'ലോകകപ്പ് നേടിയിട്ടും ക്ലബ്ബില്‍ നിന്ന് അംഗീകാരം ലഭിക്കാത്ത താരമാണ് ഞാന്‍'; പി.എസ്.ജിക്കെതിരെ മെസി
ലോകകപ്പ് നേടി തിരിച്ചെത്തിയപ്പോള്‍ തന്റെ മുന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് അംഗീകാരം ലഭിച്ചിരുന്നില്ലെന്ന് ലയണല്‍ മെസി. ലോകകപ്പ നേടിയ തന്റെ ടീമിലെ 25 താരങ്ങളില്‍ സ്വന്തം ക്ലബ്ബില്‍ നിന്ന് യാതൊരു അംഗീകാരവും ലഭിക്കാത്ത ഏക കളിക്കാരന്‍ താനാണെന്നാണ് മെസി പറഞ്ഞത്. ഓള്‍ഗ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പങ്കുവെച്ചത്.
‘പി.എസ്.ജിയുടെ അവസ്ഥ മനസിലാക്കാവുന്നതാണ്. 2018ല്‍ ഫ്രാന്‍സ് വിജയിച്ചപ്പോള്‍ ഞങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഇത്തവണ ഫ്രാന്‍സിന് കിരീടം നേടാനായില്ല. അര്‍ജന്റീന ടീമിലെ 25 താരങ്ങളില്‍ ലോകകപ്പ് നേടിയതിന് ക്ലബ്ബില്‍ നിന്ന് അംഗീകാരം ലഭിക്കാതിരുന്ന ഏക കളിക്കാരന്‍ ഞാന്‍ മാത്രമാണ്,’ മെസി പറഞ്ഞു.
പി.എസ്.ജിയില്‍ നിന്ന് അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം അതീവ സന്തോഷവാനായാണ് മെസിയെ കാണപ്പെടുന്നത്. താരം മയാമിയിലെത്തിയതിന് ശേഷം ക്ലബ്ബിന് ലീഗ്‌സ് കപ്പ് നേടാന്‍ സാധിച്ചിരുന്നു. മെസി മയാമിക്കായി കളിച്ച 11 മത്സരങ്ങളിലും ജയം മയാമിക്കൊപ്പമായിരുന്നു.
അതേസമയം, അന്താരാഷ്ട്ര ഇടവേള കഴിഞ്ഞ് ലയണല്‍ മെസി ഇന്റര്‍ മയാമിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മയാമിയുടെ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ മെസിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച ടൊറോന്റോക്കെതിരെ നടന്ന മത്സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് താരത്തെ കളത്തില്‍ നിന്നും പിന്‍വലിച്ചിരുന്നു. ഇതോടെ മയാമിയുടെ അടുത്ത മത്സരവും മെസിക്ക് നഷ്ടമാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മെസിയുടെ അഭാവത്തില്‍ അറ്റ്‌ലാന്‍ഡ യുണൈറ്റഡിനെതിരായ മത്സരത്തില്‍ മയാമി പരാജയം നുണഞ്ഞിരുന്നു. ടൊറോന്റോക്കെതിരായ മത്സരത്തില്‍ ജയം തിരിച്ചുപിടിച്ചതോടെ മയാമി അപരാജിത കുതിപ്പ് തുടരാനൊരുങ്ങുകയാണെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എം.എല്‍.എസ്. ലീഗില്‍ 31 പോയിന്റോടെ 13ാം സ്ഥാനത്താണ് നിലവില്‍ ഇന്റര്‍ മയാമി.
Content Highlights: Messi against PSG