത്തിന് ഗെയിമിനെ ഏത് വിധം നിയന്ത്രിക്കാമെന്നതായിരുന്നു പെലെയില്‍ നിന്നും മറഡോണയിലേക്ക് വരുമ്പോഴുള്ള വലിയ മാറ്റം. നാല് ലോകകപ്പുകള്‍ പെലെയെ പോലെ മറഡോണയും കളിച്ചിരിക്കുന്നു. 1986 ലെ മെക്സിക്കോ ലോകകപ്പും ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലും ദൈവത്തിന്റെ ഗോളും പിന്നെ അഞ്ച് പേരെ മറികടന്നുള്ള അതിമനോഹര ഗോളുമാണ് മറഡോണയിലെ താരത്തിലെ പ്രധാന ഹൈലൈറ്റ്.

ആ ലോകകപ്പ് അദ്ദേഹം രാജ്യത്തിന് സമ്മാനിച്ചിരുന്നു. പക്ഷേ അതായിരുന്നില്ല ചര്‍ച്ച-ഒരു മല്‍സരത്തെ സ്വാധീനിക്കാന്‍ മാത്രം അദ്ദേഹം പ്രയോഗിച്ച തന്ത്രങ്ങളായിരുന്നു ചര്‍ച്ച ചെയ്യപ്പെട്ടത്. കേളി ശൈലിയിലെ വ്യത്യസ്തതയില്‍ പെലെയും മറഡോണയും ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. കളിയിലെ രാഷ്ട്രീയവും ഇവര്‍ക്കൊപ്പം ചേര്‍ത്തു വായിക്കാറുണ്ട്. ബ്രസീലും അര്‍ജന്റീനയും അയല്‍പ്പക്കമെന്നത് പോലെ പ്രബല ശത്രുക്കളുമാണ്. മത്സര രംഗം വിട്ട ശേഷം പെലെ പരിശീലീകനായില്ല-മറഡോണ ആ കുപ്പായമിടാന്‍ കാരണം അദ്ദേഹത്തിലെ ഫുട്ബോള്‍ വിഷനറിയായിരുന്നു. ഈ രണ്ട് താരങ്ങളും തമ്മിലുള്ള താരതമ്യത്തില്‍ മഹത്വം പ്രഖ്യാപിക്കപ്പെടുന്നത് പക്ഷേ ലോകകപ്പിലെ ഗോളുകളിലാണ്.

പെലെയും മറഡോണയും രംഗം വാഴുമ്പോള്‍ അല്‍പ്പം അപരിചിതമായ പദമായിരുന്നു അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍. പെലെ, മറഡോണ-രണ്ട് പേരും മുന്‍നിരക്കാരായിരുന്നു. മധ്യനിരയിലെ കളി ഭാവന എന്ന റോളിന് ആധികാരികത നല്‍കിയത് സിനദീന്‍ സിദാനായിരുന്നു. ശക്തരായ സമകാലികരിലും സിദാന്‍ വ്യത്യസ്തനായത് മുന്‍നിരക്കാരെ ഗോളടിപ്പിക്കുന്നതിലായിരുന്നു. ബഹുമതികളുടെ കാര്യത്തില്‍ പെലെയെയും മറഡോണയെയും പിറകിലാക്കിയിട്ടുണ്ട് സിദാന്‍. കളിക്കാരനായി, പരിശീലകനായി അദ്ദേഹം നേടിയ കിരീടങ്ങള്‍ പകരം വെക്കാനില്ലാത്തവയാണ്.

