| Saturday, 1st August 2020, 3:39 pm

മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കില്ല; സംസ്‌ക്കാരം യു.എസില്‍ നടത്തും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്‌ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റു മരിച്ച മലയാളി നേഴ്സ് മെറിന്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സംസ്‌കാരം അമേരിക്കയില്‍ തന്നെ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ശനിയാഴ്ചയാണ് സംസ്‌കാരം.

മെറിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരന്‍ അറിയിച്ചിരുന്നു.

നേരത്തേയും മെറിനെതിരെ ഫിലിപ്പ് വധഭീഷണി മുഴക്കിയിരുന്നതായി പിതാവ് ജോയി പറഞ്ഞു. ഫിലിപ്പിന് അമേരിക്കയില്‍ കാര്യമായി ജോലിയില്ലായിരുന്നു. മകള്‍ക്ക് ലഭിക്കുന്ന ശമ്പളം പൂര്‍ണമായി ചിലവഴിച്ചിരുന്നത് ഫിലിപ്പാണ്. വിവാഹബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ച ശേഷമാണ് ഇത്തവണ മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ മെറിന്റെ ഏക മകള്‍ നോറയ്ക്കായി അമേരിക്കയിലെ മലയാളി സമൂഹം കൈകോര്‍ത്തിരിക്കുകയാണ്. നോറയുടെ ഭാവി സുരക്ഷിതമാക്കാനും വിദ്യാഭ്യാസത്തിനും ആവശ്യമായ പണം സമാഹരിക്കാനാണ് വിവിധ സംഘടനകള്‍ ഒരുമിക്കുന്നത്.

ചൊവ്വാഴ്ചയാണ് കോട്ടയം മോനിപ്പള്ളി സ്വദേശി മെറിന്‍ ജോയിയെ ഭര്‍ത്താവ് ഫിലിപ്പ് മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്. ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ നിന്ന് രാത്രി ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഫിലിപ്പ് കത്തികൊണ്ട് കുത്തുകയായിരുന്നു. 17 തവണ മെറിന്റെ ശരീരത്തില്‍ കുത്തിയ ഫിലിപ്പ് ശേഷം മെറിന്റെ ദേഹത്തൂടെ കാര്‍ ഓടിച്ചുകയറ്റുകയും ചെയ്തിരുന്നു.

തന്നെ കുത്തിവീഴ്ത്തിയതും കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ് മാത്യു തന്നെയാണെന്നാണ് മെറിന്റെ മരണമൊഴി. മെറിനെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവര്‍ത്തക മിനിമോളും വ്യക്തമാക്കിയിരുന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട ഫിലിപ് മാത്യുവിനെ ഒരു ഹോട്ടലില്‍വ ച്ചൊണ് അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more