സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
Kerala News
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th April 2019, 1:01 pm

തിരുവനന്തപുരം: കേരളത്തിൽ വരുന്ന രണ്ട് ദിവസങ്ങളിൽ താപനില വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിലുള്ള താപനിലയിൽ നിന്നും മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഈ അവസ്ഥയിൽ വെയിലിലേക്ക് ഇറങ്ങുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്നലെ മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 36 പേർക്ക് സൂര്യാതപമേറ്റു.

പാലക്കാട് ജില്ലയിൽ 12 പേർക്കും ആലപ്പുഴയിൽ എട്ടുപേർക്കും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാലുപേർക്ക് വീതവും എറണാകുളം, പത്തനംതിട്ട ജില്ലകളിൽ മൂന്നുപേർക്ക് വീതവും പൊള്ളലേറ്റതായി വാർത്തകൾ പുറത്തുവന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പ്രത്യേകിച്ച് പാലക്കാട്, വയനാട്, ഇടുക്കി, ആലപ്പുഴ , കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.