താരമെന്ന നിലയില്‍ ലോകകപ്പും ബാലന്‍ഡിയോറും ചാമ്പ്യന്‍സ് ലീഗുമെല്ലാം നേടിയ സിദാന്‍ പരിശീലകന്‍ എന്ന നിലയിലും കിരീടനേട്ടങ്ങളിലുടെ സഞ്ചരിക്കുമ്പോള്‍ അദ്ദേഹം വിഭാവനം ചെയ്യുന്ന ഗെയിമിലെ പ്രാക്ടിക്കലിസം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. മുന്‍നിരക്കാരും മധ്യനിരക്കാരും നയിക്കുന്ന ഗെയിമാണ് ഫുട്ബോള്‍ എന്നത് അംഗീകരിക്കാനാവില്ല. പക്ഷേ കാലത്തിന്റെ സഞ്ചാരത്തിലും കാല്‍പ്പന്ത് ലോകത്തെ കരുത്ത് എന്നത് ഗോളടിക്കുന്നവര്‍ തന്നെയാണെന്ന സത്യമാണ് കൃസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും തെളിയിക്കുന്നത്. ആ ദിശയിലാണ് റഷ്യന്‍ ലോകകപ്പും ചര്‍ച്ച ചെയ്യപ്പെടാന്‍ പോവുന്നത്.

ഫുട്ബോള്‍ ലോകത്തെ അതികായര്‍ക്ക് വര്‍ഷം തോറും നല്‍കി വരാറുള്ള പരമോന്നത പുരസ്‌ക്കാരമാണ് ബാലന്‍ഡിയോര്‍. പെലെയും മറഡോണയും സിദാനുമെല്ലാം ഈ പുരസ്‌ക്കാരം സ്വന്തമാക്കിയവരാണ്. പക്ഷേ കഴിഞ്ഞ പത്ത് വര്‍ഷത്തെ ചരിത്രമെടുത്താല്‍ ഈ പുരസ്‌ക്കാരം മെസിയും ക്രിസ്റ്റിയാനോയും പങ്കിടുന്നു. സ്പാനിഷ് ലാലീഗയില്‍ പരസ്പര വൈരികളായ ക്ലബുകള്‍ക്ക് വേണ്ടിയാണ് രണ്ട് പേരും ബൂട്ടണിയുന്നത്. ക്രിസ്റ്റിയാനോ റയലിനായി ഗോളടിച്ച് കൂട്ടുമ്പോള്‍ അതേ ജോലി മെസി ബാര്‍സിലോണക്കായി ചെയ്യുന്നു.

രണ്ട് പേരും തമ്മില്‍ മൈതാനങ്ങളില്‍ നടക്കുന്നത് നല്ല ഗോള്‍ മല്‍സരങ്ങളാണ്. രണ്ട് പേര്‍ക്കും ഇത് വരെ ലോകകപ്പ് നേട്ടം സ്വന്തം പേരില്ലില്ല എന്നതും രണ്ട് പേര്‍ക്കുമിത് അവസാന ലോകകപ്പ് ആവുമെന്നതും റഷ്യയില്‍ ഇരുവരെയും നോട്ടപ്പുള്ളികളാക്കുന്നു. മെസി ബ്രസീല്‍ ലോകകപ്പിന്റെ (2014) കലാശം വരെയെത്തി. അവസാന മല്‍സരത്തില്‍ ജര്‍മനിക്ക് മുന്നില്‍ കടമ്പ കടക്കാന്‍ കഴിയാതെ മികച്ച താരമെന്ന ബഹുമതിയും വാങ്ങി മടങ്ങേണ്ടി വന്നെങ്കില്‍ യുസേബിയോയുടെ ചരിത്രമുളള പോര്‍ച്ചുഗലിനായി ക്രിസ്റ്റിയാനോ യൂറോപ്യന്‍ കിരീടം സമ്മാനിച്ചിട്ടുണ്ട്. സമാനമായ കോപ്പയില്‍ പക്ഷേ മെസിക്ക് ഫൈനല്‍ വരെയെത്താനേ കഴിഞ്ഞിട്ടുള്ളു.

