മാരക്കാന: കോപ അമേരിക്കയിലെ മികച്ച താരങ്ങളായി അര്‍ജന്റീനയുടെ ലയണല്‍ മെസിയേയും ബ്രസീലിന്റെ നെയ്മറിനേയും തെരഞ്ഞെടുത്തു. ഫൈനലിന് തൊട്ടുമുന്‍പായിരുന്നു പ്രഖ്യാപനം.
ഒരു താരത്തെ മാത്രം മികച്ച താരമായി തെരഞ്ഞെടുക്കാനാവില്ലെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനായ കോന്‍മെബോല്‍ അറിയിച്ചു.
‘ഈ ടൂര്‍ണ്ണമെന്റ് അവരുടേതായിരുന്നു. ഒരാളെ മാത്രം തെരഞ്ഞെടുക്കുന്നത് നീതികേടാണ്,’ കോന്‍മെബോല്‍ പറഞ്ഞു.
ടൂര്‍ണ്ണമെന്റില്‍ മെസി നാല് ഗോളുകള്‍ നേടിയപ്പോള്‍ അഞ്ച് അസിസ്റ്റുമായി കളം നിറഞ്ഞു. രണ്ട് ഗോളും മൂന്ന് അസിസ്റ്റുമാണ് നെയ്മറുടെ അക്കൗണ്ടിലുള്ളത്.
ബ്രസീലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് അര്‍ജന്റീന കോപയില്‍ മുത്തമിട്ടത്.
അന്താരാഷ്ട്ര കരിയറിലെ കിരീട വരള്‍ച്ചയ്ക്ക് ഇതോടെ മെസി വിരാമമിട്ടു. 1993 ന് ശേഷം ആദ്യമായാണ് അര്‍ജന്റീന കോപ നേടുന്നത്. ഇത് 15-ാം തവണയാണ് അര്‍ജന്റീന കോപ കിരീടം സ്വന്തമാക്കുന്നത്.
22-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി മരിയയുടെ ഗോള്‍.
പന്ത് തടയുന്നതില്‍ ബ്രസീല്‍ ഡിഫന്‍ഡര്‍ റെനന്‍ ലോഡിക്ക് സംഭവിച്ച പിഴവാണ് ഗോളിന് കാരണമായത്. പാസ് സ്വീകരിച്ച് മുന്നേറിയ ഡി മരിയ ബ്രസീല്‍ ഗോള്‍കീപ്പര്‍ എഡേഴ്സനെ കബളിപ്പിച്ച് പന്ത് ചിപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.