| Friday, 5th October 2018, 11:27 pm

മെര്‍സിഡസ് എസ്.യു.വി എ.എം.ജി G63 വിപണിയില്‍; ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്ന ഏക മെര്‍സിഡസ് ജി-ക്ലാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

2018 മെര്‍സിഡസ് എ.എം.ജി G63 വിപണിയില്‍. 2.19 കോടി രൂപയാണ് ജര്‍മ്മന്‍ എസ്.യു.വിയുടെ വില. രൂപത്തിലും ഭാവത്തിലും പരിഷ്‌ക്കാരങ്ങളോടെയാണ് പുതിയ G63 എ.എം.ജിയുടെ വരവ്. ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്ന ഏക മെര്‍സിഡസ് ജി-ക്ലാസ് എന്ന വിശേഷണവും G63 എ.എം.ജിയ്ക്കുണ്ട്. ഓഫ്‌ റോഡ്‌ വാഹനമാണിത്.

പരമ്പരാഗത ചതുര ഘടനയാണ് പുതിയ മെര്‍സിഡസ് എ.എം.ജി G63 പിന്തുടരുന്നതെങ്കിലും കുത്തനെയുള്ള സ്ലാറ്റുകളും ട്രാപസോഡിയല്‍ ഗ്രില്‍ ശൈലിയും മോഡലിന്റെ മുഖച്ഛായ മാറ്റിയിട്ടുണ്ട്. 21 ഇഞ്ച് ഏഴു സ്പോക്ക് അലോയ് വീലുകളാണ് G63 എ.എം.ജിയില്‍.


വലതുവശം ചേര്‍ന്ന പുകക്കുഴലുകളും 241 mm ഗ്രൗണ്ട് ക്ലിയറന്‍സും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്‍സ്ട്രമെന്റ് കണ്‍സോളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാവും കുടിയിരിക്കുന്ന 12.3 ഇഞ്ച് ഡിസ്പ്ലേയാണ് അകത്തളത്തിലെ മുഖ്യാകര്‍ഷണം.

എസ്.യു.വിയിലുള്ള 4.0 ലിറ്റര്‍ ബൈടര്‍ബോ V8 എഞ്ചിന്‍ 585 bhp കരുത്തും 850 Nm torque മാണ് പരമാവധി സൃഷ്ടിക്കുക. മുന്‍ തലമുറകളില്‍ ഇരട്ട ടര്‍ബോ ചാര്‍ജറുള്ള 5.5 ലിറ്റര്‍ V8 എഞ്ചിനാണ് കമ്പനി ഉപയോഗിച്ചിരുന്നത്.

ഒമ്പതു സ്പീഡ് എ.എം.ജി സ്പീഡ്ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേന നാലു ചക്രങ്ങളിലേക്കും കരുത്തെത്തും. ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ 4Matic ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും മോഡലിന് ലഭിക്കുന്നുണ്ട്.


പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം പിന്നിടാന്‍ എസ്.യു.വിക്ക് 4.5 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 220 കിലോമീറ്ററാണ് എസ്.യു.വിയുടെ പരമാവധി വേഗം. എ.എം.ജി ഡ്രൈവര്‍ പാക്കേജ് തെരഞ്ഞെടുത്താല്‍ പരമാവധി വേഗം 240 കിലോമീറ്ററായി വര്‍ധിക്കും.

കംഫര്‍ട്ട്, സ്പോര്‍ട്, സ്പോര്‍ട് പ്ലസ് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകളുണ്ട് എസ്.യു.വിയില്‍. വിപണിയില്‍ റേഞ്ച് റോവര്‍ സ്പോര്‍ട് SVR, പോര്‍ഷ കയെന്‍ ടര്‍ബോ, ബി.എം.ഡബ്ല്യു X5M മോഡലുകളുമായാണ് മെര്‍സിഡീസ് ബെന്‍സ് AMG G63 ന്റെ പ്രധാന എതിരാളികള്‍.

We use cookies to give you the best possible experience. Learn more