Image result for messi

ഗ്രൂപ്പ് ഡിയിലാണ് മെസിയുടെ അര്‍ജന്റീന. ഐസ്ലാന്‍ഡ്, ക്രൊയേഷ്യ, നൈജീരിയ എന്നിവര്‍ പ്രതിയോഗികള്‍. വലിയ അപകടമില്ലാത്ത ഗ്രൂപ്പാണിത്. നിലവിലെ ഫോമില്‍ മെസിക്കും സംഘത്തിനും എളുപ്പം. പക്ഷേ അതിന് ശേഷം കാര്യങ്ങള്‍ എത്ര എളുപ്പമല്ല.

മെസിയിലെ പ്രതിഭയെ ഫുട്ബോള്‍ ലോകം പലവട്ടം ചര്‍ച്ച ചെയ്തതാണ്. കാലത്തിന്റെ താരമായി അദ്ദേഹത്തെ എല്ലാവരും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പെലെ, മറഡോണ എന്നിവര്‍ക്കൊപ്പമെന്ന് മെസിയെന്ന് സമകാലിക ഫുട്ബോള്‍ നിരീക്ഷകരും എന്നാല്‍ ഇവര്‍ക്കും മുകളിലെന്ന് കളിയെ, പുതിയ ഫുട്ബോള്‍ സമൂഹവും വിലയിരുത്തുന്ന താരം.

മൈതാനമെന്ന വിഹായസ്സില്‍ മെസിയിലെ പ്രതിഭ നടത്തുന്നത് കേവലം മിന്നലാട്ടമല്ല. ഏതെങ്കിലും ഒരു മത്സരത്തില്‍ മാത്രമല്ല അദ്ദേഹത്തിലെ ഫുട്ബോളര്‍ ശക്തനായി നിലകൊള്ളുന്നത്. മത്സരങ്ങളുടെ ആധിക്യത്തിലും യാത്രയുടെ തളര്‍ച്ചയിലും ഫൗളുകളുടെ വേലിയേറ്റത്തിലും മെസിയിലെ ഫുട്ബോളര്‍ പ്രകടിപ്പിക്കുന്ന ശക്തിയെ സ്ഥിരത എന്ന മുദ്രാവാക്യത്തില്‍ ഗണിക്കണം.

പന്ത് കാലുകളില്‍ കിട്ടിയാല്‍ അപകടകാരികളാവുന്ന ഫുട്ബോളര്‍മാര്‍ ധാരാളം. പക്ഷേ മെസിയിലേക്ക് വരുമ്പോള്‍ പന്ത് കാലില്ലില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാവനാപൂര്‍ണമായ ഓട്ടവും പാസുകളുമെല്ലാം പ്രതിയോഗികളുടെ കണക്ക്കൂട്ടലുകളെ തകര്‍ക്കും. മുപ്പതിന്റെ ശക്തിയിലാണ് മെസിയിപ്പോള്‍. പക്ഷേ 90 മിനുട്ടിലെ ഫുട്ബോളില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന ജാഗ്രത പുതിയ താരങ്ങള്‍ക്ക് പോലും പാഠമാണ്. ഒരു മല്‍സരത്തിന്റെ തുടക്കം മുതല്‍ മല്‍സരത്തെ വീക്ഷിച്ചാലറിയാം കളിയെ പഠിക്കുന്ന, കളിയിലെ തന്ത്രങ്ങളെ മെനയുന്ന, പ്രതിയോഗികളുടെ നീക്കങ്ങള്‍ പഠിക്കുന്ന മെസിയെ. പെലെയും മറഡോണയും ഇത് ചെയ്തോ എന്ന് ചോദിക്കുന്നവരുണ്ട്.

