| Tuesday, 3rd March 2015, 12:30 am

റിയോ ഒളിംമ്പിക്‌സിന് ശേഷം മേരി കോം ബോക്‌സിങില്‍ നിന്ന് വിരമിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒളിംമ്പിക് മെഡല്‍താരം എം.സി മേരിക്കോം 2016 ലെ റിയോ ഒളിംമ്പിക്‌സിന് ശേഷം ബോക്‌സില്‍ നിന്ന് വിരമിക്കുന്നു. തിങ്കളാഴ്ച മേരി കോം തന്നെയാണ് അവരുടെ തീരുമാനം അറിയിച്ചത്. മേരി കോം വിരമിക്കുമെന്ന സൂചനകള്‍ നേരത്തെത്തന്നെ ഉണ്ടായിരുന്നു.

“2106ലെ റിയോ ഒളിംമ്പിക്‌സിന് ശേഷം വിരമിക്കാന്‍ ഞാന്‍ തീരുമാനിച്ചു. റിയോ ഒളിംമ്പിക്‌സിലേത് എന്റെ അവസാന മത്സരം ആയിരിക്കും. അതിന് ശേഷം ഇതില്‍ തുടരില്ല.” മേരി കോം പറഞ്ഞു. തനിക്ക് ഇത്രയും മതിയെന്നാണ് താന്‍ വിചാരിക്കുന്നതെന്നും തന്റെ മൂന്നാമത്തെ കുട്ടിക്ക് രണ്ട് വയസ് മാത്രമേ ആയിട്ടുള്ളുവെന്നും അവര്‍ പറഞ്ഞു.

“ആരാണ് മൂന്ന് കുട്ടികള്‍ ആയതിന് ശേഷം ബോക്‌സിങില്‍ മത്സരിച്ചിട്ടുള്ളത്.? റിയോ ഒളിംമ്പിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടി ഈ രാജ്യത്തുള്ളവരെ എനിക്ക് സന്തോഷിപ്പിക്കണം. എനിക്ക് അവിടെ ഒരു ഗോള്‍ഡ് മെഡല്‍ നേടണമെന്നുള്ള ആഗ്രഹമുള്ളത് കൊണ്ടാണ് 2016 വരെ ഞാന്‍ ബോക്‌സിങില്‍ തുടരുന്നത്.” മോരി കോം പറഞ്ഞു.

2012 ലെ ലണ്ടന്‍ ഒളിംമ്പിക്‌സില്‍ വെങ്കലമെഡലായിരുന്നു മേരി കോം നേടിയിരുന്നത്. 2016 ലെ മത്സരത്തിന് ശേഷം അവരുടെ ബോക്‌സില്‍ അക്കാദമിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മേരി കോം പറഞ്ഞു. “റിയോ ഒളിംമ്പിക്‌സിന് ശേഷം എന്ത് ചെയ്യണമെന്നും ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്റെ മുഴുവന്‍ സമയവും ഞാന്‍ അക്കാദമിക്കായി ചിലവഴിക്കും. എനിക്ക് ധാരാളം മേരി കോംമാരെയും ലോകചാമ്പ്യന്മാരെയും സൃഷ്ടിക്കണം.” അവര്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more