[] ന്യൂദല്‍ഹി: ദയാവധം അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ദയാവധം ആത്മഹത്യയ്ക്ക് തുല്ല്യമാണെന്നും ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനവസരം നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
ദയാവധവുമായി ബന്ധപ്പെട്ട കേസുകളില്‍ അമിക്കസ്‌ക്യൂറിയായി മുന്‍ സോളിസിറ്റര്‍ ജനറല്‍ സി.അന്ധ്രാജിനെ നിയമിച്ചു. ദയാവധം സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
മനുഷ്യാവകാശ പ്രശ്‌നങ്ങളുള്ളതിനാല്‍ ഹര്‍ജികള്‍ നേരത്തെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിനു വിട്ടിരുന്നു. പ്രശ്‌നത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കണമെന്നും സാമൂഹികവും നിയമപരവും മതപരവും വൈദ്യശാസ്ത്രപരവുമായ ഭാഗങ്ങള്‍ കൃത്യമായ പഠനത്തിന് വിധേയമാക്കണമെന്നും പി. സദാശിവം അധ്യക്ഷനായ ബെഞ്ച് മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു.
ദയാവധത്തെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ദയാവധം ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലാത്തിനാല്‍ അനുവദിക്കാനാവില്ലെന്ന നിലപാട് തന്നെയായിരുന്നു കഴിഞ്ഞ കേന്ദ്രസര്‍ക്കാരും സ്വീകരിച്ചിരുന്നത്.
ദയാവധം അനുവദിക്കുന്നത് ആത്മഹത്യ അനുവദിക്കുന്നതിന് തുല്യമാകും. ജീവന്‍ നിലനിര്‍ത്തുക എന്നതാണ് ഡോക്ടര്‍മാരുടെ ദൗത്യമെന്നും അതു നഷ്ടപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.
ദയാവധം നിയമവിധേയമാക്കുന്നതിനോടൊപ്പം തന്നെ ഇതിന് കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള കോമണ്‍കോസ് എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചിരുന്നു.