പി.എസ്.ജിയിൽ മെസിക്കും നെയ്മർക്കും അവഗണന; ഇരു താരങ്ങൾക്കും ക്യാപ്റ്റൻ സ്ഥാനമില്ല
football news
പി.എസ്.ജിയിൽ മെസിക്കും നെയ്മർക്കും അവഗണന; ഇരു താരങ്ങൾക്കും ക്യാപ്റ്റൻ സ്ഥാനമില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th January 2023, 8:09 pm

ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിലെ തങ്ങളുടെ അപ്രമാധിത്യം തുടരുകയാണ് പി.എസ്.ജി.

കൂടാതെ ഫ്രഞ്ച് കപ്പിലും മിന്നും പ്രകടനമാണ് ക്ലബ്ബ്‌ പുറത്തെടുത്തത്. എന്നാൽ മികച്ച പ്രകടനം നടത്തി മുന്നേറുമ്പോഴും പി.എസ്.ജിക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് അറുതി വരുന്നില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പി.എസ്.ജിയിൽ ക്യാപ്റ്റൻ സ്ഥാനവുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങൾക്ക് അരങ്ങൊരുങ്ങിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ഫ്രഞ്ച് കപ്പിൽ പായസ് ഡി കാസലിനെതിരെ എതിരില്ലാത്ത ഏഴ് ഗോളുകളുടെ കൂറ്റൻ വിജയം സ്വന്തമാക്കാൻ പി.എസ്.ജിക്ക് സാധിച്ചിരുന്നു. മത്സരത്തിൽ പാരിസ് ക്ലബ്ബിന്റെ നിലവിലെ ക്യാപ്റ്റനായ മാർക്കീന്യോസ് മത്സരത്തിനിറങ്ങാത്തതിനാൽ എംബാപ്പെയായിരുന്നു ക്യാപ്റ്റൻ.

എന്നാൽ പി.എസ്.ജിയുടെ നിലവിലെ വൈസ് ക്യാപ്റ്റനായ പ്രിസൺ കിംബാപ്പെ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും നിലവിലെ വൈസ് ക്യാപ്റ്റനായ തന്നെ സ്ഥാനത്ത് നിന്നും മാറ്റിയതിൽ സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

എന്നാൽ പ്രശ്നം രൂക്ഷമായപ്പോൾ പി.എസ്. ജി കോച്ച് ക്രിസ്റ്റഫെ ഗാൾട്ടിയർ തന്നെ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

നിലവിൽ നാല് വൈസ് ക്യാപ്റ്റൻമാരാണ് പി. എസ്.ജിക്കുള്ളതെന്നും എംബാപ്പെ, കിംബാപ്പെ, സെർജിയോ റാമോസ്, വെറാറ്റി മുതലായ നാല് വൈസ് ക്യാപ്റ്റൻമാരിലാൽ ആർക്കും ക്യാപ്റ്റൻ മാർക്കീന്യോസിന്റെ അഭാവത്തിൽ ക്യാപ്റ്റനാകാം എന്നാണ് ഗാൽട്ടിയർ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുന്നത്.

എന്നാൽ മെസിയും നെയ്മറും അടക്കമുള്ള സൂപ്പർ താരങ്ങൾ ഉൾപ്പെടെ പി.എസ്.ജിയിൽ ഇരു താരങ്ങളെയും ക്ലബ്ബിന്റെ ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ വലിയ നിരാശയിലാണ് ആരാധകർ.

എംബാപ്പെ ക്ക് പി.എസ്.ജിയിൽ കൂടുതൽ പ്രാമുഖ്യം കൈവരുന്നതിന്റെ സൂചനയായാണ് ഫുട്ബോൾ വിദഗ്ധർ ഈ സംഭവത്തെ വിലയിരുത്തുന്നത്.

അതേസമയം ജനുവരി 30ന് റെയിംസിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

 

Content Highlights:Messi and Neymar are avoided in psg; Both the players do not have the captaincy