| Tuesday, 23rd August 2016, 8:00 am

ആ വാര്‍ത്ത തെറ്റ്; ഇന്ത്യയില്‍ ടൊറന്റടക്കമുള്ള ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ തടവുശിക്ഷയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത വെബ്‌സൈറ്റുകളും യു.ആര്‍.എല്ലുകളും സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന വാര്‍ത്ത തെറ്റ്. ഒരു ബോളിവുഡ് ചിത്രത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട മുന്നറിയിപ്പാണ് ബ്ലോക്ക് ചെയ്ത സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ തടവു ശിക്ഷ ലഭിക്കുമെന്ന തരത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രോഹിത്ത ധവാനൊരുക്കിയ ബോളിവുഡ് ചിത്രം “ഡിഷ്യൂ”വുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ബ്ലോക്ക് ചെയ്യപ്പെട്ട സൈറ്റുകളില്‍ കാണിച്ച മുന്നറിയിപ്പ് സന്ദേശമാണ് തെറ്റിദ്ധാരണ പരത്തിയത്.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്റെ നിര്‍ദേശപ്രകാരം “ഈ യു.ആര്‍.എല്‍ ബ്ലോക്ക് ചെയ്തിരിക്കുന്നു” എന്ന സന്ദേശം മാത്രമായിരുന്നു നേരത്തെ ബ്ലോക്ക് ചെയ്ത യു.ആര്‍.എല്ലുകളില്‍ കാണിച്ചിരുന്നത്. ഇതിനു പകരം പകര്‍പ്പവകാശ നിയമത്തിന്റെ വകുപ്പുകള്‍ വിശദീകരിച്ച് സന്ദേശം നല്‍കണമന്ന് മുംബൈ ഹൈക്കോടതി നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് ബ്ലോക്ക് ചെയ്തിരിക്കുന്നതെന്ന് അറിയാനുള്ള അവകാശം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കുണ്ടെന്നും കോടതി പറഞ്ഞിരുന്നു.

ഇതിന്റെ ഫലമായിട്ടായിരുന്നു ഇത്തരം വെബ്‌സൈറ്റുകളില്‍ മുന്നറിയിപ്പ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. മറ്റു മാധ്യമങ്ങള്‍ക്കൊപ്പം ഡൂള്‍ന്യൂസും ആ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

സര്‍ക്കാര്‍ നിര്‍ദേശപ്രകാരമോ, കോടതി നിര്‍ദേശ പ്രകാരമോ ബ്ലോക്ക് ചെയ്യപ്പെട്ട യു.ആര്‍.എല്‍ ആണ് ഇത്. ഈ യു.ആര്‍.എല്ലുകളിലെ വിവരങ്ങള്‍ കാണുന്നതും, ഡൗണ്‍ലോഡ് ചെയ്യുന്നതും, പ്രദര്‍ശിപ്പിക്കുന്നതും, പകര്‍പ്പെടുക്കുന്നതും 1957ലെ പകര്‍പ്പവകാശ നിയമത്തിലെ 63, 63എ, 65, 65എ വകുപ്പുകള്‍ പ്രകാരം 3 വര്‍ഷത്തെ തടവ് ശിക്ഷയും 3 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. യു.ആര്‍.എല്‍ ബ്ലോക്ക് ചെയ്യപ്പെട്ടതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍urlblock@tatacommunications.com ബന്ധപ്പെട്ടാല്‍ ഇതില്‍മേല്‍ എന്തുനടപടി സ്വീകരിക്കണമെന്നതിനെ കുറിച്ച് 48 മണിക്കൂറിനുള്ളില്‍ മറുപടി ലഭിക്കും എന്നതായിരുന്നു മുംബൈ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് ബ്ലോക്ക് ചെയ്ത സൈറ്റുകളില്‍ കാണിച്ചിരുന്ന മുന്നറിയിപ്പ്.

ടൊറന്റ് ഫയല്‍ കാണുന്നതും ഹോസ്റ്റില്‍ നിന്നും ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഇമേജ്ബാം പോലുള്ള ഹോസ്റ്റുകളില്‍ നിന്നും ചിത്രങ്ങള്‍ കാണുന്നതിനും ഇന്ത്യയില്‍ നേരത്തെ വിലക്കുള്ളതാണ്.

Latest Stories

We use cookies to give you the best possible experience. Learn more