കൈരാനയെന്ന വഴിത്തിരിവ്
Opinion
കൈരാനയെന്ന വഴിത്തിരിവ്
മുകുള്‍ കേശവന്‍
Saturday, 9th June 2018, 5:17 pm

കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനും ക്രിക്കറ്റ് എഴുത്തുകാരനുമായ മുകുള്‍ കേശവന്‍ ദല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ ചരിത്രവിഭാഗം പ്രൊഫസറാണ്.

കൈരാന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥി തബസും ഹസന്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ മൃഗാംകസിംഗിനെ തോല്‍പ്പിച്ച പല നിലയ്ക്കും പ്രാധാന്യമുള്ളതാണ്. അവരൊരു സ്ത്രീയാണ്. ഉത്തര്‍പ്രദേശിലെ 80 പാര്‍ലമെന്റ് സീറ്റുകളില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളുടെ എണ്ണം ഇതോടെ 14 ആയി. അവരൊരു മുസ്ലീമുമാണ്. യു.പിയില്‍ നിന്നുള്ള മുസ്ലിം എം.പിമാരുടെ എണ്ണം ഇതോടെ ഒന്നായി.

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ മുസ്ലീങ്ങള്‍ തങ്ങളുടെ പ്രാതിനിധ്യം പൂജ്യത്തില്‍ നിന്ന് ഒന്നില്‍ എത്തിക്കുന്നതിന്റെ പ്രതീകാത്മകമായ പ്രാധാന്യത്തെ നാം ഒട്ടും കുറച്ച് കാണേണ്ടതില്ല. മൊത്തം യു.പി ജനസംഖ്യയുടെ 20% മുസ്ലീങ്ങളാണ്. മിക്കപ്പോഴും ചില മണ്ഡലങ്ങളില്‍ കേന്ദ്രീകരിച്ചാണ് താമസിക്കുന്നതും.

ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിയെപ്പോലും നിര്‍ത്താതെ 73 സീറ്റ് നേടാനായത് ബി.ജെ.പിയുടെ ഭൂരിപക്ഷതാവാദ പ്രത്യയശാസ്ത്രത്തിന്റെ വിജയവും ബഹുസ്വര ജനാധിപത്യമെന്ന ആശയത്തിന്റെ പരാജയവുമായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് ഒറ്റ മുസ്ലിം എം.പിയെപ്പോലും യു.പി പാര്‍ലമെന്റിലേക്കയക്കാതിരുന്നത്.

 

പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വിജയിച്ച ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പറ്റിയെന്നല്ല. പ്രതിപക്ഷ വിജയങ്ങള്‍ ഒരു കുടുംബ ഏര്‍പ്പാടായിരുന്നു: സമാജ്‌വാദിക്ക് അഞ്ചു യാദവരെ വിജയിപ്പിക്കാന്‍ പറ്റിയപ്പോള്‍ കോണ്‍ഗ്രസിന് രണ്ടു ഗാന്ധിമാരെ പാര്‍ലമെന്റിലെത്തിക്കാന്‍ കഴിഞ്ഞു. സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും മുസ്ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. പക്ഷേ അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മഹാബസാറായ ഇലക്ഷനിലെ പങ്കാളികളും പരസ്പരം മത്സരിക്കുന്നവരുമായതുകൊണ്ട് ആരും ജയിച്ചില്ല.

മുസ്ലീംകളിലെ ഒരു മഹാഭൂരിപക്ഷം ബി.ജെ.പിക്കെതിരെ വോട്ടു ചെയ്തു എന്നു നാം കണക്കാക്കിയാല്‍ ഇന്ത്യയിലെ ഏറ്റവും ജനാധിപത്യമുള്ള സംസ്ഥാനത്ത് മുസ്‌ലിം വോട്ടിനെ തെരഞ്ഞെടുപ്പില്‍ അപ്രസക്തമാക്കാന്‍ തക്കവണ്ണം ഹിന്ദു വോട്ടുകളെ കൂട്ടായി ഏകോപിപ്പിക്കാന്‍ ബി.ജെ.പിക്കായെന്നാണ് അത് കാണിക്കുന്നത്.