അവരുടെ കാലത്ത് കളിയിലെ സാങ്കേതിക ഇത്രത്തോളം വികസിച്ചിട്ടില്ല. കളിയെ അവര്‍ സ്വന്തം വീക്ഷണ കോണില്‍ കണ്ടപ്പോള്‍ നിലവിലെ കാലത്ത് കളിയെ സാങ്കേതികമായി വീക്ഷിക്കാനും തിരുത്താനും അവസരമുണ്ട്. ആ സാങ്കേതികതയെ പ്രയോജനപ്പെടുത്തുന്നു മെസി. അദ്ദേഹത്തിന് ശക്തമായ സാങ്കേതിക സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുണ്ട്. മല്‍സരത്തെ വീക്ഷിക്കുമ്പോള്‍ അതിനെ കായികമായും സാങ്കേതികമായും വിലയിരുത്തണം.

ഈ രണ്ട് ദിശയില്‍ നിന്നുമുള്ള വിലയിരുത്തലില്‍ നിന്നാണ് മെസിയിലെ ഫുട്ബോളര്‍ സ്വന്തം തല പ്രയോഗിക്കുന്നത്. പ്രതിയോഗികളെ പഠിക്കുക എന്നത് കാലപ്പഴക്കമുള്ള ചിന്തയാണ്. വ്യക്തിഗതമായി ഓരോ താരത്തെ ഗ്രഹിക്കുന്നതിലും പുതുമയില്ല. പക്ഷേ ഈ പഠനങ്ങള്‍ക്ക് ശേഷം സ്വന്തമായി ചില ചിന്തകളിലെത്തി ആ ചിന്തകളെ പ്രയോജനവല്‍കരിക്കുന്നതാണ് മെസിയിലെ ശൈലി. അതിന് പിന്തുണ നല്‍കാനും ആ വഴിയെ പിന്തുടരാനും അദ്ദേഹത്തിന്റെ സഹതാരങ്ങള്‍ക്കാവുന്നതിലെ വിജയമാണ് ബാര്‍സിലോണ ആഘോഷമാക്കുന്നത്. ഒമ്പതാം വയസ് മുതല്‍ ബാര്‍സയിലുണ്ട് മെസി.

ഓരോ സീസണിലും താരങ്ങളെ വിലക്കെടുക്കുമ്പോള്‍ മെസിയിലെ സീനിയര്‍ താരത്തിന്റെ ഉപദേശത്തെ മാനേജ്മെന്റ് മുഖവിലക്കെടുക്കാറുണ്ട്. അര്‍ജന്റീനിയന്‍ ദേശീയ സംഘത്തിലേക്ക് വരുമ്പോള്‍ മെസി പരാജയമാവുന്നു എന്നതിന്റെ ശക്തമായ സാഹചര്യം ദേശീയ ടീമിനൊപ്പം കൂടുതല്‍ മെസി സഹവസിക്കുന്നില്ല എന്നതാണ്. ലോകകപ്പ് വേളയില്‍, ലോകകപ്പ് യോഗ്യതാ മല്‍സര വേളയില്‍, കോപ്പ അമേരിക്ക മല്‍സര വേളയില്‍-ഇങ്ങനെ അപൂര്‍വ്വാവസരങ്ങളില്‍ മാത്രമാണ് മെസിയും ഗോണ്‍സാലോ ഹിഗ്വിനും പൗളോ ഡിബാലയും ഡി മരിയയും സെര്‍ജി അഗ്യൂറോയുമെല്ലാം കണ്ട് മുട്ടുന്നത്. ഇവരെല്ലാം വ്യക്തിഗതമായി ഉയര്‍ന്ന താരങ്ങളാണ്. ഇവര്‍ക്ക് പക്ഷേ മെസിയോളം ദീര്‍ഘവീക്ഷണ പാടവമില്ല എന്നതിന് തെളിവായി എത്രയോ മല്‍സരങ്ങളുണ്ട്.

