| Friday, 22nd November 2024, 1:38 pm

അർക്കാവതി നദീജല സാമ്പിളിൽ മെർക്കുറി, ക്യാൻസറിന് കാരണമാകുന്ന കീടനാശിനി എന്നിവ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: അർക്കാവതി നദീജല സാമ്പിളിൽ മെർക്കുറി, ക്യാൻസറിന് കാരണമാകുന്ന കീടനാശിനി എന്നിവ കണ്ടെത്തിതായി റിപ്പോർട്ട്.

കർണാടകയിലെ കൃഷിയുടെയും തോട്ടവിളയുടെയും സുപ്രധാന ജലസ്രോതസ്സായ അർക്കാവതി നദിയിൽ മെർക്കുറി, നിരോധിത കീടനാശിനിയായ ഡി.ഡി.ടി, ക്യാൻസറിന് കാരണമാകുന്ന പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാർബണുകൾ (പി.എ.എച്ച്), ഫ്ലൂറൈഡ് എന്നിവയുൾപ്പെടെയുള്ള ഘനലോഹങ്ങളും വിഷ വസ്തുക്കളും കണ്ടെത്തുകയായിരുന്നു.

നദിയിൽ നിന്ന് ശേഖരിച്ച വെള്ളത്തിൻ്റെയും അവശിഷ്ടത്തിൻ്റെയും സാമ്പിളുകളിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ നിന്നാണ് കണ്ടെത്തൽ. അർക്കാവതി നദിയുടെ സംരക്ഷണത്തിന് കർണാടക ഹൈക്കോടതി നിർദേശം നൽകിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. എന്നിട്ടും ഗാർഹിക, വ്യാവസായിക മലിനീകരണം രൂക്ഷമായി തുടരുകയാണ്.

ബെംഗളൂരു ആസ്ഥാനമായുള്ള പാനി എർത്ത് എന്ന സംഘടനയുടെ സന്നദ്ധപ്രവർത്തകർ മൂന്ന് സ്ഥലങ്ങളിൽ നിന്ന്  നദീജല സാമ്പിൾ ശേഖരിക്കുകയായിരുന്നു. തിപ്പഗൊണ്ടനഹള്ളി (ടിജി ഹള്ളി) റിസർവോയറിൻ്റെ അപ്‌സ്ട്രീമും താഴവും, അർക്കാവതി-വൃഷഭവതി സംഗമത്തിന് 10 കിലോമീറ്റർ മുകളിലായി സ്ഥിതി ചെയ്യുന്ന ദൊഡ്ഡ മുടവാടി പാലം എന്നിവിടങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്.

ജലാശയത്തിൽ കണ്ടെത്തിയ ഡി.ഡി.ടി 1972 മുതൽ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നതാണ്. ഹെക്‌സാവാലൻ്റ് ക്രോമിയം, മെർക്കുറി, ഹൈഡ്രോകാർബണുകൾ തുടങ്ങിയവയും ജലത്തിൽ കണ്ടെത്തി.

ഐ.ഐ.ടി മദ്രാസ് ആസ്ഥാനമായുള്ള ഇൻ്റർനാഷണൽ സെൻ്റർ ഫോർ ക്ലീൻ വാട്ടറിലാണ് അവശിഷ്ടങ്ങളും വെള്ളവും പരിശോധിച്ചത്.

Content Highlight: Mercury, cancer-causing pesticide found in Arkavathy river water samples

We use cookies to give you the best possible experience. Learn more