| Monday, 22nd August 2022, 9:17 am

ഒന്നു വിസിലടിച്ച് തുടങ്ങിക്കോട്ടെഡോ, റെക്കോഡ് വേഗത്തില്‍ എംബാപെയുടെ ഗോള്‍; മെസിയുടെ സൂപ്പര്‍ അസിസ്റ്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ് വണ്ണിലെ മൂന്നാം മത്സരത്തിലും ത്രസിപ്പിക്കുന്ന ജയം നേടി പി.എസ്.ജി. ലില്ലെക്കെതിരെയുള്ള മത്സരത്തില്‍ 7-1 എന്ന സ്‌കോറിനായിരുന്നു പി.എസ്.ജി വിജയിച്ചത്. കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച പി.എസ്.ജി ലീഗ് വണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

കഴിഞ്ഞ സീസണില്‍ പി.എസ്.ജിയെ മറികടന്ന് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ ലില്ലെയാണ് പി.എസ്.ജി തകര്‍ത്തുവിട്ടത്. ഹാട്രിക്ക് നേടിയ കിലിയന്‍ എംബാപെയായിരുന്നു പി.എസ്.ജിയുടെ ഹീറോ. രണ്ട് ഗോളും മൂന്ന് അസിസ്റ്റുമായി നെയ്മര്‍ കട്ടക്ക് കൂടെ പിടിച്ചപ്പോള്‍ പി.എസ്.ജി മുന്നേറ്റ നിര ‘ബീസ്റ്റ്’ മോഡിലായി. ലയണല്‍ മെസിയും കളം നിറഞ്ഞ് കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്.

ആദ്യ മിനിട്ട് തൊട്ട് പി.എസ്.ജി മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരം തുടങ്ങി വെറും എട്ട് സെക്കന്‍ഡ് ആയപ്പോഴേക്കും പി.എസ്.ജിയുടെ ആദ്യ ഗോള്‍ പിറന്നിരുന്നു. മെസിയുടെ സൂപ്പര്‍ അസിസ്റ്റില്‍ എംബാപെയായിരുന്നു ആദ്യ ഗോള്‍ നേടിയത്.

റെക്കോഡ് വേഗത്തിലാണ് ഈ ഗോള്‍ പിറന്നത്. ലീഗ് വണ്ണിലെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു ഇത്. കിക്കോഫ് അടക്കം വെറും അഞ്ച് ടച്ചാണ് ആദ്യ ഗോളിനായി പി.എസ്.ജി എടുത്ത്. ആദ്യ മിനിട്ടിലെ ഈ ആക്രമണ മനോഭാവത്തില്‍ ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് വ്യക്തമായിരുന്നു.

മെസിയുടെ ലോങ് ഏരിയല്‍ ത്രൂ ബോള്‍ എംബാപെ കൃത്യമായി ഏറ്റുവാങ്ങുകയും ഫസ്റ്റ് ടച്ച് തന്നെ ഗോള്‍ ആക്കുകയുമായിരുന്നു. നെയ്മറും മാര്‍ക്കൊ വെരാട്ടിയും മാത്രമാണ് മെസിയെ കൂടാതെ പന്ത് ടച്ച് ചെയ്തത്.

ഈ ഗോള്‍ കണ്ട് വളരെ ആവേശത്തിലായിരുന്നു പി.എസ്.ജി ആരാധകര്‍. സോഷ്യല്‍ മീഡിയയിലും ഈ ഫാസ്റ്റസ്റ്റ് ഗോള്‍ ഒരുപാട് ചര്‍ച്ചയാകുന്നുണ്ട്. ഒരുപാട് ആരാധകര്‍ മെസിയെയും എംബാപെയെയും പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.

അത്ഭുതമാണ് ആ ഗോളും അസിസ്റ്റുമെന്നുമാണ് ആരാധകര്‍ പറയുന്നത്. ആ ഒരു പൊസിഷനില്‍ വെച്ച് അസിസ്റ്റ് നല്‍കാന്‍ മെസിക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു.

കഴിഞ്ഞ സീസണില്‍ പി.എസ്.ജിക്കായി ഒന്നും ചെയ്യാന്‍ സാധിക്കാതിരുന്ന മെസി ഈ വര്‍ഷം മികച്ച ഫോമിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ മൂന്ന് മത്സരത്തിലും മികച്ച പ്രകടനമാണ് അദ്ദേഹം പുറത്തുകൊണ്ടുവന്നത്.

Content Highlight: Messi and Mbape  scored fastest goal ligue one game

We use cookies to give you the best possible experience. Learn more