| Wednesday, 20th December 2023, 7:24 pm

'വിട്ടുകൊടുക്കലിനേക്കാൾ നല്ലത് വയലൻസാണ്' മെറി ക്രിസ്മസുമായി വിജയ് സേതുപതിയും കത്രീന കൈയ്ഫും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘വിജയ് സേതുപതിയും കത്രീന കൈയ്ഫും പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം മെറി ക്രിസ്മസിന്റെ ട്രെയ്ലർ പുറത്ത് വിട്ടു. ബദ്ലപൂർ, അന്ധാദൂൻ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ശ്രീറാം രാഘവൻ ആണ് മെറി ക്രിസ്മസ് സംവിധാനം ചെയ്യുന്നത്.

മലയാളിയായ മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കത്രീന കൈയ്ഫ് നായികയായി അവസാനം എത്തിയ ചിത്രം ഫോൺ ഭൂത് ആയിരുന്നു. ഈ വർഷം ബോക്സ്‌ ഓഫീസിൽ വമ്പൻ ചലനം ഉണ്ടാക്കിയ ഷാരുഖ് ഖാൻ ചിത്രം ജവാനിൽ വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ശ്രീറാം രാഘവന്റെ മുൻ ചിത്രങ്ങൾ പോലെ മെറി ക്രിസ്മസും ഒരു ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രമാണെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ശ്രീറാം രാഘവനോടൊപ്പം അർജിത് ബിശ്വാസ്, പൂജ ലത സുർതി തുടങ്ങിയവരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത്. ഒരു ക്രിസ്മസ് ദിവസം രാത്രി അരങ്ങേറുന്ന കഥയാണ് ചിത്രം പറയുന്നത്.

‘ചില സമയങ്ങളിൽ വിട്ടുകൊടുക്കലിനേക്കാൾ നല്ലത് വയലൻസാണ്,’ ചിത്രത്തിലെ വിജയ് സേതുപതിയുടെ കഥാപാത്രം പറയുന്ന ഡയലോഗ് ആണിത്. രണ്ടര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയ്ലറിൽ റൊമാന്റിക് സീനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അന്ധാദൂൻ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് വാങ്ങിയ ശ്രീറാമിനോടൊപ്പം കത്രീന കൈയ്ഫും വിജയ് സേതുപതിയും ഒന്നിക്കുമ്പോൾ വമ്പൻ പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. ചിത്രം തമിഴിലും ഹിന്ദിയിലുമായിട്ടാണ് ഒരുങ്ങുന്നത്.

Content Highlight: Merry Christmas Movie Trailer Released

We use cookies to give you the best possible experience. Learn more