|

എത്ര ഹിറ്റാണെന്ന് പറഞ്ഞാലും ആ സിനിമ ഇഷ്ടപ്പെടാത്ത ആള്‍ക്കാരുണ്ട്: മെറിന്‍ ഫിലിപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂക്ഷ്മദര്‍ശിനി എന്ന സിനിമയില്‍ സ്റ്റെഫി എന്ന കഥാപാത്രത്തിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മെറിന്‍ ഫിലിപ്. പൂമരം എന്ന ചിത്രത്തിലൂടെയാണ് മെറിന്‍ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഹാപ്പി സര്‍ദാര്‍, ഈയല്‍, റാഹേല്‍ മകന്‍ കോര, സൂക്ഷ്മദര്‍ശിനി, നൈറ്റ് റൈഡേഴ്‌സ്, എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ഇന്ന് (വെള്ളി) പുറത്തിറങ്ങുന്ന വടക്കനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് മെറിന്‍. വടക്കന്‍ എന്ന ചിത്രത്തില്‍ അന്ന എന്ന കഥാപാത്രത്തെയാണ് മെറിന്‍ അവതരിപ്പിക്കുന്നത്. സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം വിവിധ രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

മലയാളത്തിലെ കഴിഞ്ഞ കൊല്ലത്തെ സൂപ്പര്‍ഹിറ്റായ സൂക്ഷ്മദര്‍ശിനി എന്ന സിനിമ ഇഷ്ടപ്പെടാത്ത ആളുകള്‍ ഇപ്പോഴുമുണ്ടെന്നും ആളുകള്‍ അത് വന്ന് പറയാറുണ്ടെന്നും പറയുകയാണ് ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മെറിന്‍. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെറിന്‍.

‘സൂക്ഷ്മദര്‍ശിനി എത്ര വലിയ ഹിറ്റാണെന്ന് പറഞ്ഞാലും ഒരു വിഭാഗം ഓഡിയന്‍സ് ഇപ്പോഴും എന്റെ അടുത്ത് വന്ന് ‘ഓ എനിക്ക് അത് അങ്ങനെ വലിയ ഇഷ്ടമൊന്നും ആയില്ല’ എന്ന് പറയും. അപ്പൊ ഞാന്‍ വിചാരിച്ചു സിനിമയെന്തായാലും ബ്ലോക്ക് ബസ്റ്റര്‍ ആയില്ലെ? അപ്പോ പിന്നെ നമ്മള്‍ അതിനെപ്പറ്റി ഒന്നും ചിന്തിക്കാനില്ല. ഇഷ്ടപ്പെടാത്ത ആള്‍ക്കാരും വരും,’ മെറിന്‍ പറയുന്നു.

മലയാളത്തില്‍ കഴിഞ്ഞകൊല്ലം ഇറങ്ങിയതില്‍ സൂപ്പര്‍ഹിറ്റുകളിലൊന്നാണ് സൂക്ഷ്മദര്‍ശിനി. ബേസില്‍-നസ്രിയ കോമ്പോ ആദ്യമായി ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്. എം.സി. ജിതിന്‍ സംവിധാനം ചെയ്ത സിനിമ നവംബര്‍ 22നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍ എന്നിവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

content highlights: Merin Philip talks about the movie Sookshma darshini

Latest Stories