'ആ വാക്കുകള്‍ ഉപയോഗിച്ചുവെന്നു കരുതി രാജ്യദ്രോഹക്കുറ്റമൊന്നും ചുമത്താനാകില്ല'; മോദിക്കെതിരായ മണിശങ്കര്‍ അയ്യറുടെ പരാമര്‍ശത്തെക്കുറിച്ച് ദല്‍ഹി പൊലീസ്
national news
'ആ വാക്കുകള്‍ ഉപയോഗിച്ചുവെന്നു കരുതി രാജ്യദ്രോഹക്കുറ്റമൊന്നും ചുമത്താനാകില്ല'; മോദിക്കെതിരായ മണിശങ്കര്‍ അയ്യറുടെ പരാമര്‍ശത്തെക്കുറിച്ച് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2019, 10:55 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രിക്കെതിരെ കേവലം അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകള്‍ ഉപയോഗിച്ചുവെന്നു കരുതി അതൊരിക്കലും രാജ്യദ്രോഹക്കുറ്റം ആകില്ലെന്ന് ദല്‍ഹി പൊലീസ്. കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള പരാതിയില്‍ കോടതിയില്‍ മറുപടി പറയുകയായിരുന്നു പൊലീസ്.

2017 ഡിസംബറില്‍ മോദിയെ ‘നീച് ആദ്മി’ എന്നുവിളിച്ച അയ്യര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അജയ് അഗര്‍വാളാണ് പരാതി നല്‍കിയത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് കാലത്തായിരുന്നു അയ്യറുടെ പരാമര്‍ശം.

അയ്യറുടെ വീട്ടില്‍ പാക്കിസ്ഥാനി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതിനും പരാതി നല്‍കിയിട്ടുണ്ട്. വിദേശകാര്യ, ആഭ്യന്തരകാര്യ മന്ത്രാലയങ്ങള്‍ അറിയാതെയായിരുന്നു ആ കൂടിക്കാഴ്ചയെന്നും പരാതിയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദേശീയ അന്വേഷണ ഏജന്‍സിയും ദല്‍ഹി പൊലീസും ചേര്‍ന്ന് കേസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം രണ്ട് പരാതികളും തള്ളണമെന്നാണ് പൊലീസ് കോടതിയുടെ മുന്‍പില്‍ വെച്ചിരിക്കുന്ന ആവശ്യം.

ഇന്ത്യക്കെതിരെ ഗൂഢാലോചന നടന്നുവെന്നൊക്കെയാണ് പരാതിക്കാരന്‍ ആരോപിക്കുന്നതെന്നും അത് അദ്ദേഹത്തിന്റെ ഊഹാപോഹം മാത്രമാണു തെളിവില്ലെന്നും പൊലീസ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇനി പാക്കിസ്ഥാനി ഉദ്യോഗസ്ഥരെ വീട്ടില്‍ വിളിച്ചുവരുത്തിയതില്‍ എന്തെങ്കിലും പ്രോട്ടോക്കോളിന്റെ പ്രശ്‌നമുണ്ടെങ്കില്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും പൊലീസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.