ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ എക്കാലത്തെയും മികച്ച എതിരാളിയായിരുന്നുവെന്ന് ലയണല്‍ മെസി. 15 വര്‍ഷത്തോളും ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളായി തുടര്‍ന്നതിന് തങ്ങള്‍ ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്നും അതത്ര എളുപ്പമായിരുന്നില്ലെന്നും മെസി പറഞ്ഞു. എല്‍ എക്വിപ്പയോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘അത് വലിയൊരു യുദ്ധമായിരുന്നു. ഞങ്ങള്‍ ഇരുവരും ശക്തരായ പോരാളികളായി തുടര്‍ന്നു. അവനും എപ്പോഴും എല്ലാം നേടണമെന്ന് ആഗ്രഹിച്ചിരുന്നു. അത് ഞങ്ങള്‍ക്കിരുവര്‍ക്കും വളരെ ആസ്വാദ്യകരമായിരുന്ന ഒന്നായിരുന്നു. ഫുട്‌ബോളിനെ സ്‌നേഹിച്ചവരും അതാസ്വദിച്ചു.
ഇത്രയും വര്‍ഷം മികച്ച താരങ്ങളായി തുടര്‍ന്നതില്‍ ഞാനും റോണോയും ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ട്. എല്ലാവരും പറയുന്നത് പോലെ അവിടെ എത്താന്‍ എളുപ്പമാണ്. അവിടെത്തന്നെ തുടരാനാണ് ബുദ്ധിമുട്ട്. 10, 15 വര്‍ഷം ഞങ്ങള്‍ ടോപ്പ് ആയി തുടര്‍ന്നു. ഞങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കും അത് നല്ല ഓര്‍മയാണെന്നാണ് കരുതുന്നത്,’ മെസി പറഞ്ഞു.
ഫുട്‌ബോള്‍ കരിയറിലെ തന്റെ എട്ടാമത്തെ ബാലണ്‍ ഡി ഓര്‍ മെസി സ്വന്തമാക്കിയിരുന്നു. യുവതാരങ്ങളായ എര്‍ലിങ് ഹാലണ്ടിനേയും കിലിയന്‍ എംബാപ്പെയേയും പിന്തള്ളിക്കൊണ്ടായിരുന്നു മെസിയുടെ നേട്ടം. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് മെസിക്ക് ബാലണ്‍ ഡി ഓര്‍ നേടിക്കൊടുത്തത്.
ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്.
പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.
Content Highlights: Messi about Cristiano and their rivalry in football