| Saturday, 20th February 2021, 12:20 pm

സ്വപ്‌നയ്‌ക്കൊപ്പം ഫോട്ടോയില്‍ നിന്നെന്ന് കരുതി ചെന്നിത്തലയ്ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണോ? മറുപടിയുമായി മേഴ്‌സിക്കുട്ടിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കേരളാ തീരത്ത് അമേരിക്കയിലെ കുത്തക കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് തെളിവുണ്ടെന്ന് കാണിച്ച് രംഗത്തെത്തിയ ചെന്നിത്തലയെ തള്ളി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.

പ്രതിപക്ഷ നേതാവ് പറയുന്നത് ശുദ്ധ കളവാണെന്നും അത്തരമൊരു പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

അന്താരാഷ്ട്ര കമ്പനിയായ ഇ.എം.സി.സി പ്രതിനിധികളുമായി മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച ചെയ്യുന്നതെന്ന് പറയപ്പെടുന്ന ചിത്രം ഇന്ന് പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടിരുന്നു. മന്ത്രി ഇ. പി ജയരാജന് ഈ പദ്ധതിയെക്കുറിച്ച് അറിയാം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ആദ്യം അമേരിക്കയില്‍ വെച്ച് ചര്‍ച്ച ചെയ്തു എന്ന് പറഞ്ഞ ചെന്നിത്തല ഇപ്പോള്‍ കേരളത്തില്‍ വെച്ച് ചര്‍ച്ച ചെയ്‌തെന്നാണ് പറയുന്നത് . നാളെ അതും തിരുത്തുമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

‘അന്നത്തെ ജില്ലാ കളക്ടര്‍ കാര്‍ത്തികേയന്‍ അടക്കമുള്ളവര്‍ യു.എന്നില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. അവിടുന്ന് നിരവധി മലയാളികളെയും കണ്ടിട്ടുണ്ട്. മൂന്ന് ദിവസംകൊണ്ട് പോയി തിരിച്ചെത്തുകയും ചെയ്തു. പക്ഷെ ഇങ്ങനെയൊരു പ്രോജക്ട് ചര്‍ച്ച ചെയ്തു എന്ന് പറഞ്ഞതാണ് അസംബന്ധം.

നേരത്തെ അമേരിക്കയില്‍ കണ്ടു എന്നത് മാറി ഇപ്പോള്‍ കേരളത്തില്‍ കണ്ടു എന്നായി. എത്രയോ പേര്‍ നമ്മളെ കാണാന്‍ വരുന്നു. അത് വലിയ അത്ഭുതമുള്ള കാര്യമൊന്നുമല്ല. ആരെ കാണുന്നു എന്നതല്ല പ്രശ്‌നം, നമ്മള്‍ അങ്ങനൊരു പദ്ധതിയ്ക്ക് അനുമതി കൊടുത്തിട്ടുണ്ടോ എന്നതാണ്. സര്‍ക്കാരിന്റെ നയം വ്യക്തമാണ്,’ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

രമേശ് ചെന്നിത്തലയ്‌ക്കൊപ്പം നില്‍ക്കുന്ന സ്വപ്‌ന സുരേഷിന്റെ ചിത്രം വന്നില്ലേ, അതിനര്‍ത്ഥം ഏതെങ്കിലും തരത്തില്‍ അദ്ദേഹം സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിയായി എന്നാണോ? ആരെങ്കിലും നമ്മളെ വന്ന് കണ്ടാല്‍ അതാണ് പദ്ധതിയെന്നാണോ കരുതേണ്ടതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്താണ് 2019ല്‍ ഫിഷറീസ് നയം അംഗീകരിച്ചത്. വിദേശ ട്രോളിംഗ് കേരളാ തീരത്ത് അനുവദിക്കില്ലെന്ന് ഉറപ്പ് നല്‍കിയത് താനാണെന്നും മന്ത്രി പറഞ്ഞു.

ചെന്നിത്തല പറഞ്ഞിരിക്കുകയാണ് നയത്തില്‍ ഇങ്ങനൊരു തീരുമാനം ആയെന്ന്. എന്തും വിളിച്ച് പറയാന്‍ ഉളുപ്പില്ലാത്ത തരത്തിലേക്ക് ഉത്തരവാദിത്തമുള്ള ആള് തന്നെ പോകുന്നു എന്നത് നിര്‍ഭാഗ്യകരമായ ഒരു അവസ്ഥയാണ്.

ചെന്നിത്തല അദ്ദേഹം പറഞ്ഞത് തിരുത്തി മാപ്പ് പറയുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്നും താന്‍ ഇക്കാര്യത്തില്‍ എന്തിനാണ് മാപ്പ് പറയേണ്ടതെന്നും മേഴ്‌സിക്കുട്ടിയമ്മ ചോദിച്ചു.

24ന് രാഹുല്‍ഗാന്ധി കൊല്ലത്ത് വരും. അതിന് വേണ്ടിയുള്ള ഒരു പ്രചാരണമാണിത്. നുണ പറഞ്ഞ് കൊല്ലം മണ്ഡലത്തെ ഇളക്കാനുള്ള ശ്രമമാണ്.

കള്ളം പറഞ്ഞ് മത്സ്യത്തൊഴിലാളികളെ തെറ്റദ്ധരിപ്പിക്കാമോ എന്ന അജണ്ടയുടെ റിഹേഴ്‌സല്‍ ആണ് ചെന്നിത്തല രണ്ട് ദിവസമായി നടത്തിയത്. ഇത്തരം അഭ്യാസമൊന്നും തീരദേശത്ത് നടക്കില്ല. തീരദേശത്ത് എന്താണ് ചെയ്യുന്നതെന്ന് തൊഴിലാളികള്‍ക്ക് തന്നെ അനുഭവമുള്ളതാണ്.

വിദേശികള്‍ക്കോ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കോ ട്രോളിംഗിന് അനുവദിക്കില്ല എന്നത് തന്നെയാണ് ഫിഷറീസ് നയം എന്ന് കൃത്യമായി എഴുതി വെച്ചതാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു ആശങ്കയുടെയും ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തല പറഞ്ഞത് ശുദ്ധ കളവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mercykkuttiyamma reply to Ramesh chennithala

Latest Stories

We use cookies to give you the best possible experience. Learn more