| Friday, 13th January 2023, 9:33 am

സന്ദേശം മുഖ്യം ബിഗിലേ; വില്ലനിസത്തിന് പിന്നിലെ നന്മമരം ഗ്യാങ്സ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

Spoiler Alert

വലിമൈക്ക് ശേഷം എച്ച്. വിനോദും അജിത്തും വീണ്ടും ഒന്നിച്ച തുനിവ് ജനുവരി 11നാണ് റിലീസ് ചെയ്തത്. ഒരു ബാങ്ക് കൊള്ളയെ ആസ്പദമാക്കിയാണ് ചിത്രം തുടങ്ങുന്നത്. വിനായക് മഹാദേവ് എന്ന ഗ്യാങ്സ്റ്റര്‍ ലീഡറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചെന്നൈ നഗരത്തിലുള്ള യുവര്‍ ബാങ്ക് കൊള്ളയടിക്കുകയാണ്. പിന്നീട് ഉണ്ടാകുന്ന സംഭവങ്ങള്‍ ത്രില്ലര്‍ മോഡില്‍ ഒരുക്കിയിരിക്കുകയാണ് എച്ച്. വിനോദ്.

നായകന്റെ ആക്ഷനും മാസും ഫൈറ്റുമൊക്കെ ചേര്‍ന്ന സ്ഥിരം സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളുടെ ഫോര്‍മുല തന്നെയാണ് തുനിവും പിന്തുടരുന്നത്. ഒരു ഘട്ടം കഴിയുമ്പോള്‍ സന്ദേശം കൊടുക്കുക എന്ന സ്ഥിരം റൂട്ടിലേക്കും തുനിവ് മാറുന്നുണ്ട്. എങ്കില്‍ പോലും അത് മടുപ്പിക്കാത്ത രീതിയില്‍ ചിത്രത്തില്‍ പറഞ്ഞുപോകുന്നുണ്ട്. തന്നെയുമല്ല അത് പ്രാധാന്യമുള്ളതും അധികം തെന്നിന്ത്യന്‍ സിനിമകളില്‍ കണ്ടിട്ടില്ലാത്തതുമാണ്.

ഇന്നത്തെ കാലത്ത് ഭൂരിഭാഗം ജനങ്ങളുടേയും നിത്യജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള സ്ഥാപനമാണ് ബാങ്ക്. എന്നാല്‍ ബാങ്കുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതിലേക്ക് ചിത്രം ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. നല്‍കേണ്ട വിവരങ്ങളെ മറച്ചുവെച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് യഥാര്‍ത്ഥത്തില്‍ വന്‍കിട സാമ്പത്തിക സ്ഥാപനങ്ങള്‍ തന്നെയാണെന്ന് സിനിമ പറയുന്നു. ഓഹരി വിപണിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളേയും ചിത്രം തുറന്നുകാണിക്കുന്നുണ്ട്.

പറയേണ്ട വിഷയം തന്നെയാണ് ഇതെന്ന് കരുതുമ്പോള്‍ തന്നെ തനി വില്ലനിസം പിടിച്ചു പോവുകയായിരുന്നെങ്കില്‍ തുനിവ് കുറച്ചുകൂടി നന്നാവുമായിരുന്നില്ലേ എന്നൊരു സംശയവും ബാക്കിയാവാം. ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ മങ്കാത്തയിലേതുപോലെ ഒരു കട്ട വില്ലനിസം കാണാനാവുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ വില്ലന്‍ എന്ന് തോന്നിക്കുന്ന നായകന് പിന്നില്‍ മറഞ്ഞിരിക്കുന്ന നന്മയിലേക്ക് തന്നെയാണ് ചിത്രം പോയത്. കുടുംബവും പാസവും ഇല്ലാതിരുന്നത് മെച്ചമാവുകയും ചെയ്തു.

അജിത്തിന്റെ വണ്‍മാന്‍ ഷോ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തന്റെ സ്വതസിദ്ധമായ ഈവിള്‍ സ്‌മൈലും ഡയലോഗും ഡാന്‍സുമെല്ലാം ചേര്‍ത്ത് ചിത്രത്തെ എന്‍ഗേജിങ്ങാക്കുന്നത് അജിത്ത് തന്നെയാണ്.

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യറും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. നായകന്റെ നിഴലില്‍ ഒതുങ്ങാതെ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന കണ്‍മണിയായാണ് മഞ്ജു ചിത്രത്തിലെത്തിയത്. ഡയലോഗുകളെക്കാള്‍ കൂടുതല്‍ ആക്ഷനാണ് ഈ കഥാപാത്രത്തിന് കൂടുതല്‍. തന്റെ സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും സ്വാഗ് കൊണ്ടും കണ്‍മണിയെ മഞ്ജു മാസാക്കിയിട്ടുണ്ട്. ചിത്രത്തിലെ തന്റെ ആക്ഷന്‍ രംഗങ്ങളും അവര്‍ അനായാസം തന്നെ ചെയ്തിട്ടുണ്ട്.

സാധാരണ മലയാളത്തില്‍ നിന്നും ഒരു താരത്തെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടി വിളിക്കുമ്പോള്‍ അപ്രധാന കഥാപാത്രങ്ങളിലോ അല്ലെങ്കില്‍ നായക താരത്തിന്റെ നിഴലിലൊതുക്കുകയോ ചെയ്യുന്നു എന്ന വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ തുനിവില്‍ ആ പതിവ് രീതി മാറ്റിയിട്ടുണ്ട്. തുനിവിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നതെങ്കിലും മഞ്ജുവിന്റെ കണ്‍മണിക്ക് കയ്യടികള്‍ ഉയരുന്നുണ്ട്.

Content Highlight: message in the story of thunivu movie

We use cookies to give you the best possible experience. Learn more