താരതമ്യത്തിനായിപ്പറയട്ടെ, 2004ല്‍ ഒമ്പതും 2009ല്‍ ഏഴും മുസ്ലീങ്ങള്‍ യു.പിയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നോര്‍ക്കുന്നത് നന്നായിരിക്കും. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ മുസ്ലീങ്ങളെ മുസ്ലീങ്ങള്‍ പ്രതിനിധീകരിക്കണമെന്നില്ല. മുസ്ലിം പൗരന്മാരെ മുസ്ലീകളായി പ്രതിനിധീകരിക്കണം എന്നുമില്ല. എങ്കിലും സാമുദായിക ധ്രുവീകരണത്തിന്റെ ഗ്രാന്റ് മാസ്റ്റേഴ്സ് നയിക്കുന്ന സ്പഷ്ടമായ ഭൂരിപക്ഷതാവാദമുള്ള ഒരു പാര്‍ട്ടി, മുസഫര്‍നഗറിലെ ഭീകരമായ വര്‍ഗീയ കലാപത്തെ രാഷ്ട്രീയമെച്ചത്തിനായി ഉപയോഗിച്ച് ഒരു തെരഞ്ഞെടുപ്പ് തൂത്തുവാരുമ്പോള്‍ മുറിയിലുള്ള ആനയെ കാണാതിരിക്കരുത്.: യു.പി ബി.ജെ.പിയുടെ ആന്ത്യന്തിക ലക്ഷ്യത്തിന്റെ ഡ്രസ് റിഹേഴ്സലാണ്- മുസ്ലിം മുക്തരാഷ്ട്രീയമാണാ ലക്ഷ്യം.

 

മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തതിന് ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത് വിഡ്ഢിത്തമാണ്. ആ പാര്‍ട്ടിയുടെ നിലനില്‍പ്പിനു തന്നെ കാരണം ഹിന്ദു ധ്രവീകരണമാണ്. ഇന്ത്യയിലെ ജനസംഖ്യാപരമായ ഹിന്ദു ഭൂരിപക്ഷതയെ മുസ്ലീംകളോട് പ്രത്യേകിച്ചും മതന്യൂനപക്ഷങ്ങളോട് പൊതുവായും ഉള്ള ആഴത്തിലുള്ള ശത്രുതാ മനോഭാവം എന്ന ഒരൊറ്റ അടിസ്ഥാന ചോദനയ്ക്കു ചുറ്റും ഹിന്ദുക്കളെ സംഘടിപ്പിച്ച് അവരെ ബോധ്യമുള്ള ഒരു രാഷ്ട്രീയ ശക്തിയാക്കുകയാണ് അവരുടെ പദ്ധതി തന്നെ.

മുസ്‌ലിം വിരുദ്ധ പാര്‍ട്ടികള്‍ക്ക് ന്യായമായും മുസ്‌ലീംകള്‍ വോട്ട് ചെയ്യില്ലെന്ന കാരണത്താല്‍ തന്നെ ബി.ജെ.പി മുസ്‌ലീംകളെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് കാര്യവുമില്ല. പല തരത്തില്‍പ്പെട്ട ഹിന്ദു വോട്ടര്‍മാരെ ഒരുമിപ്പിച്ചാണ് വലിയ മുസ്‌ലിം ജനസംഖ്യയുള്ള മണ്ഡലങ്ങളില്‍പ്പോലും ബി.ജെ.പി ലോക്സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജയിച്ചത്. ഭൂരിപക്ഷവാദികള്‍ക്കെതിരായ വോട്ടുകള്‍ക്ക് ഒരുമിക്കാന്‍ ഒറ്റ സ്ഥാനാര്‍ത്ഥിയെ നല്‍കാന്‍ മറ്റുകക്ഷികള്‍ക്ക് കഴിയാതെ പോയതാണ് 2014ല്‍ ബി.ജെ.പിക്ക് ഇത്രവലിയ വിജയം ഇത്ര എളുപ്പത്തില്‍ കിട്ടാന്‍ കാരണം.

 

ഈ സാഹചര്യത്തിലാണ് തബസും ഹസന്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശം ചെയ്യപ്പെട്ടതും അവര്‍ തെരഞ്ഞെടുക്കപ്പെടുന്നതും പ്രധാനമാവുന്നത്. കൈരാനയിലെ വോട്ടര്‍മാരുടെ മൂന്നിലൊന്ന് മുസ്‌ലിംകളാണെങ്കിലും സംയുക്ത പ്രതിപക്ഷം ഈ നിര്‍ണായക തെരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിമിന് നാമനിര്‍ദേശം ചെയ്യുമെന്ന് ഉറപ്പിക്കാമായിരുന്നില്ല. മാത്രവുമില്ല 2004ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയലോക്ദള്‍ അനുരാധ ചൗധരിയെന്ന ജാട്ട് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാണ് ഈ മണ്ഡലം ജയിച്ചത് അവര്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നു.

