| Monday, 30th January 2023, 8:38 am

മെസിയും എംബാപ്പെയും നെയ്മർ നൽകുന്ന പന്ത് പാഴാക്കുന്നു; വിമർശനവുമായി ആരാധകർ

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ഫുട്ബോളിലെ ടോപ്പ് ടയർ ലീഗാണ് ലീഗ് വൺ. ലോകത്തിലെ തന്നെ പ്രമുഖ ലീഗുകളിലൊന്നായ ലീഗ് വണ്ണിലെ കിരീടം വെക്കാത്ത രാജാക്കൻമാരാണ് പി.എസ്.ജി.

മെസി, എംബാപ്പെ, നെയ്മർ, സെർജിയോ റാമോസ് എന്നിവരടങ്ങിയ പി.എസ്.ജി നിര ലോകത്തിലെ ഏറ്റവും മികച്ച സ്‌ക്വാഡ് ഡെപ്ത്തുള്ള ക്ലബ്ബുകളിൽ ഒന്നാണ്.

എന്നാൽ തിങ്കളാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ പി.എസ്.ജി മറ്റൊരു ലീഗ് വൺ ക്ലബ്ബായ റെയിംസിനോട് സമനില വഴങ്ങി.

തുടർച്ചയായ രണ്ട് കളികളിൽ ഇതോടെ പി. എസ്.ജിയെ സമനിലയിൽ തളയ്ക്കാൻ റെയിംസിനായി. വിജയം ഉറപ്പിച്ച കളിയിൽ അധിക സമയത്തിന്റെ അവസാന മിനിട്ടിൽ നേടിയ ഗോളിലാണ് പി.എസ്.ജി റെയിംസിനെ സമനിലയിൽ തളച്ചത്.

എന്നാൽ മത്സരത്തിൽ വിജയം കൈയ്യകലത്തിൽ നഷ്ടപ്പെട്ടതോടെ പാരിസ് ക്ലബ്ബിന്റെ സൂപ്പർ താരങ്ങളായ മെസിക്കും എംബാപ്പെക്കും എതിരെ രംഗത്ത് വന്നിരിക്കുകയാണ് പി.എസ്.ജി ആരാധകർ.

മെസിയും എംബാപ്പെയും നെയ്മർ നൽകിയ അസിസ്റ്റുകൾ പാഴാക്കിയെന്നും ക്ലബ്ബ് മത്സരത്തിൽ പരാജയപ്പെടാൻ കാരണം ഇരു താരങ്ങളുടെയും അലസ മനോഭാവമാണെന്നുമാണ് പി. എസ്. ജി ആരാധകർ ട്വിറ്ററിലൂടെ ആരോപിക്കുന്നത്.

മത്സരത്തിൽ പി.എസ്.ജിയുടെ ഗോൾ നേടിയതും നെയ്മറായിരുന്നു. ലോകകപ്പിന് ശേഷം നിറം മങ്ങിയെന്ന ആരാധകരുടെയും ഫുട്ബോൾ വിദഗ്ധരുടെയും വിമർശനങ്ങൾക്കിടയിലാണ് താരം ഫോമിലേക്ക് മടങ്ങിയെത്തിയത്.

മത്സരത്തിൽ സമനില വഴങ്ങേണ്ടി വന്നെങ്കിലും പി.എസ്.ജി തന്നെയാണ് ഇപ്പോഴും ഫ്രഞ്ച് ലീഗിലെ ടേബിൾ ടോപ്പർമാർ. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ലെൻസുമായും മൂന്നാം സ്ഥാനത്തുള്ള മാർസെലെയുമായും പാരിസ് ക്ലബ്ബിന് ചെറിയ പോയിന്റ് വ്യത്യാസത്തിന്റെ മുൻ തൂക്കം മാത്രമേയുള്ളൂ.

അതേസമയം ഫെബ്രുവരി 2ന് മോൺഡ്പെല്ലിയറുമായാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
ഫെബ്രുവരി 9ന് ചിരവൈരികളായ മാർസെലേയുമായി ഫ്രഞ്ച് കപ്പിൽ ക്ലബ്ബിന് ഡെർബി മത്സരവും കളിക്കാനുണ്ട്.

Content Highlights:Messi and Mbappe waste Neymar’s assist; criticise psg fans

We use cookies to give you the best possible experience. Learn more