ഇന്ത്യയില്‍ വില്‍ക്കുന്ന മോഡലുകളുടെയെല്ലാം പെട്രോള്‍ വകഭേദം അവതരിപ്പാനൊരുങ്ങി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ്. സെപ്റ്റംബറോടെയാകും ഇവ ലഭ്യമായിത്തുടങ്ങുകയെന്ന് കമ്പനി അറിയിച്ചു. 2000 സിസിയിലേറെ എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ക്ക് ദല്‍ഹി രാജ്യതലസ്ഥാന മേഖലയില്‍ (എന്‍.സി.ആര്‍) ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി.
മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന വിപണിയാണ് എന്‍.സി.ആര്‍ അതുകൊണ്ടുതന്നെ മേഖലയിലെ ഡീസല്‍ വിലക്ക് നീക്കാന്‍ നടപടികളുണ്ടാവുമെന്ന പ്രതീക്ഷയിലാണു കമ്പനി. എങ്കിലും രണ്ടു മാസത്തിനകം ഇന്ത്യന്‍ മോഡല്‍ ശ്രേണിക്ക് പൂര്‍ണമായി തന്നെ പെട്രോള്‍ വകഭേദം അവതരിപ്പിക്കുമെന്നു മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ റോളണ്ട് ഫോള്‍ജര്‍ അറിയിച്ചു.
അടിസ്ഥാനപരമായി കമ്പനിയുടെ എല്ലാ മോഡലുകള്‍ക്കും പെട്രോള്‍ വകഭേദം ലഭ്യമായതിനാല്‍ ഇതത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഉപയോക്താക്കള്‍ക്കു കൂടുതല്‍ വൈവിധ്യം ഉറപ്പാക്കാന്‍ കഴിഞ്ഞ വര്‍ഷം മധ്യത്തില്‍തന്നെ ഇതുസംബന്ധിച്ച തീരുമാനം കമ്പനി സ്വീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പോരെങ്കില്‍ 10 വര്‍ഷം മുമ്പ് മെഴ്‌സിഡീസിന്റെ പക്കല്‍ പെട്രോള്‍ എന്‍ജിനുകള്‍ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം വെല്ലുവിളികള്‍ കമ്പനിക്ക് അസ്വാഭാവികത സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.