ന്യൂദൽഹി: 40 ശതമാനം വൈകല്യമുള്ളത് കൊണ്ട് മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് ഒരു വ്യക്തിയേയും തടയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അരവിന്ദ് കുമാർ, കെ .വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് സെപ്റ്റംബർ 18 ലെ തങ്ങളുടെ ഉത്തരവിനെ സാധൂകരിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു.
ഭിന്നശേഷിയുള്ള വിദ്യാർത്ഥിക്ക് മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിന് തടസമില്ലെന്ന മെഡിക്കൽ ബോർഡിന്റെ തീരുമാനത്തെ ശരിവെച്ചുള്ള ഉത്തരവായിരുന്നു സുപ്രീം കോടതിയുടേത്.
എം.ബി.ബി.എസ് കോഴ്‌സ് പഠിക്കാനുള്ള ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥിയുടെ വൈകല്യത്തെ ഡിസെബിലിറ്റി അസസ്‌മെൻ്റ് ബോർഡ് പരിശോധിക്കേണ്ടതുണ്ടെന്ന് ബെഞ്ച് പറഞ്ഞു. ഭിന്നശേഷി ഒരു വ്യക്തിയെ മെഡിക്കൽ വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് അയോഗ്യരാക്കില്ലെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
‘ഭിന്നശേഷി വിദ്യാർത്ഥികളെ എം.ബി.ബി.എസ് കോഴ്‌സിന് യോഗ്യത നേടുന്നതിൽ നിന്ന് അയോഗ്യനാക്കില്ല. ഉദ്യോഗാർത്ഥിയുടെ വൈകല്യം വിലയിരുത്തുന്ന വികലാംഗ ബോർഡ് ഉദ്യോഗാർത്ഥിയുടെ വൈകല്യം തടസ്സമാകുമോ ഇല്ലയോ എന്ന് രേഖപ്പെടുത്തണം.
വിദ്യാർത്ഥി കോഴ്‌സ് പിന്തുടരാൻ യോഗ്യനല്ലെന്ന് ബോർഡ് പറഞ്ഞാൽ വികലാംഗ ബോർഡ് അതിനുള്ള കാരണവും വ്യക്തമാക്കണം,’ സുപ്രീം കോടതി പറഞ്ഞു.
40 ശതമാനത്തിലധികം ഭിന്നശേഷി ഉള്ള വ്യക്തിയെ എം.ബി.ബി.എസ് പഠിക്കുന്നതിൽ നിന്ന് വിലക്കുന്ന 1997 ലെ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ റെഗുലേഷനെ ചോദ്യം ചെയ്ത് എം.ബി.ബി.എസ് പ്രവേശനം ആവശ്യപ്പെട്ട് 40-45 ശതമാനം സംസാരശേഷിയും ഭാഷാവൈകല്യവുമുള്ള ഓംകാർ എന്ന വിദ്യാർത്ഥി നൽകിയ ഹരജിയിലായിരുന്നു കോടതി വിധി പ്രസ്താവിച്ചത്.
Content Highlight: Mere existence of 40% disability does not bar student from pursuing MBBS course: Supreme Court