മെസിക്കും നെയ്മറിനും പി.എസ്.ജിയോട് തീരെ ബഹുമാനമില്ല; വിമർശനവുമായി മാധ്യമപ്രവർത്തകൻ
football news
മെസിക്കും നെയ്മറിനും പി.എസ്.ജിയോട് തീരെ ബഹുമാനമില്ല; വിമർശനവുമായി മാധ്യമപ്രവർത്തകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd February 2023, 8:16 am

ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ മികച്ച പ്രകടനം നേടാൻ കഴിയാതെ പതറുകയാണ് പി.എസ്.ജി.
ചാമ്പ്യൻസ് ലീഗടക്കം അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ട് വിജയം മാത്രമാണ് ക്ലബ്ബ് സ്വന്തമാക്കിയത്.

പ്രതിരോധത്തിലെ പിഴവുകൾ മുതൽ ടീമിന്റെ ഒത്തിണക്കമില്ലായ്മയും താരങ്ങൾ തമ്മിലുള്ള സ്വരച്ചേർച്ചയുമൊക്കെ ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്.

എന്നാലിപ്പോൾ ടീമിലെ സൂപ്പർ താരങ്ങളായ മെസി, നെയ്മർ എന്നിവർക്ക് ക്ലബ്ബിനോട് തീരെ സ്നേഹമില്ലെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഫ്രഞ്ച് മാധ്യമ പ്രവർത്തകകനായ ഡാനിയേൽ റയോലോ.

ഇരു സൂപ്പർ താരങ്ങളും ചേർന്ന് ഈ സീസണിന്റെ തുടക്കത്തിൽ ഗംഭീര പ്രകടനം ക്ലബ്ബിനായി കാഴ്ചവെച്ചിരുന്നു.
മെസി 16 ഗോളുകളും 14 അസിസ്റ്റുകളും പാരിസ് ക്ലബ്ബിനായി നേടിയപ്പോൾ, 18 ഗോളുകളും 17 അസിസ്റ്റുകളുമായിരുന്നു നെയ്മറിന്റെ സമ്പാദ്യം.

“നിങ്ങൾ ഒരു തികഞ്ഞ പി.എസ്.ജി ആരാധകനാണെങ്കിൽ നിങ്ങൾക്ക് മെസിയേയും നെയ്മറെയുമൊന്നും തീരെ അംഗീകരിക്കാൻ സാധിക്കില്ല. കാരണം അവരൊന്നും ക്ലബ്ബിനെ അംഗീകരിക്കുന്നില്ല,’ ഡാനിയേൽ റയോലോ പറഞ്ഞു.

എന്നാൽ ഇരു താരങ്ങളിലൊരാളെ ക്ലബ്ബ് ഉടൻ വിറ്റേക്കുമെന്നും മിക്കവാറും നെയ്മറിനെയാകും ക്ലബ്ബ് ഒഴിവാക്കുകയെന്നുമുള്ള റിപ്പോട്ടുകൾ പുറത്ത് വരുന്നുണ്ട്. നെയ്മർ ചെൽസിയിലേക്ക് പോകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

ജൂണിൽ മെസിയുടെയും പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുകയാണ്. എന്നാൽ താരത്തെ 2024 വരെയെങ്കിലും ക്ലബ്ബിൽ പിടിച്ച് നിർത്തണമെന്നും ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് നേടാൻ അത് അത്യാവശ്യമാണെന്നും ഇ.എസ്.പി.എൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളോടെ 57 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി 27ന് മാഴ്സെക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

 

Content Highlights:Messi and Neymar haveno respect for PSG; said Daniel Riolo