കൊച്ചി: ജോലി തേടി പാകിസ്ഥാനിലേക്ക് പോയത് കൊണ്ട് മാത്രം ആരും ഇന്ത്യയുടെ ശത്രുവായി മാറില്ലെന്ന് കേരള ഹൈക്കോടതി. പരപ്പനങ്ങാടി സ്വദേശി പി. ഉമ്മര്‍ കോയ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
പിതാവ് 1953ല്‍ കറാച്ചിയില്‍ ജോലി ചെയ്‌തെന്ന പേരില്‍ അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലത്തിന്റെ നികുതി പരപ്പനങ്ങാടി വില്ലേജ് ഓഫീസര്‍ സ്വീകരിക്കാത്തതിനെതിരെയാണ് ഉമ്മര്‍ കോയ കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് ഭൂമിയുടെ കരം അടക്കം സ്വീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എനിമി പ്രോപര്‍ട്ടി ആക്ട് പ്രകാരം നടപടി നേരിടുന്ന ഭൂമി ആയതിനാല്‍ കരം സ്വീകരിക്കരുതെന്ന് നിര്‍ദേശം ഉണ്ടെന്നായിരുന്നു എന്നാണ് വില്ലേജ് ഓഫീസ് നല്‍കിയ വിശദീകരണം.
എന്നാല്‍ നടപടി കോടതി റദ്ദാക്കി. പാകിസ്ഥാനിലെ ഹോട്ടലില്‍ കുറച്ച് കാലം ജോലി ചെയ്തത് കൊണ്ട് ഒരാള്‍ ഇന്ത്യയുടെ ശത്രു ആയി മാറില്ലെന്നും കോടതി നിരീക്ഷിച്ചു.
1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് പ്രകാരമാണ് ഭൂമിയുടെ കരം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസ് വിസമ്മതിച്ചത്. വിദേശ വ്യാപാര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം പ്രകാരമായിരുന്നു നടപടി.
ഹരജിക്കാരന്റെ പിതാവ് കുഞ്ഞിക്കോയ പാകിസ്ഥാന്‍ പൗരനാണെന്ന ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. തന്റെ പിതാവ് 1902ല്‍ പരപ്പനങ്ങാടിയിലാണ് ജനിച്ചതെന്ന് ഹരജിക്കാരന്‍ പറഞ്ഞു.
1953ല്‍ ജോലി തേടി പാകിസ്ഥാനിലേക്ക് പോയതിന്റെ പേരില്‍ തന്റെ പിതാവ് പാക്ക് പൗരനാണെന്ന് ആരോപിച്ച് പൊലീസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി ഹരജിയില്‍ പറഞ്ഞു. പിന്നീട് തന്റെ പിതാവ് ഇന്ത്യന്‍ പൗരനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Merely moving to Pakistan for job does not make a person an enemy: Kerala High Court