| Friday, 30th December 2022, 6:24 pm

കളിക്കളത്തിൽ മാത്രമല്ല പ്രതിഫലക്കാര്യത്തിലും തമ്മിൽ മത്സരിച്ച് മെസിയും റൊണാൾഡോയും; സമ്പന്നതാരങ്ങളുടെ പട്ടിക പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമാകെയുള്ള ഫുട്ബോൾ ആരാധകരെ കുഴപ്പിക്കുന്ന ചോദ്യമാണ് മെസിയാണോ , റൊണാൾഡോയാണോ മികച്ചതെന്നത്.

പതിറ്റാണ്ടുകളായി പരസ്പരം മത്സരിക്കുന്ന ഇരു താരങ്ങളും തമ്മിൽ പ്രതിഫലത്തിന്റെ കാര്യത്തിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഫോബ്സ് മാസിക 2022ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടിക പുറത്ത് വിട്ടപ്പോൾ അതിൽ ഇരു താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.

കളിക്കളത്തിൽ നിന്നുള്ള പ്രതിഫലത്തിന് പുറമേ പരസ്യത്തിൽ നിന്നുള്ള വരുമാനവും കൂട്ടിച്ചേർത്താണ് ഈ പട്ടിക തയ്യാറാക്കപ്പെട്ടിരിക്കുന്നത്.

ലോകകപ്പ് വിജയത്തോടെ തന്റെ ഫുട്ബോൾ കരിയർ സമ്പൂർണമാക്കിയ സാക്ഷാൽ ലയണൽ മെസിയാണ് കായിക മേഖലയിലെ പ്രതിഫലപ്പട്ടികയിൽ ഒന്നാമൻ.

108 മില്യൺ പൗണ്ടുമായി ബാസ്കറ്റ് ബോൾ ഇതിഹാസം ലെബ്രോൺ ജെയിംസിനെയാണ് താരം മറികടന്നിരിക്കുന്നത്. 101 മില്യൺ പൗണ്ടാണ് ജെയിംസിന്റെ വരുമാനം.

അഡിഡാസ്, ബഡ്വൈസർ, പെപ്സിക്കോ, മുതലായ കമ്പനികളിൽ നിന്നുമാണ് മെസിക്ക് പ്രധാനമായും പരസ്യവരുമാനം ലഭിച്ചിരിക്കുന്നത്.

പോർച്ചുഗീസ് താരമായ റൊണാൾഡോ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 2022ൽ 96 മില്യൺ പൗണ്ട് പ്രതിഫലം വാങ്ങിയ താരത്തിന്റെ പ്രതിഫലത്തിൽ പക്ഷെ കുറവ് വരികയാണ് ചെയ്തത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചതാണ് താരത്തിന്റെ പ്രതിഫലം കുറയാൻ പ്രധാന കാരണം.

നൈക്കി, ഹെർബലിഫ്, എന്നിവയിൽ നിന്നാണ് താരത്തിന് പ്രധാനമായും പരസ്യ വരുമാനം ലഭിക്കുന്നത്. കൂടാതെ ഇൻസ്റ്റഗ്രാം സ്റ്റോറികളും താരത്തിന്റെ വലിയൊരു വരുമാന സ്രോതസ്സാണ്.

നെയ്മറാണ് പട്ടികയിൽ നാലാം സ്ഥാനത്ത് 77 മില്യൺ പൗണ്ടാണ് താരത്തിന്റെ പ്രതിഫലം. റോജർ ഫെഡറർ പട്ടികയിൽ ആറാം സ്ഥാനത്താണ്. 75 മില്യണാണ് താരത്തിന്റെ പ്രതിഫലം.

കെവിൻ ഡുറാന്റ്, മെക്സിക്കൻ ബോക്സർ കാനെലോ അൽവാരസ്, അമേരിക്കൻ ഫുട്ബാളർ ടോം ബ്രാണ്ടി, ഗ്രീക്ക് ബാസ്കറ്റ് ബോൾ താരം ഗിയാനസ് അന്റെടോക്കുമ്പോ എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ.

Content Highlights:Messi and Ronaldo competing not only on the field but also in terms of remuneration; The list of rich players is out

We use cookies to give you the best possible experience. Learn more