| Thursday, 3rd January 2019, 11:05 am

ഹര്‍ത്താലിനെതിരെ ചെറുത്തു നില്‍പ്പുമായി വ്യാപാരികള്‍; സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ കടകള്‍ തുറന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹര്‍ത്താലിനെതിരെ ചെറുത്തു നില്‍പ്പുമായി പൊലീസ് സംരക്ഷണയില്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വ്യാപാരികള്‍ കടകള്‍ തുറന്നു. കോഴിക്കോടും കൊച്ചിയിലും മലപ്പുറത്തും തിരുവനന്തപുരത്തും വ്യാപാരികള്‍ കടകള്‍ തുറന്നു.

കോഴിക്കോട് മിഠായിത്തെരുവിലും കൊടുവള്ളി, ഓമശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിലും കൊച്ചി ബ്രോഡ് വേയിയും തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും മലപ്പുറം പൊന്നാനിയിലുമാണ് വ്യാപാരികള്‍ കടകള്‍ തുറന്നത്.


വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി. നസിറുദ്ദീന്റെ കോഴിക്കോട് മിഠായിത്തെരുവിലുള്ള കടയാണ് ആദ്യം തുറന്നത്. വ്യാപാരികള്‍ ഒന്നിച്ചിറങ്ങിയാണ് കടകള്‍ ഓരോന്നായി തുറക്കുന്നത്. കൊച്ചിയില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ബ്രോഡ് വേയില്‍ നേരിട്ടെത്തിയാണ് കടകള്‍ തുറന്നത്.

അതേസമയം, പൊന്നാനിയില്‍ കട അടപ്പിക്കാനെത്തിയവര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ആലുവയിലും വളാഞ്ചേരിയിലും മലപ്പുറത്തും തുറന്ന കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു.

വ്യാപാര മേഖലയെ തന്നെ തകര്‍ക്കുന്നതാണ് ഇത്തരം ഹര്‍ത്താലുകള്‍ എന്നും 2500 കോടി രൂപയുടെ നഷ്ടമാണ് ഒരു ദിവസത്തെ ഹര്‍ത്താലിലൂടെ വ്യാപാരികള്‍ക്ക് ഉണ്ടാകുന്നതെന്നും കടകള്‍ തുറന്ന വ്യാപാരികള്‍ പറഞ്ഞു.


ഇത് തുടക്കം മാത്രമാണെന്നും ഇന്ന് കച്ചവടം നടക്കില്ലെന്ന് അറിയാമെങ്കിലും പ്രതിഷേധമായിട്ടാണ് കടകള്‍ തുറക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു.

അതേസമയം, ഹര്‍ത്താല്‍ അനുകൂലികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ അക്രമം അഴിച്ചു വിടുകയാണ്. സി.പി.ഐ.എം ഓഫീസുകള്‍ തകര്‍ത്തു. വിവിധ സ്ഥലങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. റോഡില്‍ കല്ലിട്ടും ടയര്‍ കത്തിച്ചും ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്.

ഫോട്ടോ കടപ്പാട്: മാധ്യമം

We use cookies to give you the best possible experience. Learn more