പാര്‍ട്ടിയിലെ ഒരാളും ബിനോയ്‌ക്കെതിരായ കേസില്‍ ഇടപെടില്ല; കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും മേഴ്‌സിക്കുട്ടിയമ്മ
Kerala
പാര്‍ട്ടിയിലെ ഒരാളും ബിനോയ്‌ക്കെതിരായ കേസില്‍ ഇടപെടില്ല; കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും മേഴ്‌സിക്കുട്ടിയമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2019, 11:50 am

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പരാതിയില്‍ പൊലീസ് അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കട്ടെയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ.

തെറ്റ് ചെയ്തവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

”നിയമം നിയമത്തിന്റെ വഴിക്കു പോകും. കുറ്റം ചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ പോലീസ് അന്വേഷണം നടത്തട്ടെ, ഉചിതമായ നടപടി സ്വീകരിക്കട്ടെ. പാര്‍ട്ടിയിലെ ആരും അതില്‍ ഇടപെടാന്‍ പോകുന്നില്ല.

ആരാണോ തെറ്റ് ചെയ്തത് അവര്‍ അനുഭവിക്കുകയല്ലാതെ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ല. പാര്‍ട്ടിയുടെ ഇമേജിനെ ബാധിക്കുന്ന പ്രശ്നവുമല്ല അത്. പാര്‍ട്ടി പി ബി അംഗങ്ങള്‍ തൊട്ട് സംസ്ഥാന നേതൃത്വം വരെ വളരെ കൃത്യമായി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിലെ പാര്‍ട്ടിക്കെതിരായ ഒരു വിഷയമായി ഇതിനെ ആരെങ്കിലും മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അടിസ്ഥാനരഹിതമാണ്. ആരാണോ കുറ്റം ചെയ്തത്, കുറ്റം ചെയ്തയാള്‍ ശിക്ഷിക്കപ്പെടും. അതില്‍ യാതൊരു സംശയവുമില്ല- മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ദുബായില്‍ ഡാന്‍സ് ബാറില്‍ മുമ്പ് ജോലി ചെയ്തിരുന്ന ബിഹാര്‍ സ്വദേശിനിയാണ് ബിനോയിക്കെതിരെ ലൈംഗിക ചൂഷണ പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ലൈംഗികചൂഷണം നടത്തിയെന്നും ഈ ബന്ധത്തില്‍ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിട്ടുണ്ട്.

2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബൈയില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അവിടെ വെച്ചാണ് യുവതി ബിനോയിയെ പരിചയപ്പെടുന്നതെന്ന് പരാതിയില്‍ പറയുന്നു.

‘ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുപോയി. 2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ളാറ്റ് വാടകക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബൈയില്‍ നിന്നും വന്നുപോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നു’ യുവതിയുടെ പരാതിയില്‍ പറയുന്നു.

‘2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി’യെന്നും പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിനോയിക്കെതിരെ ഐ.പി.സി 376, 376(2), 420, 504, 506 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിന്മേല്‍ അന്വേഷണം ആരംഭിച്ചതായി ഓഷിവാര പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ ശൈലേഷ് പസല്‍വാര്‍ പറഞ്ഞു.

അതേസമയം യുവതിയുടെ പരാതിയില്‍ ഇടപെടില്ലെന്ന് സി.പി.ഐ.എം കേന്ദ്രനേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുമായി ബന്ധമുള്ള വിഷയമല്ലെന്നും അതുകൊണ്ട് തന്നെ പാര്‍ട്ടി ഇടപെടേണ്ടതില്ലെന്നുമാണ് കേന്ദ്രനേതൃത്വം പ്രതികരിച്ചത്.

ആരോപണ വിധേയര്‍ തന്നെ കേസ് സ്വയം നേരിടണമെന്നുമാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത കേസില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമില്ലെന്നാണ് നേതൃത്വം പ്രതികരിച്ചത്.

എന്നാല്‍ തനിക്കെതിരെ മുംബൈയില്‍ യുവതി നല്‍കിയ പരാതി തള്ളി ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് കേസെന്നാണ് ബിനോയ് പറഞ്ഞത്.