| Wednesday, 9th August 2023, 12:07 am

'2016-17 എല്‍ ക്ലാസിക്കോയിലെ വിജയ ഗോള്‍ പുനസൃഷ്ടിച്ച് മെസിയും ആല്‍ബയും'

സ്പോര്‍ട്സ് ഡെസ്‌ക്

ലീഗ്‌സ് കപ്പില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ എഫ്.സി ഡാല്ലസിനെ പരാജയപ്പെടുത്തി ലയണല്‍ മെസിയുടെ ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നു. എഫ്.സി ഡാല്ലസിന്റെ ഹോം സ്റ്റേഡിയമായ ടൊയോട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ടീം വിജയിച്ചത്.

4-4ന് സമനില പിടിച്ച മത്സരത്തില്‍ മെസിയുടെ ഡബിളാണ് മയാമിക്ക് തുണയായിരുന്നത്. ആറാം മിനിട്ടില്‍ മെസിയിലൂടെ മയാമി മുന്നിലെത്തി. മുന്‍ ബാഴ്‌സ താരം ജോര്‍ഡി ആല്‍ബയുടെ അസിസ്റ്റിലൂടെയായിരുന്നു ഗോള്‍ പിറന്നത്.

ഇടത് വിംഗില്‍ നിന്ന് റണ്ണെടുത്ത് കൈക്കലാക്കിയ പന്ത് ആല്‍ബ ബോക്സിന്റെ അരികിലുള്ള മെസിക്ക് കൈമാറുകയായിരുന്നു. ഒറ്റ ടെച്ചില്‍ തന്നെ പോസ്റ്റിന്റെ വലതു വശത്തേക്ക് തുടുത്തുവിട്ട് സുന്ദരമായി മെസി അത് ഫിനിഷ് ചെയ്യുകയും ചെയ്തു. ഈ ഗോള്‍ 2016-17 സീസണില്‍ മാഡ്രിഡില്‍ നടന്ന എല്‍ ക്ലാസിക്കോയെ പുനസൃഷ്ടിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്.

അന്ന് റയല്‍ മാഡ്രിഡുമായുള്ള മത്സരത്തില്‍ 2-2ന് സമനിലിയില്‍ നില്‍ക്കവെ
ആല്‍ബയുടെ അസിസ്റ്റില്‍ അവസാന നിമിഷത്തില്‍ മെസിയിലൂടെ പിറന്ന വിജയ ഗോള്‍ ബാഴ്‌സ ആരാധകരുടെ മനസില്‍ നിന്ന് പോകാന്‍ ഇടയില്ല. ആ ഗോളിന് സമാനമാണ് കഴിഞ്ഞ ദിവസം പിറന്ന ഗോളും എന്നാണ് ആരാധകര്‍ പറയുന്നത്.
ഈ രണ്ട് ഗോളിന്റെയും വീഡിയോ പങ്കുവെച്ചാണ് മെസി- ബാഴ്‌സ ആരാധകര്‍ ഈ ഗോളിനെ ആഘോഷമാക്കുന്നത്.

അതേസമയം, മത്സരത്തിലെ ഫ്രീകിക്കിലൂടെയാണ് മെസി തന്റെ രണ്ടാം ഗോള്‍ നേടുന്നത്. 4-3 മയാമ പരാജയപ്പെട്ട് നില്‍ക്കവെ 84ാം മിനിട്ടില്‍ കളിയുടെ സമനില പിടിച്ച ഗോളും ഇതായിരുന്നു.

ഇതോടെ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ താരങ്ങുടെ പട്ടികയില്‍ ഡിയേഗോ മറഡോണയെ മെസി പിന്തള്ളി. മെസിക്ക് 63 ഫ്രീകിക്ക് ഗോളുകളാണുള്ളത്. മറഡോണ-62, സീക്കോ-62, റൊണാള്‍ഡ് കോമാന്‍-60, റൊഗേരിയോ സെനി-60 എന്നിവരെല്ലാം മെസിക്ക് പിന്നിലാണ്. 65 ഫ്രീക്കിക്ക് ഗോളുള്ള ഇന്റര്‍ മയാമി സഹഉടമ ഡേവിഡ് ബെക്കാമാണ് മെസിക്ക് മുന്നിലുള്ള ഏകതാരം.

Content Highlight: Messi and Alba recreate the 2016-17 El Clasico winning goal

We use cookies to give you the best possible experience. Learn more