| Thursday, 2nd May 2019, 11:47 am

ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസല്‍ ഗഫൂര്‍ കരുതരുത്; മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതരിരെ ഇ.കെ സമസ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോളെജുകളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി (എം.ഇ.എസ്) ന്റെ സര്‍ക്കുലറിനെതിരെ ഇ.കെ വിഭാഗം സമസ്ത. ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തില്‍ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കില്‍ അത് നടക്കുക തന്നെ ചെയ്യുമെന്നും ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല കേരളമാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

മതവിരുദ്ധതയില്‍ മുമ്പേ പേരെടുത്ത പിതാവിന്റെ പാരമ്പര്യമുള്ള, താനൊരു അള്‍ട്രാ സെക്കുലറാണെന്ന് ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താന്‍ ഇടക്കിടെ കോമാളി വേഷം കെട്ടുന്ന പുത്രനും ഇതിലപ്പുറവും ചെയ്‌തേക്കാം. പക്ഷെ വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസല്‍ ഗഫൂര്‍ കരുതരുതെന്നും സത്താര്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് അവരുടെ സംഭാവനകളെ ഒട്ടും ചെറുതായി കാണുന്നില്ല. പക്ഷെ രാജ്യത്ത് മുസ്‌ലിംകള്‍ നിലനില്‍പ്പിന്റെ വെല്ലുവിളികള്‍ നേരിടുകയും അത് വേണ്ടുവോളം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു തെരഞ്ഞെടുപ്പ് കാലത്ത്, മുഖം മറച്ച പര്‍ദ്ദയും ധരിച്ച് മുസ്‌ലിം പെണ്‍കുട്ടികള്‍ തങ്ങളുടെ കാമ്പസുകളില്‍ എത്താതിരിക്കാന്‍ കോടതി വിധി സമ്പാദിക്കുന്ന തിരക്കിലായിരുന്നു എം.ഇ.എസ് എന്ന് കേള്‍ക്കുമ്പോള്‍ നാം അത്ഭുതപ്പെടുകയാണെന്നും സത്താര്‍ കൂട്ടിച്ചേര്‍ത്തു.

‘മുസ്‌ലിം സ്ത്രീകളില്‍ ചിലര്‍ മുഖം കൂടി മറച്ച് പര്‍ദ്ദ ധരിക്കുന്ന വസ്ത്രധാരണ രീതി ലോക വ്യാപകമാണ്. അതിനോട് താത്പര്യമുള്ളവര്‍ അങ്ങനെ ധരിക്കുന്നതില്‍ ആര്‍ക്കും പ്രയാസവുമില്ല. വര്‍ത്തമാന കാലത്ത് അത് അനിവാര്യമാണെന്ന് ചിന്തിക്കുന്നവരുമുണ്ട്. എല്ലാം തുറന്നിടാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് പരിഷകൃതവും മറച്ച് വെക്കാനുള്ള അവകാശത്തെ കുറിച്ച് പറയുന്നത് അപരിഷ്‌കൃതവുമാവുന്നതിലെ കാപട്യം നമുക്ക് തിരിച്ചറിയാവുന്നതാണെന്നും സത്താര്‍ വ്യക്തമാക്കി.

അടുത്ത അധ്യയന വര്‍ഷം മുതല്‍ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസിന്റെ ര്‍ക്കുലറില്‍ പറയുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. കെ പി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു.

പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.

ഇത് നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യായന വര്‍ഷത്തെ കോളെജ് കലണ്ടര്‍ തയ്യാറാക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.
മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാര്‍ഥികള്‍ ക്ലാസുകളിലെത്തുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നല്‍കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more