ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആരാധകർക്ക് വിരുന്നൊരുക്കിയ മത്സരമായിരുന്നു പി.എസ്.ജിയുടെ ഏഞ്ചേഴ്സിനെതിരെയുള്ള മത്സരം.
ഏറെ നാളത്തെ ഇടവേളക്ക് ശേഷം പി.എസ്. ജിയിലെ സൂപ്പർ താരങ്ങളായ മെസിയും, നെയ്മറും ഒന്നിച്ചാണ് വെള്ളിയാഴ്ചത്തെ മത്സരത്തിനിറങ്ങിയത്. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ഡെസ് പാരിസിൽ വെച്ച് നടന്ന മത്സരത്തിൽ 2-0 എന്ന സ്കോറിന് വിജയിക്കാൻ പി.എസ്.ജിക്കായി.
കൂടാതെ ഫ്രാൻസിനെ തകർത്ത് ലോകകപ്പ് കിരീടം സ്വന്തമാക്കി രാജകീയമായി പാരിസിലെത്തിയ മെസി, മത്സരത്തിൽ ഒരു ഗോൾ നേടി തന്റെ മികച്ച ഫോം പി.എസ്.ജി ആരാധകർക്ക് മുന്നിൽ തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ മത്സരശേഷം മെസിയേയും നെയ്മറെയും പി.എസ്.ജി ടീമിനെയും വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഫ്രഞ്ച് മാധ്യമ പ്രവർത്തകനായ ഡാനിയേൽ റയോലൊ.
മത്സരത്തിലെ സെറ്റ് പീസുകൾ മുഴുവൻ എടുത്തത് മെസിയും നെയ്മറും ചേർന്നായിരുന്നു. ഇതിനെ വിമർശിച്ചാണ്
ഡാനിയേൽ റയോലൊ രംഗത്ത് വന്നിരിക്കുന്നത്. പി.എസ്.ജിയിൽ മികച്ച താരങ്ങൾ ധാരാളമായി ഉണ്ടായിട്ടും മെസിക്കും, നെയ്മർക്കും മാത്രം സെറ്റ് പീസുകൾ എടുക്കാൻ അവസരം നൽകുന്നതിനെയാണ് അദ്ദേഹം ട്വിറ്ററിലൂടെ വിമർശിച്ചത്.
“നല്ല ദാരിദ്ര്യം പിടിച്ച കളിയും ദാരിദ്ര്യം പിടിച്ച ആറ്റിട്യൂഡും,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
“ഏത് കോർണർ ലഭിച്ചാലും ഏത് ഫ്രീകിക്ക് കിട്ടിയാലും നെയ്മറും മെസിയും ചർച്ച ചെയ്യുന്നതും അവർ പരസ്പരം മാറ്റി സെറ്റ് പീസ് എടുക്കുന്നതുമാണ് കാണുന്നത്. ഇത് വളരെ മോശമായ കളിരീതിയാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
എന്നാൽ ഒരു ഇടവേളക്ക് ശേഷം കളിച്ച മത്സരത്തിൽ മികച്ച പ്രകടനമാണ് മെസിയും നെയ്മറും പുറത്തെടുത്തത്. മത്സരത്തിൽ മൊത്തം 54 പാസ് ലഭിച്ചതിൽ 45ഉം മെസി പൂർത്തിയാക്കി. കൂടാതെ ഒരു ഡ്രിബിളും മൂന്ന് അഡ്വാൻറ്റേജും മെസി നേടി.
നെയ്മർ 83 ശതമാനം പാസുകളും മത്സരത്തിൽ വിജയകരമായി പൂർത്തിയാക്കി. കൂടാതെ രണ്ട് ടാക്കിളുകളും നെയ്മറുടെ ഭാഗത്ത് നിന്നുമുണ്ടായി.