| Thursday, 8th March 2018, 11:38 pm

'തന്റെ കഥ പറഞ്ഞ് അവാര്‍ഡ് നേടി, സഹായം ചെയ്യാമെന്ന് പറഞ്ഞ് വഞ്ചിച്ചു'; ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി മെറീന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ടേക്ക്ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി മെറീന. കോട്ടയം സ്വദേശി മെറീനയുടെ കഥയാണ് ടേക്ക് ഓഫ് എന്ന സിനിമയുടെ പ്രമേയം. സിനിമ ആരംഭിക്കുന്നതിന് മുന്‍പും ചിത്രീകണ സമയത്തും മെറീനയ്ക്ക് അണിയറപ്രവര്‍ത്തര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ചിത്രീകരണത്തിന് ശേഷം തന്നെ വഞ്ചിച്ചെന്നാണ് മെറീനയുടെ ആരോപണം. ചിത്രം തീയേറ്ററുകളില്‍ വന്‍വിജയം കൊയ്തിട്ടും ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ് നേടിയിട്ടും അണിയറ പ്രവര്‍ത്തകര്‍ തന്നെ അവഗണിച്ചെന്ന് മെറീന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇറാഖില്‍ നിന്ന് പ്രശ്‌നങ്ങള്‍ കാരണം ജോലി ഉപേക്ഷിച്ച് രക്ഷപ്പെട്ട് നാട്ടിലെത്തിയ മെറീന മൂന്ന് വര്‍ഷത്തോളം ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്നു. പള്ളിക്കത്തോടുള്ള ബേക്കറിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് മെറീനയിപ്പോള്‍.


Related: ക്യാമറക്ക് പിന്നിലും താരമാവാന്‍ നിമിഷ; ഇനി ടോവിനോ ചിത്രത്തിന്റെ സഹസംവിധായിക


ഇറാഖില്‍ നിന്ന് രക്ഷപ്പെട്ട സംഭവം ഡോക്യുമെന്ററിയാക്കാനാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെ സമീപിച്ചതെന്ന് മറീന പറയുന്നു. പിന്നീടാണ് അത് വികസിച്ച് സിനിമയിലേക്ക് നീണ്ടത്. അങ്ങനെയാണ് ഇറാഖിലെ ആശുപത്രിയില്‍ വച്ച് മെറീനയുടെ ഫോണില്‍ പതിഞ്ഞ ഫോട്ടോകള്‍ മഹേഷ് നാരായണന് കൈമാറുന്നത്. ഈ ചിത്രങ്ങളാണ് സിനിമയുടെ അവസാനം കാണിക്കുന്നത്.

സിനിമയുടെ ചിത്രീകരണ സമയത്തും റിലീസ് സമയത്തും ചിത്രത്തിന്റെ പരസ്യപ്രചാരണത്തിന്റെ ഭാഗമായി മെറീനയെയും അണിയറ പ്രവര്‍ത്തകര്‍ കൂടെക്കൂട്ടിയിരുന്നു. ബേക്കറിയിലെ ജോലി മുടക്കിയുള്ള ഈ യാത്രയിലും യാത്രാക്കൂലിക്ക് പുറമെ ഒരു സാമ്പത്തിക സഹായവും കിട്ടിയില്ലെന്ന് മെറീന പറയുന്നു. ആദ്യമൊക്കെ സഹായം ചെയ്യാമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ഭീഷണിയുടെ സ്വരത്തിലാണ് പ്രതികരിച്ചതെന്നും പണം ചോദിച്ച തന്നോട് നിയമപരമായി നേരിടുമെന്നാണ് സംവിധായകന്‍ പറഞ്ഞതെന്നും മെറീന പറഞ്ഞു.


Related: അവാര്‍ഡ് കിട്ടിയവരൊന്നും മുകളിലേക്ക് കയറിയിട്ടില്ല; അതാണ് പേടി; അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്നും ഇന്ദ്രന്‍സ്


സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്ന പാര്‍വ്വതി പോലും തനിക്ക് നേരിട്ട അവഗണനയില്‍ പ്രതികരിച്ചില്ലെന്ന് മെറീന ആരോപിച്ചു. വാര്‍ത്തകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇന്ന് വൈകിട്ട് സംവിധായകന്‍ വിളിച്ച് വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായും, എന്നാല്‍ മാന്യമായ രീതിയിലൂടെ അല്ലാത്ത മധ്യസ്ഥതയ്ക്ക ഇനി താനില്ലെന്നും മെറീന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

യുദ്ധസമയത്ത് ഇറാഖില്‍ അകപ്പെട്ട മെറീനയുടെയും മറ്റ് 45 മലയാളി നഴ്‌സുമാരും രക്ഷപ്പെട്ട് നാട്ടിലെത്തിയ സംഭവമാണ് മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ കഥ.

We use cookies to give you the best possible experience. Learn more