| Sunday, 14th October 2018, 2:45 pm

മുകേഷിന് മാത്രമായി പ്രത്യേക നിയമമില്ല; സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നും ജെ. മേഴ്‌സിക്കുട്ടിയമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ മുകേഷിനെതിരായ മീ ടു വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മുകേഷിനെതിരായ ആരോപണത്തില്‍ പരാതിക്കാരി നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്.

മുകേഷിന് മാത്രമായി ഒരു നിയമമില്ലെന്നും സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.

സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യു.സി.സി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ഗൗരവതരമാണെന്നും മന്ത്രി പറഞ്ഞു. വിഷയം അമ്മയും ഡബ്ല്യു.സി.സിയും തമ്മില്‍ പരിഹരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് എന്ന യുവതിയാണ് മുകേഷ് മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയത്. സംഭവം നടന്നത് 19 വര്‍ഷം മുമ്പത്തെ കോടീശ്വരന്‍ പരിപാടിക്കിടെയാണെന്നും അന്ന് തനിക്ക് 20 വയസായിരുന്നുവെന്നും ടെസ് ജോസഫ് വെളിപ്പെടുത്തിയിരുന്നു.

Also Read:ആ പെണ്‍കുട്ടി എന്റെ ചങ്കാണ്; ഡബ്യൂ.സി.സി ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കുകയാണെന്ന് ബാബു രാജ്

താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ചു മോശമായി സംസാരിക്കുകയായിരുന്നു. പിന്നീട് മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റിയെന്നും ടെസ് പറഞ്ഞിരുന്നു. പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിച്ചിരുന്നു.

അപ്പോള്‍ എന്റെ മേധാവിയായിരുന്ന ഡെറിക് ഒബ്രേയിന്‍ ഒരു മണിക്കൂര്‍ തന്നോട് സംസാരിക്കുകയും തൊട്ടടുത്ത വിമാനത്തില്‍ എന്നെ രക്ഷപ്പെടുത്തിയെന്നും ടെസ് പറഞ്ഞിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയാണ് ഡെറിക് ഒബ്രേയിന്‍.

We use cookies to give you the best possible experience. Learn more