| Tuesday, 27th June 2023, 5:52 pm

ഞങ്ങൾക്ക് ഡയലോഗ് തരാൻ പോയപ്പോൾ ഡയലോഗ് വേണ്ടെന്ന് സംവിധായകൻ പറഞ്ഞു; അവർ പോസ്റ്ററിൽ നിന്നും എന്നെ കീറി കളഞ്ഞു: മേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ ഡയലോഗില്ലാതെയാണ് താൻ അഭിനയിച്ചതെന്ന് നടി മേരി. സിനിമയുടെ പോസ്റ്ററിൽ ഉൾപ്പെടുത്തിയതിൽ അസൂയ ഉള്ളവർ തന്റെ ചിത്രം മാത്രം കീറി കളഞ്ഞെന്നും തന്റെയും നടി ബേബിയുടെയും അഭിനയം കണ്ട നിവിൻ പോളി ഉൾപ്പെടെയുള്ളവർ നിർത്താതെ ചിരിക്കുകയായിരുന്നെന്നും മേരി പറഞ്ഞു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മേരി.

‘ആക്ഷൻ ഹീറോ ബിജുവിലെ കഥാപാത്രം ചെയ്തപ്പോൾ റിഹേഴ്‌സൽ ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് ഡയലോഗ് എഴുതാൻ പോയപ്പോൾ ഇവർക്ക് രണ്ടുപേർക്കും ഡയലോഗ് വേണ്ട, അവർ പറഞ്ഞോളും, വേണ്ടത് ഞാൻ എടുത്തോളാം എന്നാണ് സാർ പറഞ്ഞത്. ദൈവമേ, ഇവിടെ ഇരുന്ന് എന്ത് പറയാനാണ് എന്ന് ഞാൻ ഓർത്തു.

ആ സീൻ ഷൂട്ട് ചെയ്യുകയാണെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. മൈക്ക് ഒക്കെ സെറ്റ് ചെയ്തിട്ടുണ്ടായിട്ടിരുന്നെങ്കിലും ഇങ്ങനൊരു രീതി ഞങ്ങൾക്ക് പരിചയമില്ലായിരുന്നു. ‘ഞങ്ങൾ പരാതിയെക്കുറിച്ച് പൊലീസുകാരോട് പറയുന്ന സീൻ ഉണ്ട്. അപ്പോൾ ‘മാക്കാച്ചിയെപ്പോലെ ഉള്ള ആളാണെന്ന്’ പറയുന്ന ഡയലോഗ് കേട്ടിട്ട് നിവിൻ പോളി ചിരി നിർത്തുന്നുണ്ടായില്ല. ക്യാമറ മാൻ ഒക്കെ ചിരി തുടങ്ങിയിട്ട് നിർത്തുന്നേയില്ല. ഷൂട്ടിങ് നടത്താൻ പറ്റാതെ വന്നപ്പോൾ സംവിധായകൻ വന്ന് പറഞ്ഞിട്ടാണ് രണ്ടാമത് ഷൂട്ടിങ് തുയിടങ്ങിയത്. ഷൂട്ട് കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. അപ്പോഴാണ്‌ ഞങ്ങൾക്ക് സന്തോഷമായത്,’ മേരി പറഞ്ഞു.

ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ച മറ്റൊരു നടിയെ ചിത്രത്തിന്റെ പോസ്റ്ററിൽ ഉൾപ്പെടുത്തുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ തന്നെയും ഉൾപ്പെടുത്തണമെന്ന് പറയുകയായിരുന്നെന്നും എല്ലായിടത്തും പോസ്റ്ററിൽ വരുമെന്ന് പ്രതീക്ഷിച്ചിട്ടില്ലായിരുന്നെന്നും മേരി പറഞ്ഞു.

‘ആ ചിത്രത്തിൽ അഭിനയിച്ച മറ്റൊരാളെ പോസ്റ്ററിൽ ഉൾപ്പെടുത്തുമെന്ന് പറഞ്ഞപ്പോൾ ഞങ്ങളെയും പോസ്റ്ററിൽ ഉൾപ്പെടുത്തണമെന്ന് ഞാൻ അവരോട് പറഞ്ഞിരുന്നു. ഞങ്ങൾ നോക്കിയപ്പോൾ എല്ലാ നാട്ടിലെയും പോസ്റ്ററിൽ ഞങ്ങൾ ഉണ്ട്. എനിക്കൊട്ടും പ്രതീക്ഷയിലായിരുന്നു.

ഞങ്ങളുടെ നാട്ടിലെ കുറച്ച് അസൂയക്കാർ ഉണ്ടായിരുന്നു. അവർ പോസ്റ്ററിൽ നിന്നും എന്നെ കീറി കളയും, എന്നിട്ട് ബേബിയുടെ ചിത്രം മാത്രം വെക്കും. ഞാൻ പോസ്റ്റർ ഡിസൈൻ ചെയ്യുന്നവരെ വിളിച്ചിട്ട് പറഞ്ഞു അവർ എന്നെ മാത്രം കീറി കളഞ്ഞെന്ന്. കീറും തോറും നമുക്ക് വേറെ പോസ്റ്റർ വെച്ചുകൊണ്ടേയിരിക്കാമെന്ന് പുള്ളി പറഞ്ഞു,’മേരി പറഞ്ഞു.

Content Highlights: Mery on Action Hero Biju

We use cookies to give you the best possible experience. Learn more