ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ഉഭയകക്ഷി സമ്മത പ്രകാരം പിരിഞ്ഞ ശേഷം അൽ നസറിലേക്കെത്തിയിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം റൊണാൾഡോ. 225മില്യൺ യൂറോ പ്രതിവർഷം പ്രതിഫലം നൽകിയാണ് താരത്തെ ക്ലബ്ബ് സൗദിയിലേക്ക് എത്തിച്ചിരിക്കുന്നത്.
2025 വരെ ക്ലബ്ബുമായി കരാറുള്ള താരത്തിന് പ്ലെയർ എന്ന രീതിയിൽ ക്ലബ്ബിൽ നിന്നും വിരമിച്ചാലും പരിശീലകനെന്ന നിലയിൽ ക്ലബ്ബിൽ തുടരാം എന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ റൊണാൾഡോക്ക് പുറമേ മെസി, സെർജിയോ റാമോസ് മുതലായവർ പ്രോ ലീഗിലേക്ക് എത്തുന്നതിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ-ഇത്തിഫാഖിന്റെ പ്രതിരോധ നിര താരം മാർസൽ ടിസറാണ്ട്.
നിലവിൽ ലോക ഫുട്ബോളിൽ ഏറ്റവും കൂടുതൽ തുക ലഭിക്കുന്ന താരമായ റോണോയെ പിന്തുടർന്ന് മെസിയും റാമോസും അടക്കമുള്ള താരങ്ങൾ പ്രോ ലീഗിലേക്ക് എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അത്തരം കളിക്കാരോടൊത്ത് മത്സരിക്കാൻ തനിക്ക് ഇനിയും ആഗ്രഹമുണ്ടെന്നുമാണ് മാർസൽ ടിസറാണ്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.
“സൗദിയിലേക്ക് വന്നത് നല്ല തീരുമാനമായാണ് എനിക്ക് തോന്നുന്നത്. എന്നോട് മികച്ച നിരവധി പ്ലെയേഴ്സ് ഇവിടെ വന്ന് കളിക്കാൻ ആവശ്യപ്പെട്ടിരുന്നു. കൂടാതെ നിരവധി മികച്ച കളിക്കാർ ഇവിടേക്ക് കളിക്കാനായി വരാനുള്ള തയ്യാറെടുപ്പിലുമാണ്.
അവരുടെ ട്രാൻസ്ഫർ വാർത്തകൾ ഇപ്പോഴും റൂമറുകളായാണ് പുറത്ത് വരുന്നത്. എന്നാൽ അതൊക്കെ സത്യമാകട്ടെയെന്നാണ് എന്റെ ആഗ്രഹം. റൊണാൾഡോ ഇവിടേക്ക് വന്നതുപോലെ കൂടുതൽ ഇതിഹാസ താരങ്ങൾ സൗദിയിലേക്ക് കളിക്കാനെത്തും എന്നാണ് എന്റെ പ്രതീക്ഷ,’ ടിസറാണ്ട് പറഞ്ഞു.
“മികച്ച താരങ്ങളുടെ വരവ് ലീഗിനും ഞങ്ങൾ പ്ലെയേഴ്സിനും നല്ലതാണ്. മെസി, റാമോസ് അടക്കമുള്ള താരങ്ങൾക്ക് എതിരെ കളിക്കണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അത് കൊണ്ട് തന്നെ മികച്ച താരങ്ങളെല്ലാം ഇങ്ങോട്ടേക്ക് കളിക്കാനെത്തട്ടെ എന്ന പ്രതീക്ഷയിലാണ് ഞാൻ,’ അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി പ്രോ ലീഗിലെ ടൈറ്റിൽ പോരാട്ടത്തിൽ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസറിന് വെല്ലുവിളി ഉയർത്തുന്ന ക്ലബ്ബാണ് ഇത്തിഫാഖ്. നിലവിൽ പ്രോ ലീഗ് ടേബിളിൽ 14 മത്സരങ്ങളിൽ നിന്നും 33 പോയിന്റുകളുമായി ഒന്നാം സ്ഥാനത്താണ് അൽ നസർ. ഇത്തിഫാഖ് 14 മത്സരങ്ങളിൽ നിന്നും 16 പോയിന്റുകളുമായി പത്താം സ്ഥാനത്തുണ്ട്.