എം.എം അക്ബര്‍ വിഷയത്തില്‍ എന്ത് മെറിറ്റ്
News of the day
എം.എം അക്ബര്‍ വിഷയത്തില്‍ എന്ത് മെറിറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th January 2017, 3:37 pm

എം.എം അക്ബര്‍ ഏതെങ്കിലും രീതിയിലുള്ള ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായോ പിന്തുണച്ചതായോ അക്ബറിന്റെ മത, രാഷ്ട്രീയ, വാണിജ്യ ഇടപെടലുകള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല. ഒറ്റ നോട്ടത്തില്‍ തന്നെ തള്ളിക്കളയേണ്ടതാണ് അക്ബറിന്റെ “ഭീകര ബന്ധം”. അതേ സമയം തീവ്രവാദത്തിനും അതിലേറെയായി ജീര്‍ണ വാദത്തിനും അനുകൂലമായ സാഹചര്യമൊരുക്കുന്ന രീതിയില്‍ അപകടകരമായ ലോക വീക്ഷണം പേറുന്ന അക്ഷര പൂജകരായ ഒരു കൂട്ടം യുവാക്കളെ പടച്ചു വിടാന്‍ സാധിച്ചുവെന്നതാണ് സൗദി ബ്രാന്റഡ് ഇസ്‌ലാമിന്റെ പ്രത്യേകത.


nasar

എം.എം അക്ബര്‍ ഏതെങ്കിലും രീതിയിലുള്ള ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായോ പിന്തുണച്ചതായോ അക്ബറിന്റെ മത, രാഷ്ട്രീയ, വാണിജ്യ ഇടപെടലുകള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല. ഒറ്റ നോട്ടത്തില്‍ തന്നെ തള്ളിക്കളയേണ്ടതാണ് അക്ബറിന്റെ “ഭീകര ബന്ധം”. അതേ സമയം തീവ്രവാദത്തിനും അതിലേറെയായി ജീര്‍ണ വാദത്തിനും അനുകൂലമായ സാഹചര്യമൊരുക്കുന്ന രീതിയില്‍ അപകടകരമായ ലോക വീക്ഷണം പേറുന്ന അക്ഷര പൂജകരായ ഒരു കൂട്ടം യുവാക്കളെ പടച്ചു വിടാന്‍ സാധിച്ചുവെന്നതാണ് സൗദി ബ്രാന്റഡ് ഇസ്‌ലാമിന്റെ പ്രത്യേകത.

അപകടകരമായ തോതില്‍ അസഹിഷ്ണുതയും സങ്കുചിത മനോഭാവവും പേറുന്ന ഇക്കൂട്ടരില്‍ നിന്നാണ് ആട് ജീവിതങ്ങളും ഓണ സദ്യയിലൂടെ നരകത്തില്‍ പോവുമെന്ന് വിശ്വസിക്കുന്നവരും ഉണ്ടാവുന്നത്. ഇതിന്റെ ആഗോള നേതാവാണ് സാകിര്‍ നായിക്കെങ്കില്‍ കേരളത്തിലെ അംബാസഡറായിരുന്നു മുജാഹിദ് പ്രസ്ഥാനത്തിന്റെ സ്റ്റാര്‍ പ്രസംഗികനായിരുന്ന എം.എം അക്ബര്‍. ഇന്റര്‍നെറ്റും ഗള്‍ഫ് കുടിയേറ്റവും മറ്റു സംഘടനകളുടെ അഴ കൊഴമ്പന്‍ നയങ്ങളുമായി ചേര്‍ന്നപ്പോള്‍ അക്ബറിനെ പോലുള്ളവര്‍ക്ക് കാര്യങ്ങള്‍ എളുപ്പവുമായി.

