ലയണല്‍ മെസിയുടെ കരിയറിലെ സുവര്‍ണ കാലമായിരുന്നു പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ ബാഴ്‌സലോണയില്‍ പന്തുതട്ടിയത്. നിരവധി കിരീടങ്ങളാണ് മെസിയും സംഘവും സ്പാനിഷ് മാനേജര്‍ക്കൊപ്പം ക്യാമ്പ് നൗവിലെത്തിച്ചത്.
രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫി, മൂന്ന് ലാ ലിഗ, രണ്ട് കോപ്പ ഡെല്‍ റേ, മൂന്ന സ്പാനിഷ് സൂപ്പര്‍ കപ്പ്, രണ്ട് യൂറോപ്യന്‍ കപ്പ്, രണ്ട് ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നിവയാണ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ ബാഴ്‌സ സ്വന്തമാക്കിയത്.
തന്റെ പ്രിയപ്പെട്ട പരിശീലകനെ കുറിച്ച് നേരത്തെ മെസി പങ്കുവെച്ച രസകരമായ കമന്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 2022ലെ ഒരു അഭിമുഖത്തിലാണ് താരം പെപ്പിനെ കുറിച്ച് സംസാരിച്ചത്. പെപ് ഫുട്‌ബോളിന് ഒരുപാട് തകര്‍ത്തു എന്ന് തമാശപൂര്‍വം പറഞ്ഞ മെസി, അദ്ദേഹം ഈ കളിയെ ആയാസകരമാക്കിയെന്നും എല്ലാവരും അത് പകര്‍ത്താന്‍ ശ്രമിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
മോവി സ്റ്റാര്‍ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്.
‘ഗ്വാര്‍ഡിയോള ഫുട്‌ബോളിന് ഒരുപാട് ദോഷം വരുത്തി. ഫുട്‌ബോള്‍ എന്നത് വളരെ എളുപ്പമാണെന്നാണ് അദ്ദേഹത്തിന്റെ ശൈലി കാണുമ്പോള്‍ തോന്നുക. പിന്നാലെ എല്ലാവരും ഗ്വാര്‍ഡിയോളയുടെ രീതി തന്നെ പിന്തുടരാനും ശ്രമിച്ചു.
കരിയറിന്റെ പല ഘട്ടങ്ങളിലായി ഞാന്‍ ഒരുപാട് ഗ്വാര്‍ഡിയോളമാരെ കണ്ടു. അപ്പോഴാണ് ഞങ്ങള്‍ എന്താണ് ചെയ്തിരുന്നത് എന്നതിനെ കുറിച്ച് എനിക്ക് മനസിലായത്. ഒരുപക്ഷേ എനിക്ക് ലഭിച്ചതില്‍ ഏറ്റവും മികച്ച പരിശീലകന്‍ അദ്ദേഹമായിരിക്കാം. ഓരോ മത്സരത്തിലും അദ്ദേഹം സ്‌പെഷ്യലായി എന്തെങ്കിലും കരുതിവെച്ചിരിക്കും,’ മെസി പറഞ്ഞു.
പെപ്പിന് കീഴില്‍ 219 മത്സരങ്ങളാണ് എല്ലാ ടൂര്‍ണമെന്റുകളിലുമായി മെസി കളിച്ചത്. ഈ മത്സരങ്ങളില്‍ നിന്നുമായി 211 തവണ വല ചലിപ്പിച്ച താരം 94 തവണ സഹതാരങ്ങള്‍ക്ക് ഗോളിനുള്ള വഴിയൊരുക്കുകയും ചെയ്തു.
ബാഴ്‌സലോണയിലെ തന്റെ പ്രിയപ്പെട്ട പരിശീലകരെ കുറിച്ച് മെസി ഈയിടെ പറഞ്ഞിരുന്നു. ഇതില്‍ പെപ് ഗ്വാര്‍ഡിയോളയുടെ പേരാണ് താരം ആദ്യം പറഞ്ഞത്.
‘പെപ് ഗ്വാര്‍ഡിയോള, ലൂയീസ് എന്റിക്വെ, വാല്‍വെര്‍ഡെ എന്നിവര്‍ക്ക് കീഴില്‍ ഞാന്‍ ബാഴ്‌സലോണയില്‍ ഏറെ സന്തുഷ്ടനായിരുന്നു,’ മെസി പറഞ്ഞു.
അതേസമയം, കരിയറിലെ 46ാം കിരീടം സ്വന്തമാക്കി കുതിപ്പ് തുടരുകയാണ് മെസി. മേജര്‍ ലീഗ് സോക്കറില്‍ കൊളംബസിനെതിരെ വിജയിച്ചാണ് മെസിപ്പട സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ടീമിന്റെ വിജയം.
മത്സരത്തില്‍ മെസി ഇരട്ട ഗോള്‍ കണ്ടെത്തി. സുവാരസാണ് മൂന്നാം ഗോളിനുടമ. മറുവശത്ത് ഡിയാഗോ റോസി, കുച്ചോ ഹെര്‍ണാണ്ടസ് എന്നിവരാണ് കൊളംബസിന്റെ ഗോള്‍ വേട്ടക്കാര്‍.
എം.എല്‍.എസ്സില്‍ ഒക്ടോബര്‍ ആറിനാണ് മയാമിയുടെ അടുത്ത മത്സരം. ബി.എം.ഒ ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ടൊറന്റോയാണ് എതിരാളികള്‍.
Content Highlight: Messi about Pep Guardiola