കൈരാനയിലെ ഹിന്ദുക്കള്‍ നിര്‍ബന്ധിത പലായനത്തിന് വിധേയമാവുന്നു എന്ന കിംവദന്തി പരത്തി മരിച്ചുപോയ എം.പി ഹുക്കുംസിംഗ് രാഷ്ട്രീയ മൂലധനം ഉണ്ടാക്കിയിരുന്നുവെന്നതും മുസലിം ജാട്ട് സംഘര്‍ഷാവസ്ഥയും കണക്കിലെടുത്താല്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു ഹിന്ദുവാകണം സംയുക്തകക്ഷികളുടെ സ്ഥാനാര്‍ത്ഥിയെന്ന് ന്യായമായും വാദിക്കാമായിരുന്നു. ഇത് തെരഞ്ഞെടുപ്പിനെ ഹിന്ദു Vs മുസ്‌ലിം മത്സരമാക്കാനുള്ള ബി.ജെ.പി പദ്ധതിയെ തകര്‍ക്കും. മുസഫര്‍നഗറിനുശേഷം മുസ്‌ലീമിനു വോട്ടു ചെയ്യാതിരിക്കാന്‍ വേണ്ടി ബി.ജെ.പിയിലെത്തിയ ജാട്ടുകളെ തിരിച്ചുകൊണ്ടുവരാം. മാത്രവുമല്ല, മുസ്‌ലീംകളെ നഷ്ടപ്പെടുകയും ഇല്ല. അപ്പുറത്തു ബി.ജെ.പിയുള്ളപ്പോള്‍ അവരെവിടെപ്പോകാന്‍?

 

ഇതൊക്കെ പ്രായോഗികമായി കാര്യമുണ്ടെന്നു തോന്നിക്കാവുന്ന വാദങ്ങളാണ്. ഈ എളുപ്പത്തിലുള്ള യുക്തിക്കു വഴങ്ങിക്കൊടുക്കാത്തതിലൂടെ ഐക്യപ്രതിപക്ഷമുന്നണി ഒരു തെരഞ്ഞെടുപ്പ് ജയിക്കുക എന്നതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു കാര്യം നേടി. മുസ്‌ലീംകളെ പാര്‍ശ്വവത്കരിക്കുകയോ അവരുടെ പിന്തുണ എന്തായാലും തങ്ങള്‍ക്കുണ്ടെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനു പകരം മുസ് ലീംകളെ തെരഞ്ഞെടുപ്പില്‍ കൊണ്ടുവന്ന് പ്രവര്‍ത്തിക്കുന്നതും ഒരു വിജയിക്കുന്ന തന്ത്രമാണെന്നവര്‍ കാട്ടിത്തന്നു. ഈ പാഠം നൂര്‍പൂര്‍ അസംബ്ലി മണ്ഡലത്തിലെ നയീം ഉല്‍ഹാസന്റെ വിജയം കൊണ്ടു തെളിയിക്കപ്പെട്ടതാണ്. കൈരാനയിലെ കളിയുടെ വിജയം പ്രായോഗിക കൂട്ടുജീവിതത്തില്‍ കെട്ടിപ്പടുത്ത ഒരു രാഷ്ട്രീയനയത്തിന്റെ പ്രവര്‍ത്തനക്ഷമത കൂടി നമുക്ക് വ്യക്തമാക്കിത്തന്നു.

