ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയിലെ സൗത്ത് അമേരിക്കന്‍ താരങ്ങളായ ലയണല്‍ മെസിയെയും നെയ്മമറെയും ക്ലബ്ബിന് നഷ്ടമായേക്കുമെന്ന കാര്യത്തില്‍ തീരുമാനമായെന്ന് റിപ്പോര്‍ട്ട്. വരുന്ന ജൂണില്‍ കരാര്‍ അവസാനിക്കാനിരിക്കെ മെസിയെ ക്ലബ്ബില്‍ നിലനിര്‍ത്താനുള്ള പി.എസ്.ജിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.
ബാഴ്‌സലോണയിലെ കൂട്ടുകെട്ടിന് ശേഷം മെസിയും നെയ്മറും പി.എസ്.ജിയില്‍ ഒരുമിച്ച് ബൂട്ടുകെട്ടുകയായിരുന്നു. പാരീസിയന്‍ ക്ലബ്ബിനായി ഇരുവരും 45 മത്സരങ്ങളില്‍ ഒരുമിച്ച് കളിക്കുകയും 11 ഗോളുകള്‍ സംയുക്തമായി കോണ്‍ട്രിബ്യൂട്ട് ചെയ്യുകയുമുണ്ടായി. മറ്റു നേട്ടങ്ങള്‍ക്ക് പുറമെ പി.എസ്.ജിക്കായി ലീഗ് വണ്‍ കിരീടമുയര്‍ത്തുന്നതില്‍ ഇരുവരും പങ്കാളികളാവുകയും ചെയ്തിരുന്നു.
എന്നിരുന്നാലും പി.എസ്.ജിയിലെ ഈ കൂട്ടുകെട്ട് ഉടന്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിടുന്ന മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, കണങ്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ നെയ്മറിന് ഈ സീസണ്‍ നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിലേക്ക് താരം കൂടുമാറ്റം നടത്താനൊരുങ്ങുകയാണെന്ന് അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഫ്രഞ്ച് ലീഗ് വണ്ണില്‍ എയ്ഞ്ചേഴ്സിനെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജി.യുടെ ജയം. കിലിയന്‍ എംബാപ്പെയാണ് പി.എസ്.ജിക്കായി രണ്ട് ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ഒമ്പതാം മിനിട്ടില്‍ മെസിയുടെ തകര്‍പ്പന്‍ അസിസ്റ്റിലൂടെയാണ് എംബാപ്പെ പന്ത് വലയിലെത്തിച്ചത്.
ഇതോടെ ഫ്രഞ്ച് ലീഗില്‍ 15 ഗോളുകളും 15 അസിസ്റ്റുകളും പൂര്‍ത്തിയാക്കുന്ന താരമെന്ന ഖ്യാതി മെസി സ്വന്തമാക്കി. ലീഗ് വണ്ണിന്റെ ചരിത്രത്തില്‍ മൂന്നാമത്തെ താരമാണ് ഒരു സീസണില്‍ 15 ഗോളുകളും 15 അസിസ്റ്റുകളും പൂര്‍ത്തിയാക്കുന്നത്.
ലീഗ് വണ്ണില്‍ 32 മത്സരങ്ങളില്‍ 24 ജയവും 75 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി. ഏപ്രില്‍ 30ന് ലോറിയെന്റിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights: Messi and Neymar will leave PSG in this season