| Sunday, 1st January 2023, 3:07 pm

മെസിയും നെയ്മറും ഇല്ല, പി.എസ്.ജിയിൽ ആധിപത്യം ഉറപ്പിക്കാൻ എംബാപ്പെ

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫ ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ട്രാൻസ്ഫർ മാർക്കറ്റിൽ മൂല്യം കുത്തനെ ഉയർന്ന താരമാണ് എംബാപ്പെ. സ്പാനിഷ് വമ്പന്മാരായ റയൽ താരത്തെ നോട്ടമിട്ടിട്ടുണ്ട്. സൂപ്പർ താരം കരിം ബെൻസെമയുടെ പിൻഗാമിയായാണ് എംബാപ്പെയെ സ്പെയ്നിലെത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തുന്നത്.

എന്നാൽ താരത്തെ പിടിച്ച് നിർത്താൻ പരമാവധി ശ്രമിക്കുകയാണ് പി. എസ്.ജി.
മെസിയും നെയ്മറുമുള്ളപ്പോൾ തനിക്ക് പി.എസ്.ജിയുടെ മുഖമായി മാറാൻ കഴിയുന്നില്ലെന്നതാണ് എംബാപ്പെ നേരിടുന്ന പ്രധാന പ്രശ്നം എന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ സ്ട്രാസ്ബർഗിനെതിരെയുള്ള  ഇടവേളക്ക് ശേഷമുള്ള ആദ്യ മത്സരത്തിൽ എംബാപ്പെയുടെ ഗോളിലാണ് മത്സരം പി.എസ്.ജി വിജയിച്ചത്. ഇതോടെ പി.എസ്.ജിയുടെ പ്രധാന താരമാണ് എംബാപ്പെ എന്ന നിലയിൽ ആരാധകർ താരത്തിന് വേണ്ടി ബാനറുകൾ ഉയർത്തുകയും ചാന്റുകൾ പാടുകയും ചെയ്തിരുന്നു.

ഇപ്പോൾ എംബാപ്പെക്ക് തന്റെ പ്രതിഭയും ഗോളടി മികവും തെളിയിക്കാനുള്ള ഒരു സുവർണാവസരം കൈ വന്നിരിക്കുകയാണ്.

തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 1:30ന് ലെൻസിനെതിരെ നടക്കുന്ന മത്സരത്തിൽ മെസി-എംബാപ്പെ-നെയ്മർ ത്രയത്തിൽ നിന്നും എംബാപ്പെമാത്രമേ കളിക്കാൻ ഉണ്ടാകൂ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

സ്ട്രാസ്ബർഗിനെതിരെയുള്ള മത്സരത്തിൽ ഒരു മിനിട്ടിനിടയിൽ രണ്ട് മഞ്ഞക്കാർഡുകൾ വഴങ്ങി മത്സരത്തിന് പുറത്ത് പോകേണ്ടി വന്ന നെയ്മർക്ക് ലെൻസിനെതിരെയുള്ള മത്സരം കളിക്കാൻ സാധിക്കില്ല. മെസിയും ലെൻസിനെതിരെയുള്ള മത്സരത്തിൽ ടീമിനൊപ്പം ചേരില്ലെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

അതുകൊണ്ട് എംബാപ്പെ ഒറ്റയ്ക്കായിരിക്കും ലെൻസിനെതിരെയുള്ള മത്സരത്തിൽ പി.എസ്.ജിയുടെ മുന്നേറ്റനിരയെ നയിക്കുക.
എംബാപ്പെക്ക് നെയ്മറുടെയും മെസിയുടെയും സഹായമില്ലാതെ പി.എസ്. ജിയിൽ എന്തൊക്കെ ചെയ്യാനാകും എന്ന് തെളിയിക്കാനുള്ള മികച്ച അവസരം എന്നാണ് ലെൻസിനെതിരെയുള്ള മത്സരത്തെ ഫുട്ബോൾ വിദഗ്ധർ കണക്കാക്കുന്നത്.

അതിനൊപ്പം മെസിയെക്കാളും നെയ്മറിനെക്കാളും പി. എസ്.ജിക്ക് താൻ പ്രധാനപ്പെട്ടവനാണ് എന്ന് തെളിയിക്കാൻ എംബാപ്പെക്ക് കിട്ടുന്ന അവസാന അവസരം കൂടിയാണ് ലെൻസിനെതിരെയുള്ള മത്സരം.

അതേസമയം ജനുവരിയിൽ തുറന്ന ട്രാൻസ്ഫർ ജാലകത്തിലൂടെ ആരെയും ക്ലബ്ബിലേക്ക് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ഗാൾട്ടിയർ ആരും ക്ലബ്ബ് വിട്ട് പോയില്ലെങ്കിൽ പുതിയ താരങ്ങളൊന്നും ക്ലബ്ബിലേക്ക് എത്തില്ലെന്നും കൂട്ടിച്ചേർത്തു.

“എന്റെ സ്‌ക്വാഡ് സമ്പൂർണമാണ്, ഞാൻ അതിൽ വളരെ സംതൃപ്തനുമാണ്. ആരും ക്ലബ്ബിൽ നിന്നും വിട്ട് പോകുന്നില്ലെങ്കിൽ പുതിയ താരങ്ങളെയൊന്നും ക്ലബ്ബിലേക്ക് കൊണ്ട് വരേണ്ട കാര്യമില്ല. പക്ഷെ എന്നോടിത് വരെ ഒരാളും ക്ലബ്ബ്‌ വിടണമെന്ന് പറഞ്ഞിട്ടില്ല.

അതിന്റെയർത്ഥം എല്ലാവരും ഇവിടെ ഓക്കെയാണെന്നാണ്,’ ഗാൾട്ടിയർ പറഞ്ഞു.
ജനുവരി ഏഴിന് ചാട്ടറോക്സിനെതിരെയുള്ള മത്സരത്തിലാകും മെസി-എംബാപ്പെ-നെയ്മർ-നെയ്മർ ത്രയം ഇനി ഒരുമിച്ച് കളിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Content Highlights: Messi and Neymar are not playing next match Mbappe get chance to dominate PSG

We use cookies to give you the best possible experience. Learn more