ലയണല്‍ മെസിയോടൊപ്പവും നെയ്മറിനൊപ്പവുമുള്ള സൗഹൃദത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ലൂയിസ് സുവാരസ്. മെസിയും നെയ്മറും സുവാരസും ഉള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നുവെന്നും എന്നാല്‍ മെസിയും നെയ്മറും നമ്പര്‍ മാറ്റിയപ്പോള്‍ തനിക്ക് ആ ഗ്രൂപ്പ് നഷ്ടമായെന്നുമാണ് സുവാരസ് വെളിപ്പെടുത്തിയത്.
‘ഞങ്ങള്‍ക്ക് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടായിരുന്നു. എന്നാല്‍ മെസിയും നെയ്മറും അവരുടെ നമ്പറുകള്‍ മാറ്റി. പിന്നീട് ആ ഗ്രൂപ്പ് എനിക്ക് നഷ്ടപ്പെട്ടു. എന്നാല്‍ ഞാന്‍ നേരിട്ട് അവരോട് ഒരുപാട് സംസാരിക്കാറുണ്ട്,’ സുവാരസ് ഇ.എസ്.പി.എന്‍ ബോലോ അഭിമുഖത്തില്‍ പറഞ്ഞു.
മെസിയും നെയ്മറും സുവാരസും സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരുമിച്ചു കളിച്ചിരുന്ന താരങ്ങളാണ്. 2014-15 സീസണില്‍ ബാഴ്‌സലോണ ട്രബിള്‍ കിരീടനേട്ടം സ്വന്തമാക്കിയപ്പോള്‍ മൂവരും കറ്റാലന്‍ ടീമിനൊപ്പം ഉണ്ടായിരുന്നു. ആ സീസണില്‍ മൂവരും ചേര്‍ന്ന് 122 ഗോളുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയത്. സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന ത്രയം എന്ന നേട്ടമായിരുന്നു ഇവര്‍ ആ സീസണില്‍ സ്വന്തമാക്കിയത്.
2011-12 സീസണില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സിമ, ഗോണ്‍സാലോ ഹിഗ്വായ്ന്‍ എന്നിവര്‍ റയല്‍ മാഡ്രിഡിനായി 118 ഗോളുകള്‍ നേടിയ റെക്കോഡാണ് കറ്റാലന്‍ ത്രയം മറികടന്നത്. എന്നാല്‍ തൊട്ടടുത്ത സീസണില്‍ ഇരുവരും ചേര്‍ന്ന് ഈ റെക്കോഡ് വീണ്ടും തകര്‍ത്തിരുന്നു. ആ സീസണില്‍ 131 ഗോളുകളാണ് എം.എസ്.എന്‍ ത്രയം നേടിയത്.
2017ലാണ് നെയ്മര്‍ റെക്കോഡ് തുകക്ക് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനിലേക്ക് പോയത്. 2019ല്‍ സുവാരസ് അത്ലറ്റികോ മാഡ്രിഡിലേക്കും മെസി പി.എസ്.ജിയിലേക്കും ചേക്കേറിയിരുന്നു.
അതേസമയം ലൂയിസ് സുവാരസ് ബ്രസീലിയന്‍ ക്ലബ്ബായ ഗ്രമിയോ വിട്ടിരുന്നു. താരം നിലവില്‍ അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മയാമിയില്‍ മെസിക്കൊപ്പം കളിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. പഴയ ബാഴ്‌സലോണയിലെ മുന്നേറ്റ നിര തിരിച്ചു വരുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.
content highlights: Messi and Neymar switched numbers and I lost them; Suarez with the revelation