ലയണൽ മെസിയുടെ വിഖ്യാതമായ ജേഴ്സി നമ്പറാണ് 10. അർജന്റീനയിലും കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണയിലും താരം പത്താം നമ്പർ ജേഴ്സിയണിഞ്ഞാണ് മൽസരത്തിനിറങ്ങിയിരുന്നത്. ഇതോടെ മെസിയുടെ ഒരു അടയാളമായി തന്നെ പത്താം നമ്പർ ജേഴ്സി അറിയപ്പെട്ട് തുടങ്ങി.
എന്നാൽ സാമ്പത്തിക പ്രശ്നങ്ങളും ക്ലബ്ബ് പ്രസിഡന്റ് ലപ്പോർട്ടയുമായിട്ടുള്ള പ്രശ്നങ്ങളും മുഖാന്തരം ബാഴ്സ വിട്ട് പി.എസ്.ജിയിലെത്തിയ മെസിക്ക് മുപ്പതാം നമ്പർ ജേഴ്സിയാണ് ഫ്രഞ്ച് ക്ലബ്ബിൽ നിന്നും ലഭിച്ചിരുന്നത്. മെസിയുടെ ബാഴ്സയിലെ മുൻ സഹതാരമായിരുന്ന നെയ്മർക്ക് അതിനോടകം തന്നെ ക്ലബ്ബ് പത്താം നമ്പർ ജേഴ്സി നൽകിയിരുന്നതിനാലാണ് മെസി മുപ്പതാം നമ്പർ സ്വീകരിച്ചത്.
എന്നാൽ വ്യാഴാഴ്ച നടന്ന ഫ്രഞ്ച് കപ്പ് പ്രീ ക്വാർട്ടർ മത്സരത്തിൽ മെസി വീണ്ടും പത്താം നമ്പറും നെയ്മർ ബാഴ്സയിലെ തന്റെ ജേഴ്സി നമ്പറായ പതിനൊന്നാം നമ്പർ ജേഴ്സിയും ധരിച്ചിറങ്ങിയത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. ഇരുവരും ക്ലബ്ബ് വിടുമെന്ന സൂചനയാണിതെന്നും, ഇരു താരങ്ങളും ബാഴ്സയിലേക്ക് മടങ്ങിപ്പോകുമെന്നുമൊക്കെയാണ് ആരാധകർക്കിടയിൽ അഭ്യൂഹങ്ങളായി പ്രചരിച്ചിരുന്നത്.
എന്നാലിപ്പോൾ താരങ്ങളുടെ ജേഴ്സി മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ. ഫ്രഞ്ച് കപ്പിന്റെ നിയമം അനുസരിച്ച് താരങ്ങൾക്ക് ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള ജേഴ്സി നമ്പർ മാത്രമേ ധരിക്കാൻ അനുവാദമുള്ളൂ.
അതിനാലാണ് മെസി പത്തും നെയ്മർ പതിനൊന്നും ജേഴ്സി നമ്പർ അണിഞ്ഞത്. ഇതോടെ ഇരുതാരങ്ങളുടെയും പഴയ ബാഴ്സക്കാലം ഓർമ വരുന്നെന്നും ഇരുവരുടെയും സൗഹൃദം മികച്ചതാണെന്നുമൊക്കെ അഭിപ്രായപ്പെട്ട് നിരവധി പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം മാഴ്സലെയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജപ്പെട്ട് പി.എസ്.ജി ഫ്രഞ്ച് കപ്പിൽ നിന്നും പുറത്ത് പോയിരുന്നു.
ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്തുള്ള പി.എസ്. ജിയുടെ അടുത്ത മത്സരം ജനുവരി 11ന് മൊണോക്കോക്കെതിരെയാണ്.