താടി രോമത്തിന്റെ നീളത്തിലും പാന്റിന്റെ വലിപ്പത്തിലും കര്‍ശനമായ ഇസ്‌ലാമിക ചിട്ടകളുണ്ടെന്ന് പറയുന്ന അക്ബറിനും കൂട്ടര്‍ക്കും പക്ഷേ കൃഷി ഭൂമി നശിപ്പിക്കുന്നതിലോ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലോ ഇസ്‌ലാം തടസ്സമായിട്ടില്ല. അതിലല്‍ഭുതമില്ല, അക്ബര്‍ പ്രചരിപ്പിക്കുന്ന ഇസ്‌ലാം അതൊക്കെ തന്നെയാണ്. അനധികൃതമായി വയല്‍ നികത്തി കെട്ടിപ്പടുത്ത പീസ് സ്‌കൂളിന്റെ നിയമ ലംഘനത്തെപ്പറ്റി തെളിവുകള്‍ സഹിതം നിരവധി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്.


Read more: യത്തീംഖാനകളില്‍ പൊലീസ് കയറിയപ്പോള്‍ മിണ്ടാതിരുന്നവരാണ് എം.എം അക്ബറിനുവേണ്ടി പ്രതിഷേധം സംഘടിപ്പിക്കുന്നത്: ലീഗിനെതിരെ വിമര്‍ശനവുമായി എസ്.കെ.എസ്.എസ്.എഫ്‌


മുസ്‌ലിംങ്ങള്‍ ഏറ്റവും പരിപാവനമായി കണക്കാക്കുന്ന വഖഫ് സ്വത്തിന്റെ ചട്ടലംഘനങ്ങള്‍ വേറെയും പീസിനെതിരില്‍ ആരോപിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായിരുന്നില്ല. പരിസ്ഥിതി പ്രവര്‍ത്തകര്‍ പലപ്പോഴായി പരാതികള്‍ നല്‍കിയതെല്ലാം ക്രൂരമായി അവഗണിക്കപ്പെടുകയായിരുന്നു. വേണ്ട രീതിയില്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ചര്‍ച്ച പോലുമാവുന്നില്ല. കാരണം വ്യക്തമാണ്, ഇന്ന് ഓണ്‍ലൈനില്‍ ചിത്രീകരിക്കപ്പെടുന്നത് പോലെ നിസ്സഹയനായ ഇരയല്ല അക്ബറും പീസ് സ്‌കൂളും. പീസ് സ്‌കൂള്‍ ഭരണ സമിതിയില്‍ ഇരിക്കുന്നത് തന്നെ കേരളത്തിലെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിനുടമകളായവരാണ്. സ്വാഭാവികമായും കേരളത്തിലെ രാഷ്ട്രീയ, ഉദ്യോഗ തലത്തില്‍ അനുകൂല തീരുമാനങ്ങള്‍ വിലക്കെടുക്കാന്‍ ഇവര്‍ക്കാവും.

എല്ലാക്കാലത്തും ഭരണകൂട ഭീകരതക്കും അതിന്റെ ചട്ടുകമായ യു.എ.പി.എ ക്കും ഓശാന പാടിയ മുസ്‌ലിം ലീഗ് ഇപ്പോള്‍ അക്ബറിനനുകൂലമായി ശക്തമായി രംഗത്തിറങ്ങിയിരിക്കുന്നതും ഈ വ്യവസായ ബന്ധം കൊണ്ട് മാത്രമാണ്. നിസ്സഹായരും ദുര്‍ബലരുമായ നിരവധി മുസ്‌ലിംങ്ങളും ആദിവാസികളുമെല്ലാം യു.എ.പി.എ നേരിട്ടപ്പോള്‍ ഒരക്ഷരം ഉരിയാടാത്തവരാണ് ഇപ്പോള്‍ വാചാലരാവുന്നത്.

കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തായത് കൊണ്ട് “മുസ്‌ലിം വേട്ട” ക്കെതിരെ സംസാരിക്കുന്നത് രാഷ്ട്രീയപരമായി സുരക്ഷിതം മാത്രമല്ല തന്ത്രപരം കൂടിയാണെന്ന തിരിച്ചറിവും ലീഗിനുണ്ട്. കേരളത്തിലെ “ഇസ്‌ലാമിക തീവ്രവാദം” നിരന്തരം തുറന്നു കാട്ടി പൊതു സമൂഹത്തില്‍ നിന്ന് ആജീവനാന്ത മതേതര പട്ടം കരസ്ഥമാക്കിയ ഷാജി തന്നെ ഇതിന് നേതൃത്വം നല്‍കുന്നത് ഈ ഉന്നത ബന്ധങ്ങളും അതിനോട് ബന്ധപ്പെട്ടു കിടക്കുന്ന പരസ്പര പൂരകങ്ങളായ താല്‍പര്യങ്ങളും കാരണമാണ് (ഷാജിയുടെ മാഫിയാ ബന്ധങ്ങളെ പറ്റി വാര്‍ത്തകള്‍ നിരവധി വന്നിരുന്നെങ്കിലും മതേതര പട്ടം കിട്ടിയത് കൊണ്ട് സോഷ്യല്‍ ഓഡിറ്റിങ്ങ് ഇല്ലാതെ രക്ഷപ്പെട്ടു പോവുന്നു )

അക്ബറിനെന്നല്ല ഒരാള്‍ക്കും നീതി നിഷേധിക്കപ്പെടരുത്. പീസ് സ്‌കൂളെന്നല്ല ഒരു സ്ഥാപനവും അകാരണമായി വേട്ടയാടപ്പെടുകയും ചെയ്യരുത്. ന്യൂനപക്ഷങ്ങളും അവരുടെ സ്ഥാപനങ്ങളും വേട്ടയാടപ്പെടുന്ന വര്‍ത്തമാന രാഷ്ട്രീയ സാഹചര്യത്തില്‍ ഇത് വളരെ പ്രധാനവുമാണ്.

പക്ഷേ ആ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോഴും അജണ്ടകളും താല്‍പര്യങ്ങളും കൃത്യമായി മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യണം. അക്ബറിനെതിരെയുള്ള ഇപ്പോഴത്തെ കേസുകള്‍ ദുര്‍ബലവും വലിയ മെറിറ്റില്ലാത്തതുമാണ്. ഇതിന്നടിസ്ഥാനമായ ആരോപണങ്ങള്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ ഉതകുന്നതാണ്. ഈ വിവാദങ്ങള്‍ കെട്ടടങ്ങുമ്പോള്‍ അവശേഷിക്കാന്‍ പോവുന്നത് അക്ബറിന്റെ തീവ്രവും അസഹിഷ്ണുതയെ അടിസ്ഥാനപ്പെടുത്തിയതുമായ ലോകവീക്ഷണം മുസ്‌ലിംങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യവും എന്നായിരിക്കും.


Also read: ഒറ്റയാള്‍ക്കും നേരെചൊവ്വെ ഇംഗ്ലീഷ് പറയാന്‍ അറിഞ്ഞുകൂടാ: ഇംഗ്ലീഷില്‍ പ്രസംഗിച്ച ഹൈബി ഈഡന്‍ എം.എല്‍.എ വേദിയിലിരുത്തി ജി.സുധാകരന്‍


പീസ് സ്‌കൂള്‍ ഇസ്‌ലാമിന്റെ പ്രതീകവും അക്ബര്‍ മുസ്‌ലിം പ്രതിനിധിയുമായി എളുപ്പത്തില്‍ ചിത്രീകരിക്കപ്പെടും. അക്ബറിനെ ലക്ഷ്യമിടുന്നവരും അക്ബറിന്റെ പിന്നിലുള്ളവരും ഒരേ പോലെ ആഗ്രഹിക്കുന്നതും ഇതാണ്. മതം എന്ന ഏറ്റവും മൂല്യമുള്ള ഉല്‍പന്നം ഉപയോഗിച്ച് ഒരു കൂട്ടര്‍ നടത്തിയ തട്ടിപ്പുകളും നിയമ ലംഘനങ്ങളും ചോദ്യം ചെയ്യപ്പെടാതെ പോവും. എല്ലാവരുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് ഇതനിവാര്യവുമാണ്.