ഏറ്റവും നല്ല ഉദാഹരണം കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ തന്നെ. മരക്കാനയിലെ ആ മല്‍സരത്തില്‍ ഹ്വിഗിന് ലഭിച്ച സുവര്‍ണാവസരത്തെ പ്രയോജനപ്പെടുത്താന്‍ കഴിയാതെ വന്നപ്പോള്‍ അത് കേവലമായ ഒരു നിര്‍ഭാഗ്യമായി മാത്രം വിശേഷിപ്പിക്കപ്പെടേണ്ടതായിരുന്നില്ല. നിര്‍ഭാഗ്യങ്ങള്‍ പലതാണ്. പക്ഷേ മെസി പന്ത് നല്‍കുമ്പോള്‍ ഹിഗ്വിന് മുന്നില്‍ ജര്‍മന്‍ ഗോള്‍ക്കീപ്പര്‍ ന്യൂയര്‍ മാത്രമായിരുന്നു.

എളുപ്പത്തില്‍ നേടാവുന്ന ഗോളിന് പകരം അദ്ദേഹം പന്തടിച്ചത് ഗോള്‍ക്കീപ്പര്‍ക്ക് നേരെയായിരുന്നു. ലോകകപ്പ് ഫൈനല്‍ പോലെ ഒരു വേദിയില്‍ അര്‍ധാവസരങ്ങളെ പ്രയോജനപ്പെടുത്തുമ്പോഴാണ് ഒരു ഫുട്ബോളര്‍ ശക്തനാവുന്നത്. കൂട്ടുകാരെ കളിപ്പിക്കുക എന്ന മെസിയുടെ പ്ലാന്‍ പലപ്പോഴും ദേശീയ ടീമിന്റെ കാര്യത്തില്‍ പരാജയമാവാറുണ്ട്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളുടെ കാര്യത്തില്‍ അര്‍ജന്റീന പരാജയമായതിലെ അടിസ്ഥാന കാരണം മെസിയിലെ നായകന്‍ അഗ്യൂറോയെയും ഹിഗ്വിനെയുമെല്ലാം വിശ്വസിച്ചതായിരുന്നു. അവര്‍ അവസരങ്ങളെ പ്രയോജനപ്പെടുത്താതെ വന്നപ്പോള്‍ മെസി തന്നെ പന്ത് പാസ് ചെയ്യുന്നത് അവസാനിപ്പിച്ച് സ്വയം ഗോളടിക്കാന്‍ മുതിരുകയായിരുന്നു. അവിടെയാണ് ടീം വിജയിച്ചത്.

റഷ്യയിലേക്ക് വരുന്ന അര്‍ജന്റീന മെസിയെ പ്രയോജനപ്പെടുത്തണം. ജോര്‍ജ് സാംപോളി എന്ന പരിശീലകന് മെസിയെ നന്നായി അറിയാം. സഹതാരങ്ങള്‍ക്കും മെസി അപരിചിതനല്ല. സുപരിചിതത്വത്തെ പ്രയോജനപ്പെടുത്തുമ്പോഴാണ് അര്‍ജന്റീനക്ക് മുന്നേറാന്‍ കഴിയുക. ലോകകപ്പിലെ നോട്ടപ്പുള്ളി എന്ന സമ്മര്‍ദ്ദ ഖ്യാതി പക്ഷേ മെസിയെ ബാധിക്കാന്‍ സാധ്യത കുറവാണ്. അദ്ദേഹം കളിക്കുന്ന മല്‍സരങ്ങളെല്ലാം തന്നെ സമ്മര്‍ദ്ദ പോരാട്ടങ്ങളാണല്ലോ…

