|

ഞാന്‍ തളര്‍ന്നു; തിരിച്ചുവരവിലെ ബ്രേസിന് പിന്നാലെ മെസി

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്ക ഫൈനലിലെ പരിക്കിന് ശേഷം മെസി കളത്തിലേക്ക് തിരിച്ചെത്തിയ മത്സരമായിരുന്നു മേജര്‍ ലീഗ് സോക്കറില്‍ ഫിലാഡല്‍ഫിയക്കെതിരെ നടന്നത്. മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോളിന്റെ കരുത്തില്‍ ഹെറോണ്‍സ് ഒന്നിനെതിരെ മൂന്ന് ഗോളിന് വിജയിച്ചിരുന്നു.

ഈ മത്സരത്തിന് പിന്നാലെ മയാമിയിലെ ചൂട് കാരണം താന്‍ തളര്‍ന്നുപോയെന്ന് പറയുകയാണ് മെസി.

‘മയാമിയിലെ ചൂട് കാരണം ഞാന്‍ അല്‍പം തളര്‍ന്നുപോയി എന്നതാണ് സത്യം. ഏറെ കാലത്തിന് ശേഷം തിരിച്ചുവരണമെന്നും കളിക്കണമെന്നും ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ സ്‌ക്വാഡിനെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. ഞങ്ങളാണ് ഒന്നാമത്. പരിക്കുകള്‍ കാരണം ഞങ്ങള്‍ക്ക് ആദ്യം സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല, പക്ഷേ ഞങ്ങള്‍ അതിനനുസരിച്ച് കളി മാറ്റി. മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തു,’ മെസി പറഞ്ഞു.

ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനും മയാമിക്ക് സാധിച്ചു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ എതിരാളികള്‍ മെസിപ്പടയെ ഞെട്ടിച്ചു. ചെയ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ തന്നെ ഫിലാഡല്‍ഫിയ ഗോള്‍ നേടി. മൈക്കല്‍ ഉറെയാണ് കലണ്ടറിനെ മറികടന്ന് മയാമിയുടെ വലകുലുക്കിയത്.

ശേഷം 24 മിനിട്ടോളം ആ ലീഡ് നിലനിര്‍ത്താനും പല തവണ മയാമി ഗോള്‍ മുഖത്തെ വിറപ്പിക്കാനും ഫിലാഡല്‍ഫിയക്ക് സാധിച്ചു എന്നതൊഴിച്ചാല്‍ മത്സരം മയാമിയുടെ പക്കല്‍ തന്നെയായിരുന്നു.

26ാം മിനിട്ടില്‍ മെസിയിലൂടെയാണ് മയാമി ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തിയത്. ലൂയീസ് സുവരാസ് നല്‍കിയ പന്ത് ഒരു പിഴവും കൂടെ മെസി എതിരാളികളുടെ ഗോള്‍ വര കടത്തി. നാല് മിനിട്ടുകള്‍ക്ക് ശേഷം മെസി വീണ്ടും ഗോള്‍ നേടി. ഇത്തവണ ജോര്‍ഡി ആല്‍ബയാണ് ഗോളിന് വഴിയൊരുക്കിയത്.

ആദ്യ പകുതിയില്‍ ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി മയാമി കളം നിറഞ്ഞു. എന്നാല്‍ രണ്ടാം പകുതിയില്‍ ഫിലാഡല്‍ഫിയ മികച്ച പ്രകനം പുറത്തെടുത്തതോടെ മത്സരം കൂടുതല്‍ ആവേശകരമായി. ഇരുടീമിന്റെയും ഗോള്‍മുഖങ്ങള്‍ പലതവണ ഭീഷണി നേരിട്ടെങ്കിലും ഒന്നും തന്നെ ഗോളായി മാറിയില്ല.

ഒടുവില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ ആഡ് ഓണ്‍ ടൈമിന്റെ എട്ടാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ സുവാരസും ഗോള്‍ നേടിയതോടെ രണ്ട് ഗോള്‍ ലീഡുമായി ഹെറോണ്‍സ് വിജയം സ്വന്തമാക്കി.

28 മത്സരത്തില്‍ നിന്നും 19 ജയവും നാല് തോല്‍വിയും അഞ്ച് സമനിലയുമായി ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ 62 പോയിന്റോടെ ഒന്നാമതാണ് മയാമി.

സെപ്റ്റംബര്‍ 19നാണ് മയാമിയുടെ അടുത്ത മത്സരം. മെര്‍സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ പത്താം സ്ഥാനക്കാരായ അറ്റ്‌ലാന്റ യുണൈറ്റഡാണ് എതിരാളികള്‍.

Content highlight: Messi about the match against Philadelphia Union

Latest Stories