അതേസമയം താങ്ങാവുന്നതിലധികം വിവക്ഷകള്‍ തബസും ഹസന്റെ വിജയത്തിനു കൊടുക്കാതിരിക്കേണ്ടതുമാണ്. രാഹുല്‍ ഗാന്ധിയേയും അഖിലേഷ് യാദവിനേയും പോലെ അവരും സ്വന്തം ബിസിനസ്സ് രാഷ്ട്രീയമാക്കിയ ഒരു കുടുംബത്തില്‍ നിന്നാണ്. അവരുടെ മരിച്ചുപോയ ഭര്‍ത്താവ് 1996ല്‍ ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചതാണ്. അതിനുമുമ്പ് അദ്ദേഹത്തിന്റെ പിതാവും. തബസുമിന്റെ മകന്‍ നിഹാദ് ഹസന്‍ 2014ല്‍ ഹുക്കും സിംഗിനെതിരെ മത്സരിച്ച് തോല്‍ക്കുകയും ചെയ്തു. ഹസന്‍ കുടുംബാംഗങ്ങള്‍ ബി.ജെ.പി ഒഴിച്ചുള്ള യു.പിയിലെ എല്ലാ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളായിരുന്നിട്ടുണ്ട് താനും.

 

നമ്മുടെ ശ്രദ്ധ തബസും ഹസന്‍ അര്‍ഹിക്കുന്നത് ഒരു മുസ്‌ലീമിന് വിജയിക്കുന്ന ഒരു രാഷ്ട്രീയ മുന്നണിയുടെ മുഖമാകാന്‍ കഴിയും എന്നു തെളിയിച്ചതുകൊണ്ടാണ്. മോദിക്കുശേഷമുള്ള ഇന്ത്യയിലോ യോഗിക്കുശേഷമുള്ള യു.പിയിലോ മുസ്‌ലീംകള്‍ രാഷ്ട്രീയമായി അണുവികിരണമുള്ള തൊടാന്‍ പേടിക്കേണ്ട എന്തോ വിഭാഗമല്ലെന്നു കാണിച്ചു തന്നതുകൊണ്ടും..

ഇതിന് രാഷ്ട്രീയലോക്ദളിന്റെ ജയന്ത് ചൗധരി അനുമോദനമര്‍ഹിക്കുന്നു. മുമ്പ് സമാജ്‌വാദിയുടെ ഒപ്പമുണ്ടായിരുന്ന ഒരാളെ സ്വന്തം പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കുകയെന്ന റിസ്‌ക് മുസ്‌ലീംകളും തന്റെ പ്രധാനശക്തിയായ പടിഞ്ഞാറന്‍ യു.പിയിലെ ജാട്ടുകളും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിയിലും അദ്ദേഹം എടുത്തു. ജാട്ടുകള്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളാണെന്ന തരത്തില്‍ ബി.ജെ.പി നടത്തിയ പ്രചാരണങ്ങള്‍ക്കെതിരെ കരിമ്പ് കര്‍ഷകരുടെ സാമ്പത്തിക പ്രയാസങ്ങളും സങ്കടങ്ങളും നിരത്തി അദ്ദേഹം പ്രചാരണം നടത്തി. (ഗന്ന- കരിമ്പ്- ആണ് ജിന്നയല്ല ഇവിടുത്തെ പ്രശ്നം എന്നദ്ദേഹം ചുരുക്കി അവതരിപ്പിച്ചു.) തങ്ങളുടെ ആളെക്കൂട്ടാനുള്ള കഴിവിനെ രാഷ്ട്രീയലോക്ദളിന്റെ പ്രചരണത്തില്‍ മുഴുവനായും ഉപയോഗിക്കപ്പെടുത്താന്‍ നല്‍കിയെങ്കിലും ജയന്ത് ചൗധരിയെ കാംപെയ്ന്‍ നയിക്കാന്‍ മുന്നില്‍ നിര്‍ത്താനുള്ള രാഷ്ട്രീയ വിവേകം മായാവതിയും അഖിലേഷ് യാദവും കാണിച്ചു.

മൂര്‍ത്തതയുടെയും ഒരുമിച്ചു കൂട്ടലിന്റേതുമായ രാഷ്ട്രീയം ബി.ജെ.പിയുടെ ഭൂരിപക്ഷവാദത്തെ പരാജയപ്പെടുത്തി; യു.പിയിലെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള മുസ്‌ലീംകളെ തിരിച്ചുകൊണ്ടുവന്നു; 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ യു.പിയില്‍ ഒരു ജാട്ട്- മുസ്‌ലിം- ജാതവ് ഐക്യത്തിന്റെ രാഷ്ട്രീയസാധുതയ്ക്ക് ഉദാഹരണം നല്‍കി.

