| Thursday, 12th September 2019, 6:21 pm

തെരഞ്ഞെടുപ്പിനെ നേരിടാന്‍ 'ആര്‍.എസ്.എസ് മോഡല്‍'; പ്രേരക്മാരെ നിയമിക്കാന്‍ കോണ്‍ഗ്രസില്‍ തീരുമാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയെയും ആര്‍.എസ്.എസിനേയും പോലെ പ്രേരക്മാരെ നിയമിക്കാനൊരുങ്ങി കോണ്‍ഗ്രസും. പാര്‍ട്ടി പ്രത്യയശാസ്ത്രവും വിവിധ വിഷയങ്ങളിലെ പാര്‍ട്ടി നിലപാടും ജനങ്ങളില്‍ എത്തിക്കുന്നതിനാണ് കോണ്‍ഗ്രസ് പ്രേരക്മാരെ നിയമിക്കാനൊരുങ്ങുന്നത്.

തെരഞ്ഞെടുപ്പ് വേളകളില്‍ പ്രേരക്മാര്‍ സന്ദേശവാഹകരായി പ്രവര്‍ത്തിക്കുമെന്നും ഇത് പാര്‍ട്ടിയുടെ വളര്‍ച്ച അടിത്തട്ടില്‍ വരെ എത്തിക്കാന്‍ സഹായിക്കുമെന്നും കരുതിയാണ് ഇത്തരത്തിലുള്ള നീക്കം കോണ്‍ഗ്രസില്‍ നടക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് പ്രായോഗികമാകണമെങ്കില്‍ മാസന്തോറും ദേശീയ സംസ്ഥാന തലത്തില്‍ നടക്കുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ‘സംഘതന്‍ സംവാദ്’ എന്ന രീതിയില്‍ പ്രേരക്മാര്‍ ജില്ലാ പാര്‍ട്ടി ഓഫീസില്‍ ചര്‍ച്ച ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പാര്‍ട്ടിയെക്കുറിച്ച് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കാനും പാര്‍ട്ടി നിലപാടുകള്‍ ജനങ്ങളിലേക്ക് എത്താനും സഹായിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

സെപ്തംബര്‍ 3 ന് ദല്‍ഹിയില്‍ സംഘടിപ്പിച്ച ഒരു ദിവസം നീണ്ടു നിന്ന കോണ്‍ഗ്രസ് വര്‍ക്ക് ഷോപ്പിലാണ് പാര്‍ട്ടി പ്രേരകമാരെ നിയമിക്കുന്നതിനെക്കുറിച്ച് ചര്ച്ച നടന്നത്.

തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനായി പാര്‍ട്ടി ആര്‍.എസ്.എസ് മോഡലില്‍ ജനങ്ങളെ സമീപിക്കണമെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് നേരത്തെ പറഞ്ഞിരുന്നു.

‘ഞാന്‍ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തിന് എതിരാണ്. എന്നാല്‍ സംസ്ഥാനത്തെ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ നെറ്റ് വര്‍ക്കിലൂടെ എങ്ങനെയാണ് ആര്‍.എസ്.എസ് വളര്‍ന്നുവന്നതെന്നതിനെക്കുറിച്ച് പഠിക്കുന്നതിനെക്കുറിച്ചാണ് ഞാന്‍ ഊന്നല്‍ നല്‍കുന്നത്. നമുക്കറിയാം ആര്‍.എസ്.എസ് പ്രചാരകര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന്. അവര്‍ അവിടെ താമസിക്കുകയും ജനങ്ങളോട് സംവദിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു കാര്യം കോണ്‍ഗ്രസ് നടപ്പാക്കിയാല്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാവാന്‍ പോകുന്നത്.’ എന്നായിരുന്നു തരുണ്‍ ഗൊഗോയ് പറഞ്ഞത്.

നാലോ അഞ്ചോ ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഓരോ ഡിവിഷനും. ഒരു ഡിവിഷനല്‍ ലെവലില്‍ 3 പ്രേരക്മാരെയുമാണ് നിയമിക്കുന്നത്. പ്രേരക്മാരുടെ ആത്മവിശ്വാസവും അറിവും വര്‍ധിപ്പിക്കുന്നതിനായി 5 മുതല്‍ ഏഴ് ദിവസത്തെ പരിശീലനവും നല്‍കാനാണ്  പാര്‍ട്ടി പദ്ധതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന യൂണിറ്റുകള്‍ പ്രേരക്മാരെ എത്രയും പെട്ടെന്ന് ഓള്‍ ഇന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ നിര്‍ദേശിക്കണമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

We use cookies to give you the best possible experience. Learn more