Image result for CR7

ക്രിസ്റ്റിയാനോയെയും മെസിയെയും താരതമ്യം ചെയ്യുകയെന്നത് സാഹസമാണ്. വ്യത്യസ്ത പ്രതലത്തില്‍ നിന്നും കളിയെ കാണുന്നയാളാണ് പോര്‍ച്ചുഗലുകാരന്‍. സ്വന്തം കരുത്തില്‍ വിശ്വാസമര്‍പ്പിച്ചുള്ള ഗെയിമില്‍ ക്രിസ്റ്റിയാനോ ഉയരങ്ങളിലെത്തുന്നു. ജന്മസിദ്ധമല്ല ക്രിസ്റ്റിയാനോയിലെ ഫുട്ബോള്‍ ശക്തി. അത് അദ്ദേഹം വികസിപ്പിച്ചെടുത്തതാണ്. നിരന്തരമായ പരിശ്രമങ്ങളാണ് ആ താരത്തിന്റെ ശക്തി. എല്ലാ മല്‍സരങ്ങളിലും എപ്പോഴും കളിക്കണമെന്ന് ആഗ്രഹിക്കുന്ന താരം. വലിയ താരമായിട്ടും വിശ്രമരഹിതനായി മല്‍സരമെന്ന പോര്‍ക്കളത്തിലേക്ക് ആരോഗ്യത്തോടെ എത്താനുള്ള പരിശ്രമത്തിലാണ് ഇന്നും അദ്ദേഹത്തിലെ താരം അജയ്യനായി നില്‍ക്കുന്നത്.

പോര്‍ച്ചുഗലിന്റെ ഫുട്ബോള്‍ പാരമ്പര്യം ചെറുതല്ല. യുസേബിയോ, ലൂയിസ് ഫിഗോ തുടങ്ങി ലോകത്തിന് സുപരിചിതരായ എത്രയോ താരങ്ങള്‍. അവരെല്ലാം പലപ്പോഴായി മൈതാനത്ത് ഒറ്റപ്പെട്ടവരായെങ്കില്‍ ക്രിസ്റ്റിയാനോ എനിക്കത് കഴിയുമെന്ന വിശ്വാസക്കാരനാണ്. യൂറോപ്പിലെ ചാമ്പ്യന്‍ ടീമായി പോര്‍ച്ചുഗല്‍ മാറിയത്, റയല്‍ മാഡ്രിഡ് തുടര്‍ച്ചയായി രണ്ട് തവണ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബായത്-33 കാരന്റെ ചിറകിലേറിയായിരുന്നു.

പോര്‍ച്ചുഗല്‍ ഇത്തവണ ഗ്രൂപ്പ് ബിയിലാണ്. സ്പെയിനും മൊറോക്കോയും ഇറാനുമാണ് പ്രതിയോഗികള്‍
റഷ്യയില്‍ ഈ രണ്ട് പേരുമുണ്ട്. 30 ലാണ് മെസി. 33 ലാണ് ക്രിസ്റ്റിയാനോ. അടുത്ത ലോകകപ്പ് 2022ല്‍ ഖത്തറിലാണ്. അപ്പോഴേക്കും ഇവരെ പ്രായം തളര്‍ത്തും. അതിനാല്‍ അവസാന ലോകകപ്പ് എന്നത് റഷ്യ തന്നെ. മഹത്വമെന്ന വലിയ പ്രതലത്തില്‍ രണ്ട് പേരുടെയും നിലവിലെ ന്യൂനത ലോകകപ്പ് തന്നെ.

ആ കുറവ് നികത്താനുള്ള അവസരത്തെ പ്രയോജനപ്പെടുത്തുക എന്ന വലിയ ജോലിയില്‍ വിജയിക്കുന്നവര്‍ വാഴ്ത്തപ്പെടും. പെലെക്കും മറഡോണക്കും സിദാനുമെല്ലാം ലോകകപ്പ് ഖ്യാതിയുണ്ട്. മെസിക്കും ക്രിസ്റ്റിയാനോക്കും അതില്ല. അതുണ്ടാവണമെന്നത് ഫുട്ബോള്‍ ലോകത്തിന്റെ പ്രാര്‍ത്ഥന. പക്ഷേ രണ്ട് പേര്‍ക്കുമുണ്ടാവില്ലല്ലോ എന്നത് കളിയെ ഇഷ്ടപ്പെടുന്നവരുടെ വേദന.

കമാൽ വരദൂർ

We use cookies to give you the best possible experience. Learn more