 

ഭൂരിപക്ഷതാവാദം ഒരു രാജ്യത്തിന്റെ രാഷ്ട്രീയസാമാന്യബോധമായി മാറുന്നതിന്റെ അപകടം അധികാരത്തിലുള്ള പാര്‍ട്ടിയുടെ മര്‍ക്കടമുഷ്ടിയും മതഭ്രാന്തും മാത്രമല്ല, അത് പ്രതിപക്ഷത്തെക്കൂടി സ്വന്തം ഇമേജില്‍ ഉണ്ടാക്കിയെടുക്കും എന്നതാണ്. മ്യാന്‍മര്‍ നല്ല ഉദാഹരണമാണ്. പുതിയ ഭരണഘടനയ്ക്ക് കീഴില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ബുദ്ധിസ്റ്റുകള്‍ വോട്ടര്‍മാരായുള്ള ഇലക്ടറേറ്റിനെ അകറ്റാന്‍ മടിച്ച് ആംഗ് സാന്‍ സൂകിയുടെ ലിബറല്‍ പ്രതിപക്ഷം ഒരു മുസ്‌ലിം സ്ഥാനാര്‍ത്ഥിയെപ്പോലും തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയില്ല. പട്ടാളക്കൂട്ടായ്മയുടെ പാര്‍ട്ടിയായ നാഷണല്‍ യൂനിറ്റി പാര്‍ട്ടി എന്തായാലും ഭൂരിപക്ഷവാദികളാണ്. ബുദ്ധിസ്റ്റ് മേല്‍കോയ്മാവാദികളിലെ തീതുപ്പുന്ന പുരോഹിതനായ അഷിന്‍ വിരാതുവിനെപ്പോലുള്ളവരുടെ ശരിയായ വിജയം സൂകിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ ഭീരുത്വത്തോടെയുള്ള അടിയറവായിരുന്നു.

റാഖിനെയില്‍ മ്യാന്‍മര്‍ പട്ടാളം നടത്തിയ വംശീയഹിംസയ്ക്ക് ആംഗ് സാന്‍ സൂകി നല്‍കിയ അംഗീകാരം ഭയപ്പെടുത്തുന്ന ഒരു ഗുണപാഠം കഥയാണ്: മുസ്‌ലീംകളെ തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനെ പ്രതിരോധിക്കാതെ ഇരിക്കുന്നതില്‍ നിന്ന്, അവരെ സ്ഥാനാര്‍ത്ഥികളാക്കാതിരിക്കുന്നതില്‍ നിന്ന് രോഹിംഗ്യകളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിന്റെ ന്യായീകരിക്കുന്നതിലേക്കെത്തുന്ന റോഡ് വളരെച്ചെറുതാണ് എന്നതാണോ പാഠം.

ഇന്ത്യയിലെ പ്രതിപക്ഷം ഈ റോഡിനു കുറുകേ നിന്ന് “പറ്റില്ല” എന്നു പറഞ്ഞുവെന്നതാണ് കൈരാനാ ഉപതെരഞ്ഞെടുപ്പിന്റെ പ്രധാന്യം. ഇതിനു സ്വയം സംരക്ഷണമടക്കം പല കാരണങ്ങളുമുണ്ടാകാം. പക്ഷേ ഈ യോജിപ്പിന്റെ ഭാഷ, അതിനെ ന്യായീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ത്ഥി ഏറ്റവും പ്രധാനമായി, തബസും ഹസന്റെ വിജയം, ഇതൊക്കെയാണ് കൈരാനയെ ഒരു നാഴികക്കല്ലാക്കുന്നതും ഒരുപക്ഷേ ഇന്ത്യയിലെ ഭൂരിപക്ഷതാവാദത്തിന്റെ രാഷ്ട്രീയാരോഹണത്തിലെ വഴിത്തിരിവാക്കുന്നതും.

മൊഴിമാറ്റം: എന്‍.പി ആഷ്‌ലി (ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ ഇംഗ്ലീഷ് അധ്യാപകനാണ്.)

മുകുള്‍ കേശവന്‍
കോളമിസ്റ്റും രാഷ്ട്രീയനിരീക്ഷകനും ക്രിക്കറ്റ് എഴുത്തുകാരനുമായ മുകുള്‍ കേശവന്‍ ദല്‍ഹി ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ ചരിത്രവിഭാഗം പ്രൊഫസറാണ്.