മേരി കോമിന്റെ പേരില്‍ മണിപ്പൂരില്‍ റോഡ്
DSport
മേരി കോമിന്റെ പേരില്‍ മണിപ്പൂരില്‍ റോഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 30th August 2012, 9:41 am

മണിപ്പൂര്‍: ഒളിമ്പിക്‌സ് ബോക്‌സിങ് വെങ്കലമെഡല്‍ ജേതാവായ മേരി കോമിന്റെ പേരില്‍ മണിപ്പൂരില്‍ ഇനി റോഡും. ചൂരാചന്ദ്പൂര്‍ പട്ടണത്തെ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫിസുമായി ബന്ധിപ്പിക്കുന്ന റോഡ് ഇനി മേരി കോം റിങ് റോഡ് എന്നറിയപ്പെടും.[]

ജില്ലാ ആസ്ഥാനത്ത് മേരി കോമിന് നല്‍കിയ സ്വീകരണ ചടങ്ങില്‍ മണിപ്പൂര്‍ ആരോഗ്യമന്ത്രി ഫുംഗ്‌സ്താങ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചൂരാചന്ദ്പൂര്‍ പബ്ലിക്‌ ഗ്രൗണ്ടില്‍ മേരി കോമിന്റെ പേരില്‍ ഗ്യാലറി നിര്‍മിക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

നാട്ടിലുള്ള റോഡിന് തന്റെ പേര് ഇടാന്‍ തയ്യാറായ അധികൃതരോട്‌ നന്ദി പറയുന്നതായി മേരി കോം അറിയിച്ചു. “ഏറെ അഭിമാനവും സന്തോഷവും തോന്നുന്ന നിമിഷമാണ് ഇത്. എക്കാലവും എന്റെ പേരില്‍ ഒരു റോഡ് അറിയപ്പെടുകയെന്ന് പറയുന്നത് ഭാഗ്യമാണ്. ഈ നേട്ടത്തിനെല്ലാം കാരണമായത് ഒളിമ്പിക്‌സ് മെഡലാണ്. അത് നേടാന്‍ എന്നെ സഹായിച്ച എല്ലാവരോടും നന്ദി പറയുന്നു”- മേരി കോം പറഞ്ഞു.

ചൂരാചന്ദ്പൂര്‍ ജില്ലയില്‍ കുടുംബ വേരുകളുള്ള മേരി കോം ഇപ്പോള്‍ ഇംഫാലിലാണ്‌ താമസം.