ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★☆☆☆
ചിത്രം : മെര്‍സല്‍
സംവിധാനം : അറ്റ്‌ലീ
കഥ,തിരക്കഥ :കെ.വി വിജയേന്ദ്ര പ്രസാദ്, ആറ്റ്‌ലി, എസ് രമണ ശ്രീവാസന്‍
നിര്‍മ്മാണം : എന്‍ രാമസ്വാമി,ഹേമ രുക്മിണി
ഛായാഗ്രഹണം : ജി.കെ വിഷ്ണു
സംഗീതം : എ.ആര്‍ റഹ്മാന്‍
തെരിക്ക് ശേഷം വിജയ് ആറ്റ് ലി ടീമിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മെരസല്‍ മലയാളത്തില്‍ വിസ്മയിപ്പിക്കുക എന്നര്‍ത്ഥം വരുന്ന ഈ സിനിമ പ്രേക്ഷകനെ എത്രത്തോളം വിസ്മയിപ്പിച്ചു എന്നത് ചോദ്യമാണ്.
വിജയ് ആറ്റ് ലി കൂട്ട്‌കെട്ട്, ബാഹുബലിയുടെയും ബജ്‌റംഗി ഭായ്ജാന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ വിജയേന്ദ്രപ്രസാദിന്റെ തിരക്കഥ, ഒരു ഇടവേളക്ക് ശേഷം വടിവേലുവിന്റെ തിരിച്ച് വരവ്, എ.ആര്‍ റഹ്മാന്റെ സംഗീതം എസ്.ജെ സൂര്യ, സത്യരാജ്, ഹരീഷ് പേരടി, നിത്യാ മേനോന്‍, കോവെയ് സരള , കാജല്‍ അഗര്‍വാള്‍, സാമന്ത തുടങ്ങി വമ്പന്‍ താര നിര ഇതെല്ലാം നല്‍കിയ വന്‍ പ്രതീക്ഷകളോടെയാണ് മെരസലിന് ടിക്കറ്റ് എടുത്തത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ മെരസലിന് കഴിഞ്ഞിട്ടില്ലെന്ന് തന്നെ വേണം പറയാന്‍. വിജയുടെ ഹിറ്റ് ചിത്രങ്ങളുടെ പല ഘടകങ്ങള്‍ കൂട്ടി ചേര്‍ത്താല്‍ മെരസലായെന്ന് ഒറ്റവാക്കില്‍ പറയാം.
പക്ഷെ ഒറ്റയടിക്ക് തള്ളികളയാന്‍ കഴിയാത്ത സിനിമ കൂടിയാണ് മെരസല്‍. രണ്ട് കാലഘട്ടങ്ങളിലായി വ്യത്യസ്ഥ ഇടങ്ങളിലായാണ് ചിത്രം നടക്കുന്നത്.
ചിത്രം ആരംഭിച്ച് ആദ്യ മിനിറ്റില്‍ തന്നെ പ്രേക്ഷകനെ പിടിച്ച് ഇരുത്താന്‍ കഴിയുന്ന ത്രില്ലറാണ് ചിത്രമെന്ന് സൂചന നല്‍കുന്നുണ്ട്. തമിഴ്‌നാട്ടിലെ വ്യത്യസ്ഥ ഇടങ്ങളിലായി നാലുപേരെ കാണാതാകുന്നതും ഇതിന്റെ പേരില്‍ കഥാനായകനായ ഡോ: മാരനെ അറസ്റ്റ് ചെയ്യുന്നതോടെ ചിത്രത്തിന്റെ പിരിമുറുക്കം വര്‍ധിപ്പിക്കുന്നു. തുടര്‍ന്നങ്ങോട്ട് മാരനിലൂടെ ചിത്രത്തിന്റെ കഥ ചുരുളഴിയുകയാണ്.
അഞ്ച് രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിക്കുന്ന മാരന്‍ എന്തിന് ഈ കൃത്യം ചെയ്തതെന്ന് പ്രേക്ഷകന് ഊഹിക്കാവുന്ന രീതിയില്‍ ആയിരുന്നിട്ട് കൂടി വ്യത്യസ്ഥത രീതിയില്‍ ചിത്രത്തെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തില്‍ പലപ്പോഴായി ഉള്ള നായക എന്‍ട്രികള്‍ എല്ലാം തന്നെ ഏറേ അവശേത്തോടെയാണ് പ്രേക്ഷകന്‍ ഏറ്റെടുത്തത്.
പാവപ്പെട്ട രോഗികളെ ചികില്‍സിക്കുന്ന, ഫോണും സോഷ്യല്‍മീഡിയ സംവിധാനങ്ങളും ഉപയോഗിക്കാത്ത മാരന് പാരിസില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്കുള്ള പുരസ്‌ക്കാരം ലഭിക്കുകയും അത് വാങ്ങാനായി അവിടെ എത്തുകയും ചെയ്യുകയാണ്. എന്നാല്‍ അവിടെ ചിത്രത്തിന് നിര്‍ണ്ണായകമായ വഴിത്തിരിവ് ഉണ്ടാവുകയാണ്.
തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തിന് ഒരു സന്ദേശം നല്‍കാന്‍ വിജയ് ശ്രമിക്കാറുണ്ട്. ഈ പ്രാവശ്യം മെഡിക്കല്‍ ചികിത്സാ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെയാണ് ചിത്രം നിലകൊള്ളുന്നത്. സ്വകാര്യ ആശുപത്രികളുടെ കൊള്ളയും സര്‍ക്കാര്‍ ആശുപത്രകളുടെ അവസ്ഥയും ചിത്രം തുറന്ന് കാണിക്കുന്നു.
സമകാലിന ഇന്ത്യയിലേ വിവിധ പ്രശ്‌നങ്ങളില്‍ തന്റെ നിലപാടുകള്‍ അവതരിപ്പിക്കാന്‍ വിജയ് സിനിമ ഉപയോഗിക്കുന്നുണ്ട് 7% ജി.എസ്.ടി ഉള്ള സിഗപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്.
ഗൊരഖ്പ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ മരണമടഞ്ഞതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. രാജ്യത്ത് ക്ഷേത്രങ്ങളല്ല പകരം ആശുപത്രികളാണ് ഉയരേണ്ടതെന്നും ചിത്രം പറയുന്നുണ്ട്. അതേ സമയം മറ്റ് ഏല്ലാ ചിത്രങ്ങളെയും പോലെ പുട്ടിന് പീരയെന്ന രീതിയില്‍ തമിഴ് വികാരം ഉയര്‍ത്താനും നായകന്‍ തയ്യാറാവുന്നുണ്ട്.
ആദ്യമായാണ് വിജയ് മൂന്ന് വ്യത്യസ്ഥ റോളുകളില്‍ എത്തുന്നത്. വിജയുടെ ഏത് ചിത്രം പോലെ തന്നെയും ഒരു വണ്‍മാന്‍ ഷോ തന്നെയാണ് ഈ ചിത്രവും. ഡോ:മാരന്‍, മജിഷ്യനായ വെട്രി, ദളപതി എന്ന് വിളിക്കുന്ന വെട്രിമാരന്‍ എന്നിങ്ങനെ മുന്ന് കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്.
പക്ഷേ ചിത്രത്തിന്റെ ആദ്യ പകുതിയിലെ ചടുലത രണ്ടാം പകുതിയില്‍ ആവര്‍ത്തിക്കാന്‍ ചിത്രത്തിന് കഴിയുന്നില്ല. മധുരയിലെ ഒരു ഗ്രാമത്തിലെ ദളപതി എന്ന വെട്രിമാരന്റെയും അവര്‍ക്ക് മാരനുമായുള്ള ബന്ധത്തിന്റെയും കഥയും നായകന്റെ പ്രതികാരവുമെല്ലാം ചേര്‍ന്ന് ഒരു ടിപ്പിക്കല്‍ തമിഴ് സിനിമയിലേക്ക് സിനിമ വഴിത്തിരിയുന്നുണ്ട്.
നായികമാരില്‍ നിത്യമേനോന് ഒഴിച്ച് മറ്റുള്ളവര്‍ക്കൊന്നും പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു. വില്ലനായി വന്ന എസ്.ജെ സൂര്യ ആദ്യ പകുതിയില്‍ മികച്ച് പ്രകടനം കാഴ്ച വെച്ചെങ്കിലും രണ്ടാം പകുതിയില്‍ പലപ്പോഴും അരോചകമായി എന്നു വേണം പറയാന്‍.
ഏറെ നിരാശപ്പെടുത്തിയത് എ.ആര്‍ റഹ്മാന്റെ സംഗീതം തന്നെയാണ് ശരാശരിയില്‍ മാത്രം ഒതുങ്ങിപോയ പാട്ടുകള്‍ പ്രേക്ഷകനെ സന്തോഷിപ്പിച്ചില്ല. മികച്ച വിഷ്വലുകള്‍ ചിത്രത്തില്‍ ഉളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗ്രാഫിക്‌സ് രംഗങ്ങള്‍ പലപ്പോഴും കല്ലുകടിയായി.
ചിത്രത്തിലേ മാജിക്ക് രംഗങ്ങള്‍ കണ്ട് ഇങ്ങനെയൊക്കെ മാജിക്ക് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിക്കാന്‍ പാടില്ലെന്ന് മാത്രം. ഷാരുഖ് ഖാന്‍ മുതല്‍ വിജയകാന്ത് വരെയുള്ള വരുടെ റഫറന്‍സുകളും ചില വിദേശ സിനിമകളിലെ രംഗങ്ങളും ചിത്രത്തില്‍ സമര്‍ത്ഥമായി സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാല്‍ ഒരു ഫെസ്റ്റിവല്‍ വിജയ് ചിത്രം പ്രതീക്ഷിച്ച് പോകുന്ന പ്രേക്ഷകനെ ചിത്രം നിരാശപ്പെടുത്തില്ലെന്ന് വേണം പറയാന്‍.