മാറിടത്തില്‍ തൊടുന്നത് ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ആവില്ല; പോക്‌സോ കേസുകളില്‍ പുതിയ നിര്‍ദ്ദേശവുമായി ബോംബെ ഹൈക്കോടതി
national news
മാറിടത്തില്‍ തൊടുന്നത് ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ആവില്ല; പോക്‌സോ കേസുകളില്‍ പുതിയ നിര്‍ദ്ദേശവുമായി ബോംബെ ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th January 2021, 8:51 pm

മുംബൈ: പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായി ബോംബെ ഹൈക്കോടതി. ത്വക്കിനുപുറത്തല്ലാത്ത ഉപദ്രവങ്ങള്‍ ലൈംഗികാതിക്രമ വിഭാഗത്തില്‍പ്പെടുത്തി പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു.

പോക്‌സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയും തമ്മില്‍ ബന്ധമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. പുഷ്പ ഗനേഡിവാല അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിലാണ് കോടതിയുടെ നിര്‍ദേശം. പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ അര്‍ദ്ധനഗ്നയാക്കി മാറിടത്തില്‍ സ്പര്‍ശിച്ച കേസിലായിരുന്നു കോടതിയുടെ ഉത്തരവ്. പ്രതിയുടെ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ വിധി പറഞ്ഞത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ശരീരരഭാഗങ്ങളില്‍ ലൈംഗികാസക്തിയോടെ തൊടുന്നതോ കുട്ടിയെ കൊണ്ട് തങ്ങളുടെ രഹസ്യഭാഗങ്ങളില്‍ തൊടുന്നതോ ആയ പരാതികള്‍ പോക്‌സോ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് കുട്ടിയുടെ വസ്ത്രത്തിനിടയിലൂടെയോ വിവസ്ത്രയാക്കിയ ശേഷമോ അല്ലെങ്കില്‍ ലൈംഗികാതിക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നാണ് കോടതി നിര്‍ദേശത്തില്‍ പറയുന്നത്.